കൊച്ചി: മരടിലെ മൂന്ന് ഫ്‌ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. എന്നാല്‍ ബലം പ്രയോഗിച്ച് ആരെയും ഒഴിപ്പിക്കില്ലെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ പറഞ്ഞു. ലിഫ്റ്റ് ഉള്‍പ്പടെ ഫ്‌ളാറ്റുകളിലെ പൊതു ഇടങ്ങളിലെ വൈദ്യുതി പുന:സ്ഥാപിക്കുന്നത് പരിഗണിക്കാമെന്നും സബ് കളക്ടര്‍ ഉറപ്പ് നല്‍കി. നഗരസഭ ഉദ്യോഗസ്ഥര്‍ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ച് താമസക്കാരുമായി സംസാരിച്ചു. ഇന്ന് മൂന്നു ഫ്‌ളാറ്റുകളിലെ താമസക്കാരെ കണ്ടാണ് ഉദ്യോഗസ്ഥര്‍ വിവരം ധരിപ്പിക്കുന്നത്‌.

ഉടമകളെ നേരില്‍ കണ്ട് ഒഴിയാന്‍ ആവശ്യപ്പെടും. കൂടുതല്‍ സമയം വേണമെന്നുള്ള താമസക്കാരുടെ ആവശ്യം ചര്‍ച്ച ചെയ്യും. പക്ഷെ ഒക്ടോബര്‍ മൂന്ന് എന്ന തീയതിക്ക്‌ അപ്പുറത്തേക്ക് പോകാന്‍ കഴിയില്ല. ഇക്കാര്യങ്ങള്‍ ഫ്‌ളാറ്റുകളിലെ താമസക്കാരെ നേരിട്ട് ബോധ്യപ്പെടുത്തുമെന്നും സ്‌നേഹില്‍ കുമാര്‍ വ്യക്തമാക്കി. മരട് നഗരസഭയുമായുള്ള യോഗത്തിന് ശേഷമായിരുന്നു സ്‌നേഹില്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്‌.

എന്നാല്‍ നിയമപ്രകാരമുള്ള ഒഴിപ്പിക്കല്‍ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മരട് ഭവന സംരക്ഷണ സമിതി പറഞ്ഞു. താമസിക്കാനുള്ള സ്ഥലം നഗരസഭ കണ്ടെത്തി നല്‍കണം. വാടക സര്‍ക്കാര്‍ നല്‍കണം. പ്രാഥമിക നഷ്ടപരിഹാര തുക ലഭിക്കാതെ ഫ്‌ളാറ്റ് വിട്ടിറങ്ങില്ലെന്നും ഫ്‌ളാറ്റുടമകള്‍ വ്യക്തമാക്കി. 

പകരം താമസം ഒരുക്കിയിരിക്കുന്നത് എവിടെയാണെന്ന് ബോധ്യപ്പെടുത്തണം. ഫ്‌ളാറ്റിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ താമസ സൗകര്യം സ്വീകരിക്കില്ല. ഫ്‌ളാറ്റ് പൊളിക്കുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ തങ്ങളെയും ബാധിക്കും. ഒഴിയാന്‍ ഒരു മാസമെങ്കിലും സമയം വേണമെന്നും താമസക്കാര്‍ വ്യക്തമാക്കി.

content highlights: Maradu Flat evacuation process will be started today