കൊച്ചി: പുനരധിവാസം ഉറപ്പാക്കാതെ മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് ഇറങ്ങില്ലെന്ന് ഫ്‌ളാറ്റുടമകള്‍. മതിയായ താമസസൗകര്യം ഉറപ്പാക്കിയാല്‍ രണ്ടാഴ്ചയ്ക്കകം ഇറങ്ങാമെന്നാണ് ഉടമകളുടെ നിലപാട്. മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് നിലപാട് കടുപ്പിച്ച് ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. 

ആളുകളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ ബുധനാഴ്ച ഫ്‌ളാറ്റുകളിലെത്തിയിരുന്നു. സാവകാശം നീട്ടിനല്‍കണമെന്നും വീട്ടുപകരണങ്ങളും മറ്റും മുകളിലെ നിലകളില്‍നിന്ന് താഴെയിറക്കാന്‍ മതിയായ ലിഫ്റ്റ് സൗകര്യങ്ങളില്ലെന്നും താമസക്കാര്‍ നഗരസഭ സെക്രട്ടറിയെ അറിയിച്ചു.

എന്നാല്‍ ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞുപോകാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കുമെന്നും താത്കാലികമായി പുന:സ്ഥാപിച്ച വൈദ്യുതിബന്ധവും അന്നേദിവസം വിച്ഛേദിക്കുമെന്നും അധികൃതര്‍ ഉടമകളോട് വ്യക്തമാക്കി. ഒഴിഞ്ഞുപോകാനുള്ള സമയപരിധി 16-ാം തീയതി വരെ നീട്ടിയാല്‍ ഉപകാരപ്രദമാകുമെന്നായിരുന്നു താമസക്കാരുടെ പ്രതികരണം. 

ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിന്റെ ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ ഐ.എ.എസ്. ബുധനാഴ്ച വൈകിട്ട് ഫ്‌ളാറ്റുകളില്‍ എത്തിയപ്പോഴും ഉടമകള്‍ തങ്ങളുടെ പരാതികള്‍ അറിയിച്ചു. എന്നാല്‍ സമയപരിധി നീട്ടിനല്‍കാനാകില്ലെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി. ഇത് സുപ്രീംകോടതി വിധിയാണെന്നും, നടപ്പാക്കാതിരുന്നാല്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്നും സബ് കളക്ടര്‍ ഉടമകളെ അറിയിച്ചു. 

ഒഴിഞ്ഞുപോകുന്നവര്‍ക്കായി സര്‍ക്കാര്‍ നല്‍കിയ താത്കാലിക താമസസൗകര്യങ്ങളില്‍ പലയിടത്തും ഒഴിവില്ലെന്ന് ഫ്‌ളാറ്റുടമകള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു.

പട്ടികയിലുള്ള മിക്ക ഫ്‌ളാറ്റുകളിലും നിലവില്‍ താമസക്കാരുണ്ടെന്നും ചിലയിടത്ത് ഉയര്‍ന്നവാടകയാണ് ചോദിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. അതിനിടെ, മരടിലെ ഫ്‌ളാറ്റുകളില്‍ വാടകയ്ക്ക് താമസിക്കുന്നവരില്‍ ഭൂരിഭാഗംപേരും ഒഴിഞ്ഞുപോയിത്തുടങ്ങി. 

Content Highlights: maradu flat issue; flat owners wants more time to evacuate, protest in maradu flats