പ്രതീകാത്മക ചിത്രം |ഫോട്ടോ:AP
തിരുവനന്തപുരം: ഇസ്ലാമിക നിയമപ്രകാരമുള്ള വിവാഹത്തിന് (നിക്കാഹ്) വരന്റെ സാന്നിധ്യം അനിവാര്യമാണെന്നും അല്ലാതെയുള്ളവ നിയമപ്രാബല്യം ഇല്ലാത്തതിനാല്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്നുമുള്ള തീരുമാനത്തില്‍ തുടര്‍നടപടി നിര്‍ത്തിവെച്ചു. നിയമസാധുത ഇല്ലെന്നാണ് നിയമോപദേശം ലഭിച്ചതെങ്കിലും സര്‍ക്കാരിന്റെ ഉപദേശം തേടുമെന്ന് മുഖ്യരജിസ്ട്രാര്‍ ജനറല്‍ കൂടിയായ പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശന് പറഞ്ഞു.
പട്ടാമ്പിയില്‍ ഡിസംബറില്‍ വരന് പങ്കെടുക്കാതെ വക്കാലത്ത് നല്കി നടത്തിയ വിവാഹത്തിന് നിയമപ്രാബല്യമില്ലെന്ന് വ്യാഴാഴ്ച പാലക്കാട് ഡെപ്യൂട്ടി ഡയറക്ടര്‍ക്കുള്ള കത്തില്‍ മുഖ്യരജിസ്ട്രാര്‍ ജനറല്‍ പറഞ്ഞിരുന്നു. എന്നാല്‍, സര്‍ക്കാരില്‍നിന്ന് വ്യക്തത വരുത്തിയശേഷം തുടര്‍നടപടി മതിയെന്നാണ് ശനിയാഴ്ചത്തെ തീരുമാനം.
2021 ഡിസംബര്‍ 24-നായിരുന്നു വിവാഹം. ടി.കെ. സലീല്‍ മുഹമ്മദും കെ.പി. ഫര്സാനയുമായിരുന്നു വധൂവരന്മാര്. വിദേശത്തായിരുന്ന സലീല്‍ മുഹമ്മദിന് വിവാഹത്തില്‍ പങ്കെടുക്കാനായില്ല. നിക്കാഹ് സ്വീകരിക്കാന്‍ പിതൃസഹോദരന് വക്കാലത്ത് നല്കി. മേയ് 16-ന് പട്ടാമ്പി നഗരസഭയില്‍ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ അപേക്ഷിച്ചു.
2008-ലെ വിവാഹ രജിസ്ട്രേഷന് (പൊതു) ചട്ടങ്ങള്‍പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാമോ എന്ന ചോദ്യമുയര്‍ന്നു. ഇസ്ലാമിക നിയമപ്രകാരമുള്ള വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ വിവാഹത്തിന് വരന്റെ സാന്നിധ്യം അനിവാര്യമാണെന്ന നിയമോപദേശമാണ് രജിസ്ട്രേഷന് വിഭാഗത്തിനു കിട്ടിയത്.
നിക്കാഹ് സുഭദ്രമായ ഉടമ്പടി
നിക്കാഹിനെ സുഭദ്രമായ ഉടമ്പടിയെന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. വരന്, വധു, വധുവിന്റെ രക്ഷിതാവ്, സാക്ഷികള്‍, നിശ്ചിത വചനങ്ങള്‍ എന്നിങ്ങനെ അഞ്ചുഘടകങ്ങളാണ് നിക്കാഹിനുള്ളത്. വധുവിന്റെ രക്ഷിതാവും വരനും നേരിട്ട് നിക്കാഹ് നടത്തണമെന്ന് നിര്‍ബന്ധമില്ല. അവര്‍ക്കുവേണ്ടി പ്രതിനിധികളെ വക്കാലത്ത് ഏല്‍പ്പിച്ചാല്‍ മതി. വീഡിയോകോണ്‍ഫറന്‍സ് വഴിയുള്ള നിക്കാഹ് സാധുവല്ല. വരനോ വധുവിന്റെ രക്ഷിതാവിനോ നിക്കാഹിനെത്താന് സൗകര്യപ്പെട്ടില്ലെങ്കില്‍ വക്കാലത്ത് മുഖേന നിക്കാഹ് ചെയ്യാവുന്നതും ഇത് വീഡിയോകോണ്‍ഫറന്‍സ് വഴി അവര്‍ക്ക് വീക്ഷിക്കാവുന്നതുമാണ്. -സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍സെക്രട്ടറി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..