കോഴിക്കോട്:  സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ടിന് മറുപടിയുമായി മന്ത്രി കെ.ടി. ജലീല്‍. അദാലത്ത് നടത്തിയത് തനിക്ക് എന്തെങ്കിലും നേട്ടമുണ്ടാക്കാനായിരുന്നില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഓരോ സര്‍വകലാശാലയിലും ഫയലുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുകയാണ്. വിദ്യാര്‍ഥികളില്‍ നിന്നും പല അധ്യാപകരില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചതില്‍ നിന്നാണ് അത്തരത്തിലൊരു അദാലത്ത് നടത്തിയത്. 

ഇതിനുമുമ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്തുകൊണ്ട് എം.ജി യൂണിവേഴ്‌സിറ്റിയില്‍ അദാലത്ത് നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് അദാലത്ത് നടത്തിയത്. 

എന്നാല്‍ അക്കാര്യത്തില്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കിട്ടിയാല്‍ അതേപ്പറ്റി പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. 

നിയമം ലംഘിച്ചുകൊണ്ടല്ല ഒരാളുടെ പരാതി പരിഹരിക്കേണ്ടതെന്നും നിയമത്തിനുള്ളില്‍ നിന്നുവേണം പരാതികള്‍ പരിഹരിക്കേണ്ടതെന്നുമുള്ള ഗവര്‍ണറുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഗവര്‍ണര്‍ക്ക് അങ്ങനെ പറയാന്‍ അവകാശമുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. 

സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കിയത് നിയമവിരുദ്ധമെന്ന് പറഞ്ഞ ആളാണ് ഗവര്‍ണര്‍. അതിന്റെ അടിസ്ഥാനത്തില്‍ താനടക്കമുള്ളവര്‍ നേരത്തെ തന്നെ കുറ്റവാളികളാണെന്നും മന്ത്രി പറഞ്ഞു. 

എല്ലാ സര്‍വകലാശാലകളും നിയമവിധേയമായി തന്നെ പ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. പരാതി പരിഹരിക്കുമ്പോള്‍ നിയമം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Content Highlights: Mark Moderation Controversy, k t Jaleel , Governor