ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍നിന്ന് അണുവിട പോലും പിന്നോട്ടു പോവില്ലെന്ന് സുപ്രീം കോടതി. എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നിര്‍മാതാക്കള്‍ നല്‍കണമെന്നും ഇതിനായി 20 കോടി കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ആദ്യ ഘട്ട നഷ്ടപരിഹാരം ആയി 25 ലക്ഷം നല്‍കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവ് ഇട്ടിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് 25 ലക്ഷം നല്‍കാന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി ശുപാര്‍ശ ചെയ്യുന്നില്ല  എന്ന് ഫ്‌ളാറ്റ് ഉടമകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വില്‍പ്പന കരാറില്‍ തുക കുറച്ച് കാണിച്ചെങ്കിലും, ബാങ്ക് ലോണിനും മറ്റും വന്‍ തുക തങ്ങള്‍ ചെലവഴിച്ചിട്ടുണ്ട് എന്ന് ഫ്‌ളാറ്റ് ഉടമകള്‍ വാദിച്ചു. രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ഉടമകള്‍ വ്യക്തമാക്കി.

ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ മാനദണ്ഡം പ്രകാരം ഫ്‌ളാറ്റിന്റെ വില പരിശോധിച്ച് നഷ്ടപരിഹാരം നിശ്ചയിച്ചത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതേ തുടര്‍ന്നാണ് നഷ്ട പരിഹാരത്തിന് സമിതിയെ സമീപിച്ച എല്ലാവര്‍ക്കും  25 ലക്ഷം വീതം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.

എന്നാല്‍ ഈ തുകയ്ക്ക് ഉള്ള രേഖകള്‍ ഫ്‌ളാറ്റ് ഉടമകള്‍ പിന്നീട് ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നഷ്ട പരിഹാരത്തുക നല്‍കാന്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ 20 കോടി രൂപ കെട്ടി വയ്ക്കണം. ഈ തുക നല്‍കുന്നതിനായി ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ  ബാങ്ക് അക്കൗണ്ടുകള്‍ മരിപ്പിച്ച മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭാഗികമായി ഭേദഗതി വരുത്തി.  സംസ്ഥാന സർക്കാർ പണം ഈടാക്കി ഫ്‌ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷംവെച്ച് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.  ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് താത്കാലികമായി നിർത്തിവയ്ക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി.

ഫ്‌ളാറ്റുകള്‍ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് ഫ്‌ളാറ്റുടമകളുടെ സംഘടന നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍നിന്ന് ഒരിഞ്ചുപോലും പുറകോട്ട് പോകില്ലെന്നും കോടതി പറഞ്ഞു.

Content Highlights: Maradu flats case, SC orders Rs 25 Lakh interim compensation to each flat owner