കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ ജനുവരി 11,12 തീയതികളിലായി പൊളിക്കും. കൊച്ചിയില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സാങ്കേതികമായ ചില കാരണങ്ങളാലാണ് ഫ്‌ളാറ്റ് പൊളിക്കല്‍ ജനുവരിയിലേക്ക് നീട്ടിയതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. 

അതേസമയം, മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ എത്രത്തോളം സ്‌ഫോടക വസ്തുക്കള്‍ വേണമെന്ന കാര്യത്തില്‍ വരുദിവസങ്ങളില്‍ തീരുമാനമെടുക്കും. 

ആദ്യദിവസമായ ജനുവരി 11-ന് ആല്‍ഫ സെറീന്‍, ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റുകളായിരിക്കും നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ പൊളിക്കുക. തൊട്ടടുത്തദിവസം ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് സമുച്ചയങ്ങളും സമാനരീതിയില്‍ പൊളിച്ചുനീക്കും. അതിനിടെ, ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കാലതാമസമുണ്ടായതിനുള്ള വിശദീകരണം സുപ്രീംകോടതിയെ അറിയിക്കാനും തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ ധാരണയായി. 

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. 

Content Highlights: maradu flats demolition dates confirmed