ജി. പൂങ്കുഴലി

പോലീസിനെ ഫീല്‍ഡില്‍ പൂര്‍ണമായി നിയന്ത്രിക്കുന്ന ചുമതലയാണ് ഡി.സി.പി. ജി. പൂങ്കുഴലി നിര്‍വഹിച്ചത്. ശനിയാഴ്ച ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യിലും ആല്‍ഫ സെറീനിലുമായി 1600 ക്രമസമാധാന പോലീസുകാരും 300 ട്രാഫിക് പോലീസുകാരുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഏകോപനം ഡി.സി.പി.ക്കായിരുന്നു. 2014 ബാച്ച് ഐ.പി.എസുകാരിയാണ്.

സ്‌നേഹില്‍കുമാര്‍ സിങ്

ഫ്‌ളാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്ങിന് കഴിഞ്ഞദിവസംവരെ വില്ലന്‍ പരിവേഷമായിരുന്നു. സമീപവാസികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നായിരുന്നു ആക്ഷേപം. ഫ്‌ളാറ്റുകള്‍ വീഴുമ്പോള്‍ സമീപത്തുള്ള ഒറ്റവീടിനും ഒന്നുംസംഭവിക്കില്ലെന്ന് സ്നേഹില്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും പലര്‍ക്കും വിശ്വാസംവന്നില്ല. ഒടുവില്‍ എല്ലാം ശുഭമായി അവസാനിക്കുമ്പോള്‍ സ്നേഹില്‍ ഹീറോയാകുകയാണ്. 2016 ഐ.എ.എസ്. ബാച്ചുകാരനാണ് സ്നേഹില്‍കുമാര്‍ സിങ്. റൂര്‍ക്കി ഐ.ഐ.ടി.യില്‍നിന്ന് സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയശേഷമാണ് സിവില്‍ സര്‍വീസില്‍ എത്തിയത്.

എസ്. സുഹാസ് 

സ്ഫോടനം സുഗമമായി നടക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ പിന്തുണ നല്‍കുകയായിരുന്നു ജില്ലാ കളക്ടറുടെ ചുമതല. സ്ഫോടനത്തില്‍ എന്തെങ്കിലും പാളിച്ച സംഭവിച്ചാല്‍ പഴി മുഴുവന്‍ കേള്‍ക്കേണ്ടിവരും. നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ സ്നേഹില്‍കുമാര്‍ എപ്പോഴും കളക്ടറെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ സ്ഫോടനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആദ്യം അദ്ദേഹം നേരിട്ടിടപെട്ടിരുന്നില്ല. എറണാകുളത്തിന്റെ 30-ാം കളക്ടറായ ഇദ്ദേഹം 2012 ഐ.എ.എസ്. ബാച്ചുകാരനാണ്. ബെംഗളൂരു സ്വദേശി.

വിജയ് സാഖറെ

സ്നേഹില്‍കുമാറിന് പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു വിജയ് സാഖറെയുടെ ദൗത്യം. സ്ഫോടനദിവസത്തിന്റെ തലേന്ന് മുതല്‍ രണ്ടായിരത്തോളം പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചത്. കളക്ടര്‍ ഒപ്പംനില്‍ക്കുമ്പോഴും പലപ്പോഴും മാധ്യമങ്ങളോട് സംസാരിച്ചതും കമ്മിഷണറാണ്. സ്ഫോടന ദിവസങ്ങളില്‍ കണ്‍ട്രോള്‍ റൂമില്‍ പൂര്‍ണസമയ സാന്നിധ്യം. 1996 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥന്‍.

Content Highlights: who is behind maradu flat demolition mission