കൊച്ചി: മരടിലെ ഫ്‌ളാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ ബദല്‍മാര്‍ഗങ്ങള്‍ തേടി ഫ്‌ളാറ്റ് ഉടമകള്‍. ഡീസല്‍ ജനറേറ്ററുകളും വലിയ കാനുകളിലും മറ്റും കുടിവെള്ളവും എത്തിച്ചാണ് ഫ്‌ളാറ്റ് ഉടമകള്‍ പ്രതിഷേധം തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. 

പ്രതിഷേധത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി റാന്തല്‍ സമരം നടത്തുമെന്നും ഉടമകള്‍ അറിയിച്ചു. 

ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായാണ് നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളിലെയും വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി. വിച്ഛേദിച്ചത്. ഇതോടൊപ്പം ഫ്‌ളാറ്റുകളിലേക്കുള്ള ജലവിതരണം ജല അതോറിറ്റിയും നിര്‍ത്തിവെച്ചിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അധികൃതര്‍ ഈ നടപടികള്‍ സ്വീകരിച്ചത്. 

എന്നാല്‍ വൈദ്യുതിയും വെള്ളവും നിഷേധിച്ചാലും ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോകില്ലെന്നാണ് ഉടമകളുടെ നിലപാട്. സെപ്റ്റംബര്‍ 29-നകം ഉടമകളെ പൂര്‍ണമായും ഒഴിപ്പിച്ച് ഫ്‌ളാറ്റ് പൊളിക്കാനുള്ള പ്രവര്‍ത്തികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം. 

Content Highlights: maradu flat; flat owners arranged generators for electricity and water cans