പാലത്തുംകടവിൽ ബാരാപോൾ പാലത്തിന് സമീപം റോഡിലെ അടയാളപ്പെടുത്തൽ
ഇരിട്ടി: മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തോട് അതിരിടുന്ന അയ്യൻകുന്ന് പഞ്ചായത്തിലെ വിവിധ വാർഡുകളിലായി അടയാളപ്പെടുത്തൽ നടത്തിയതിൽ വ്യക്തത വന്നില്ല. വീടും കൃഷിയിടവും ഉൾപ്പെടുന്ന ഏക്കർ കണക്കിന് പ്രദേശമാണ് അടയാളപ്പെടുത്തിയത്.
കേരളവും കർണാടകവും അതിർത്തി പങ്കിടുന്ന വനമേഖലയോട് ചേർന്നുള്ള പ്രദേശമാണിത്. കർണാടക വനംവകുപ്പാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ട്. എന്നാൽ കുടക് ജില്ലാ ഭരണകൂടം ഇത് നിഷേധിച്ചതോടെ സംഭവത്തിൽ ദുരൂഹത ഏറുകയാണ്. മൂന്നുദിവസമായി വനം, റവന്യൂ വകുപ്പുകളും പോലീസും മേഖലയിൽ പരിശോധന തുടരുന്നു. എങ്കിലും അടയാളപ്പെടുത്തലിന് പിന്നിലെ ലക്ഷ്യങ്ങളും അതിന് സഹായിച്ചവരെയുംപറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ല.
വനംമന്ത്രിയുടെ നിർദേശപ്രകാരം ഉത്തരമേഖല സി.സി.എഫ്. കെ.എസ്.ദീപ, ഡി.എഫ്.ഒ. പി.കാർത്തിക്, കൊട്ടിയൂർ റെയ്ഞ്ചർ സുധീർ നെരോത്ത് എന്നിവരും കളക്ടറുടെ നിർദേശപ്രകാരം എ.ഡി.എം. കെ.കെ.ദിവാകരൻ, ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശൻ എന്നിവരും കരിക്കോട്ടക്കരി സി.ഐ. പി.ബി.സജീവന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
കളിതട്ടുംപാറ റോഡിലാണ് ആദ്യം അടയാളപ്പെടുത്തൽ കണ്ടത്. അടയാളപ്പെടുത്തിയ പ്രദേശവും കർണാടകയുടെ ബ്രഹ്മഗിരി വന്യജീവി സങ്കേതവും തമ്മിൽ മൂന്നുകിലോമീറ്ററോളം അകലമുണ്ട്. വനമേഖലയോടു ചേർന്നുള്ള ഒരുകിലോമീറ്റർ ആകാശദൂരം കരുതൽമേഖലയായി കണക്കാക്കിയാൽ ഇത് പരിസ്ഥിതി ലോലമേഖലയായി മാറും. ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയുടെ പവർഹൗസ്, പാലത്തുംകടവ് കെ.എസ്.ടി.പി. റോഡ്, എടപ്പുഴ, കൂമൻതോട് ഭാഗങ്ങളിലായി 14 ഇടങ്ങളിലാണ് അടയാളപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. കൃഷിഭൂമിയും 500-ൽ അധികം വീടുകളും ഉൾപ്പെടുന്ന പ്രദേശമാണിത്.
ആരെന്നറിയാതെ അധികൃതർ
അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസമേഖലയിലും കൃഷിയിടങ്ങളിലും അടയാളപ്പെടുത്തലുകൾ നടത്തിയത് ആരാണ്? ഉത്തരം കണ്ടെത്താനാകാതെ അധികൃതർ കുഴയുകയാണ്.
അതിർത്തിപ്രദേശം എന്ന നിലയിലും വന്യജീവിസങ്കേതത്തോട് ചേർന്നുള്ള ജനവാസമേഖല എന്ന നിലയിലും ഏറെ പ്രാധാന്യമുണ്ട്.
എല്ലാ അടയാളപ്പെടുത്തലുകളും കർണാടകയുടെ ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിൽനിന്ന് നിശ്ചിത അകലത്തിലുമാണ്. രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ അതിരിടുന്ന വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളെ കരുതൽമേഖലയിൽനിന്ന് ഒഴിവാക്കണമെന്നാണ് വ്യവസ്ഥ. അതുകൊണ്ട് ഇക്കാര്യത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
എന്നാലും എല്ലാ ഇടങ്ങളിലും സമാനരീതിയിലുള്ള അടയാളപ്പെടുത്തലിന് പിന്നിലെ ലക്ഷ്യമെന്തെന്നകാര്യം വനംവകുപ്പിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഇതിന് ഔദ്യോഗികതലം ഇല്ലാത്തതിനാൽ കാര്യമാക്കേണ്ടെന്ന നിലപാടാണ് റവന്യൂവകുപ്പിനുള്ളത്.
പാലത്തുംകടവിൽ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയുടെ കനാലിന് സമീപം അടയാളപ്പെടുത്തലിന് ആളുകൾ എത്തിയത് ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ കർഷകനായ ജോർജ് കുന്നത്ത് പാലക്കലിൽനിന്ന് അധികൃതർ വിവരങ്ങൾ ശേഖരിച്ചു. കന്നഡ ഭാഷ സംസാരിക്കുന്ന മൂന്നുപേർ ഇവിടെയെത്തി ഉപകരണങ്ങൾ ഉപയോഗിച്ച് മാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായും ഇദ്ദേഹം പറഞ്ഞു .
പോലീസ് സംഘം കൂടുതൽ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം പാലത്തുംകടവിലും കളിത്തട്ടുംപാറയിലും കണ്ട കാർ ഏതെന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ കാറിന്റെ നമ്പർ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
കിളിയന്തറ, കൂട്ടുപുഴ ചെക്പോസ്റ്റുകളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കാനുള്ള നടപടികളും തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് അംഗം ബിജോയി പ്ലാത്തോട്ടം, ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിൻസ്, ബിജിനിത്ത് കുറുപ്പൻപറമ്പ് എന്നിവരും നിരവധി കർഷകരും സ്ഥലത്തെത്തിയിരുന്നു.
രഹസ്യാന്വേഷണ വിഭാഗവും പരാജയപ്പെട്ടു
:ഇപ്പോൾ അടയാളപ്പെടുത്തലുകൾ ശ്രദ്ധയിൽപ്പെട്ട പ്രദേശങ്ങൾ മാവോവാദി സാന്നിധ്യമുള്ള പ്രദേശമാണ്. നേരത്തേ ഇവിടെ പലതവണ മാവോവാദികളെ പ്രദേശവാസികൾ കണ്ടതും അന്വേഷണവിഭാഗം ഇത് സ്ഥിരീകരിച്ചതുമാണ്. പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിരീക്ഷണമുള്ള പ്രദേശമായിട്ടും അടയാളപ്പെടുത്തൽ നടത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും തെളിവില്ലാതെ പോകുകയാണ്.
Content Highlights: Marking on Kerala Land, Mysteriousness-Investigation started
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..