കൊച്ചി: മരടിലെ ഫ്‌ളാറ്റുടമകള്‍ നിരാഹാരസമരം അവസാനിപ്പിച്ചു. ജില്ലാ കളക്ടറും സബ്കളക്ടറും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞുപോകാമെന്നും എന്നാല്‍ കൃത്യമായ നഷ്ടപരിഹാരം കിട്ടിയില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്നും ഉടമകള്‍ അറിയിച്ചു. 

മാറിത്താമസിക്കുന്നതിന് ആവശ്യമായ വാടക സര്‍ക്കാര്‍ നല്‍കണമെന്ന് ഫ്‌ളാറ്റുടമകള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാകളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി ബന്ധവും വെള്ളവും പുനഃസ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ചയില്‍ അംഗീകരിച്ചു. തുടര്‍ന്ന് വൈകിട്ടോടെ വൈദ്യുതിബന്ധവും വെള്ളവും പുനഃസ്ഥാപിച്ചുനല്‍കി. ഫ്‌ളാറ്റുകള്‍ ഒഴിയേണ്ടിവരുന്നവര്‍ക്ക് താമസസൗകര്യം ഉറപ്പാണെന്നും ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.

പ്രാഥമിക നഷ്ടപരിഹാരത്തുക ഉടന്‍ നല്‍കണം, ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കണം, വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കണം,പുതിയ താമസസൗകര്യം എവിടെയാണെന്ന് ബോധ്യപ്പെടുത്തണം, അതിനുള്ള വാടക സര്‍ക്കാര്‍ നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ ഞായറാഴ്ച രാവിലെ മുതല്‍ നിരാഹാരസമരം ആരംഭിച്ചത്. ഇതില്‍ ചില ആവശ്യങ്ങള്‍ അധികൃതര്‍ അംഗീകരിച്ചതായും കോടതിവിധിയുടെ പരിധിക്കുള്ളില്‍നിന്ന് എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും ഫ്‌ളാറ്റ് ഉടമകള്‍ പ്രതികരിച്ചു. 

Content Highlights: maradu flat; flat owners end their hunger strike after discussion with collector