കൊച്ചി: നഷ്ടപരിഹാരം ആവശ്യപ്പെട്ട് മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ സുപ്രീം കോടതി നിയോഗിച്ച നഷ്ടപരിഹാര സമിതിയെ സമീപിച്ചു. സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദ്ദേശിച്ച ഫ്‌ളാറ്റ് സമുച്ഛയത്തില്‍ തങ്ങള്‍ക്കും ഫ്‌ളാറ്റുകളുണ്ടെന്ന് അവകാശപ്പെട്ടാണ് നിര്‍മാതാക്കള്‍ സമിതിയെ സമീപിച്ചത്. ഗോള്‍ഡന്‍ കായലോരം കമ്പനിയുടെ ഉടമകളാണ് അപേക്ഷ നല്‍കിയത്. 

ഫ്‌ളാറ്റ് ഉടമകളുടെ നഷ്ടം നികത്തേണ്ട ഫ്‌ളാറ്റ് നിര്‍മാതാക്കളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ആദ്യ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിനോടാണ് സുപ്രീം കോടതി ഫ്‌ളാറ്റ് ഉടമകളുടെ നഷ്ടം നികത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സമിതിയുടെ നിര്‍ദേപ്രകാരം 25 ലക്ഷം രൂപ വീതം ഓരോ ഫ്‌ളാറ്റ് ഉടമകള്‍ക്കും നല്‍കുന്നത്. 

എന്നാല്‍ തങ്ങളുടെ മക്കള്‍ക്കും ഈ ഫ്‌ളാറ്റ് സമുച്ഛയത്തില്‍ ഫ്‌ളാറ്റുകളുണ്ട്. അതുകൊണ്ട് തങ്ങളുടെ നഷ്ടവും നികത്തണം എന്ന ആവശ്യവുമായാണ് നഷ്ടപരിഹാര സമിതിക്ക് മുന്‍പില്‍ രണ്ട് ഫ്‌ളാറ്റ് ഉടമകള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അവരുടെ മകനും മകള്‍ക്കും ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് സമുച്ഛയത്തില്‍ ഫ്‌ളാറ്റുകളുണ്ടെന്നും അതില്‍ നഷ്ടം നികത്തണമെന്നുമാണ് ഇവരുടെ ആവശ്യം. 

സമിതി ഈ അപേക്ഷകള്‍ പരിശോധിക്കുകയാണ്. ഇത് സംബന്ധിച്ച തീരുമാനം വരും ദിവസങ്ങളില്‍ ഉണ്ടായേക്കും.

content highlights: Maradu Flat developers also seek compensation