റണാകുളം മരട് നഗരസഭയിലെ തീരപരിപാലന മേഖലയിൽ അനധികൃതമായി നിർമിച്ച അഞ്ച് ഫ്ളാറ്റ്സമുച്ചയങ്ങൾ പൊളിച്ചുനീക്കാനുള്ള  സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് മരട് ഫളാറ്റ് സമുച്ചയത്തിന്റെ പൊളിച്ചു നീക്കൽ നടപടികളെ കുറിച്ച് കേരളം ആശങ്കയിലേക്ക് നീങ്ങിയത്. ഉത്തര തീരദേശപരിപാലന ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര, നവീൻ സിൻഹ എന്നിവരുടെ ബെഞ്ച് ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിങ്, കായലോരം അപ്പാർട്ട്‌മെന്റ്, ആൽഫാ വെഞ്ചേഴ്‌സ് എന്നീ സമുച്ചയങ്ങൾ പൊളിച്ച് നീക്കണമെന്ന് ഉത്തരവിട്ടത്.

സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവിലേക്കെത്തിയത്‌

തീരപരിപാലനച്ചട്ടം ലംഘിച്ചെന്നുകാട്ടി കെട്ടിടനിർമാതാക്കൾക്ക് അന്നത്തെ മരട് പഞ്ചായത്ത് അയച്ച കാരണംകാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. (2010-ലാണ് മരട് പഞ്ചായത്ത് നഗരസഭയായത്.) ഇതിനെതിരേ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. തീരദേശ നിയന്ത്രണമേഖലയുടെ മൂന്നാംവിഭാഗത്തിൽ വരുന്ന സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. അതോറിറ്റിയെ അറിയിക്കാതെയാണ് കെട്ടിടങ്ങൾക്ക് പഞ്ചായത്ത് അനുമതി നൽകിയത്. 

തീരദേശ നിയന്ത്രണ മേഖലാ (സി.ആർ.ഇസെഡ്.) വിജ്ഞാപനം പാലിച്ചുവേണം അത്തരം സ്ഥലങ്ങളിൽ നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകാനെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് അതോറിറ്റി 2006-ൽ സർക്കുലർ അയച്ചിരുന്നു. നിർമാണത്തിനുള്ള അപേക്ഷകൾ അതോറിറ്റിക്കു കൈമാറുകയും വേണം. എന്നാൽ, ഇതുപാലിക്കാതെ 2006-ൽ മരട് പഞ്ചായത്ത് തീരമേഖലയിൽ കെട്ടിടനിർമാണത്തിന് അനുമതി നൽകി. വിജ്ഞാപനവും ചട്ടവും ലംഘിച്ചാണ് നിർമാണമെന്ന് കണ്ടെത്തിയ തദ്ദേശ സ്വയംഭരണ വകുപ്പിലെ വിജിലൻസ് വിഭാഗം, അനുമതി പിൻവലിക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം കെട്ടിടനിർമാതാക്കൾക്ക് പഞ്ചായത്ത് 2007-ൽ കാരണം കാണിക്കൽ നോട്ടീസയച്ചു. എന്നാൽ, കെട്ടിടനിർമാതാക്കളുടെ ഹർജിയിൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി.

alpha
മരടിൽ ശനിയാഴ്ച പൊളിക്കുന്ന ആൽഫാ സെറൈൻ ഫ്ലാറ്റുകളുടെ ആകാശദൃശ്യം. ആദ്യം പൊളിക്കുന്ന H2O ഫ്ലാറ്റാണ് പിന്നിൽ കാണുന്നത്. ഫോട്ടോ: ഷഹീർ സിഎച്ച്

ഇതിനെതിരേ തീരപരിപാലന അതോറിറ്റി നൽകിയ പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്. തീരമേഖലയുടെ ഏതു വിഭാഗത്തിൽപ്പെടുന്ന സ്ഥലമാണെന്നു തീരുമാനിക്കാൻ കെട്ടിടനിർമാതാക്കൾക്ക് അധികാരമില്ലെന്ന് തീരപരിപാലന അതോറിറ്റി വാദിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ അനുമതി നൽകിയതിന് കെട്ടിടനിർമാതാക്കൾ ഉത്തരവാദികളല്ലെന്ന ഹൈക്കോടതി നിരീക്ഷണം അംഗീകരിക്കാനാവില്ലെന്നും അതോറിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.  

സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍

മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങള്‍ സുരക്ഷിതമായി പൊളിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 15 ഘട്ട കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അതിന് 138 ദിവസമെടുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പൊളിക്കാന്‍ മാത്രം 90 ദിവസമെടുക്കും. അടുത്ത ഫെബ്രുവരി ഒമ്പതിനകം ഫ്ളാറ്റ് നിന്ന സ്ഥലം പൂര്‍വസ്ഥിതിയിലാക്കും. അതേസമയം, ഫ്ളാറ്റുകള്‍ പൊളിക്കുന്നത് വലിയ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതമുണ്ടാക്കുമെന്നും ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. പൊളിക്കാനുള്ള കെട്ടിടങ്ങള്‍ ടെൻഡര്‍ ലഭിച്ച കരാറുകാര്‍ക്ക് ഒക്ടോബര്‍ 11-നു കൈമാറി . ഫ്ളാറ്റുകള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയിലെ കെട്ടിട ഉടമകള്‍ക്ക് (9522 കെട്ടിടങ്ങള്‍) രണ്ടുദിവസം കൊണ്ട് നോട്ടീസയച്ചു. അപ്രതീക്ഷിത സാഹചര്യം നേരിടാന്‍ ജല അതോറിറ്റി, കെ.എസ്.ഇ.ബി., ബി.എസ്.എന്‍.എല്‍. അഗ്നിരക്ഷാ സേന എന്നിവയുമായി ചേർന്നു പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു. 

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ പൈപ്പ് ലൈനുകളും ഓഫീസുകളും ഇവിടെയുള്ളതിനാല്‍ അവയ്ക്ക് പകരം സംവിധാനമൊരുക്കാനും പോലീസ് സന്നാഹം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ഫ്ളാറ്റുടമകള്‍ക്കു പുനരധിവാസം ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് ഒമ്പതുദിവസം, കെട്ടിടങ്ങള്‍ പൊളിക്കാനുള്ള സ്ഫോടകവസ്തുക്കള്‍ സംഭരിക്കാനുള്ള സൗകര്യമുണ്ടാക്കാന്‍ ഒമ്പതു ദിവസം, ഫ്ളാറ്റുടമകളെ ഒഴിപ്പിക്കാന്‍ നാലുദിവസം, പരിസരവാസികളെ ഒഴിപ്പിക്കാന്‍ നാലുദിവസം, കെട്ടിടങ്ങള്‍ പൊളിക്കാന്‍ 90 ദിവസം, കെട്ടിടാവശിഷ്ടങ്ങള്‍ നീക്കംചെയ്ത് സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ 30 ദിവസം എന്നിങ്ങനെ ആവശ്യമാണ്. ഇതില്‍ പല കാര്യങ്ങളും സമാന്തരമായി നടക്കുന്നതിനാല്‍ 138 ദിവസംകൊണ്ട് പദ്ധതി പൂര്‍ത്തിയാകുമെന്ന് സർക്കാർ കണക്കു കൂട്ടി. മരടിലെ അനധികൃത നിര്‍മാണങ്ങളുടെ കണക്ക് സംസ്ഥാന തീരദേശ മാനേജ്‌മെന്റ് അതോറിറ്റി രൂപവത്കരിച്ച കമ്മിറ്റി ഒക്ടോബര്‍ 31-ന് മുന്‍പ് തയ്യാറാക്കുകയും മരട് നഗരസഭയിൽ 291 അനധികൃത നിര്‍മാണങ്ങള്‍ കണ്ടെത്തുകയും ചെയ്തു.  

ഫ്ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും നിര്‍ത്തിവെച്ചു. ഫ്ളാറ്റില്‍നിന്ന് ഒഴിയുന്നവര്‍ക്ക് താമസിക്കാന്‍ പകരം സംവിധാനം ഇതേ താലൂക്കില്‍തന്നെ ജില്ലാ കളക്ടര്‍ കണ്ടെത്തി. നിയമം ലംഘിച്ച കെട്ടിട നിര്‍മാതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഡി.ജി.പി.യോട് ആവശ്യപ്പെട്ടു. ഇതിൽ പോലീസ് നടപടി തുടങ്ങി.ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പാരിസ്ഥിതികാഘാതം സംബന്ധിച്ച് ഐ.ഐ.ടി. മദ്രാസിന്റെ റിപ്പോര്‍ട്ട് ലഭിച്ചു. ഇതുപ്രകാരം ഒരു കിലോമീറ്ററിലേറെ ചുറ്റളവില്‍ വായുമലിനീകരണം, ശബ്ദമലിനീകരണം, കെട്ടിടങ്ങള്‍ക്കു വിറയലും കേടുപാടുകളും സംഭവിക്കല്‍ എന്നിവയെല്ലാമുണ്ടാകാം. അതിനാല്‍, ഒരു കിലോമീറ്റര്‍ പരിധിയിലെ കെട്ടിടങ്ങളുടെ കണക്ക് (9,522) സംസ്ഥാന റിമോട്ട് സെന്‍സിങ് കേന്ദ്രം നല്‍കിയിട്ടുണ്ട്.

തുടര്‍ ഹര്‍ജികളും സുപ്രീംകോടതിയുടെ തീരുമാനവും

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍നിന്ന് അണുവിട പോലും പിന്നോട്ടു പോവില്ലെന്ന് സുപ്രീം കോടതി. എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നിര്‍മാതാക്കള്‍ നല്‍കണമെന്നും ഇതിനായി 20 കോടി കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു. മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ആദ്യ ഘട്ട നഷ്ടപരിഹാരം ആയി 25 ലക്ഷം നല്‍കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവ് ഇട്ടിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് 25 ലക്ഷം നല്‍കാന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി ശുപാര്‍ശ ചെയ്യുന്നില്ല  എന്ന് ഫ്‌ളാറ്റ് ഉടമകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വില്‍പ്പന കരാറില്‍ തുക കുറച്ച് കാണിച്ചെങ്കിലും, ബാങ്ക് ലോണിനും മറ്റും വന്‍ തുക തങ്ങള്‍ ചെലവഴിച്ചിട്ടുണ്ട് എന്ന് ഫ്‌ളാറ്റ് ഉടമകള്‍ വാദിച്ചു.

രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ഉടമകള്‍ വ്യക്തമാക്കി.എന്നാല്‍ ഈ തുകയ്ക്ക് ഉള്ള രേഖകള്‍ ഫ്‌ളാറ്റ് ഉടമകള്‍ പിന്നീട് ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നഷ്ട പരിഹാരത്തുക നല്‍കാന്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ 20 കോടി രൂപ കെട്ടി വയ്ക്കണം. ഈ തുക നല്‍കുന്നതിനായി ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ  ബാങ്ക് അക്കൗണ്ടുകള്‍ മരിപ്പിച്ച മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭാഗികമായി ഭേദഗതി വരുത്തി.  സംസ്ഥാന സർക്കാർ പണം ഈടാക്കി ഫ്‌ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷംവെച്ച് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.  ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് താത്കാലികമായി നിർത്തിവയ്ക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി.  ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍നിന്ന് ഒരിഞ്ചുപോലും പുറകോട്ട് പോകില്ലെന്നും കോടതി പറഞ്ഞു.

golden kayaloram
മരടിൽ ഞായറാഴ്ച പൊളിക്കുന്ന ഗോൾഡൻ കായലോരം ഫ്ലാറ്റിന്റെ ആകാശദൃശ്യം. ഫോട്ടോ: ഷഹീർ സി.എച്ച്.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയാണ് സ്‌നേഹില്‍ കുമാര്‍ സിംഗിന് നല്‍കിയത്. ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായി ഇന്ദോറിൽനിന്നുള്ള വിദഗ്ദ്ധൻ ശരത് ബി. സർവാതെ കൊച്ചിയിലെത്തി. മരടിലെ ഫ്ലാറ്റുകൾ അദ്ദേഹം സന്ദർശിച്ചു. 200-ഓളം വമ്പൻ കെട്ടിടങ്ങൾ പൊളിച്ച് ഗിന്നസ് റെക്കോഡ് നേടിയിട്ടുള്ള അദ്ദേഹം, ഫ്ലാറ്റ് പൊളിക്കുന്നതു സംബന്ധിച്ച പൊതുവായ കാര്യങ്ങൾ  വിശദീകരിച്ചു. സംസ്ഥാന സർക്കാർ നിയമിച്ച 11 അംഗ സാങ്കേതിക സമിതിയിൽ 12-ാമനായാണ് സർവാതെയെ നിയമിച്ചത്. നിയന്ത്രിത സ്ഫോടനം നേരിട്ടുനടത്തി പരിചയമുള്ള ഒരാൾ ഒപ്പമുണ്ടാകുന്നത് നല്ലതാണെന്ന് പൊളിക്കലിന്റെ ചുമതലയുള്ള ഫോർട്ട്‌കൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിങ് സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ഫ്ളാറ്റുകളിലെ  താമസക്കാരെ  ഒഴിപ്പിച്ചുതുടങ്ങി. ഒഴിഞ്ഞുപോകുന്നവർക്കായി എറണാകുളം നഗരത്തിൽ അഞ്ഞൂറോളം ഫ്ളാറ്റുകൾ ജില്ലാ ഭരണകൂടം കണ്ടെത്തി. മാറാൻ തയ്യാറാകുന്നവർക്ക് അതിനുള്ള സൗകര്യം നൽകുന്നതിനായിരുന്നു ഇത്. നാല്‌ ഫ്ലാറ്റുകളിലെ അഞ്ച് ടവറുകളിലായി 343 അപ്പാർട്ടുമെന്റുകളാണുണ്ടായിരുന്നത്. ഇവയിൽ വാടകക്കാർ ഉൾപ്പെടെ 198 പേരാണ് സ്ഥിരമായുള്ളത്. ബാക്കിയുള്ളതിന്റെ ഉടമസ്ഥർ വല്ലപ്പോഴും എത്തുന്നവരാണ്.

പൊളിച്ചാൽ- ഒരുലക്ഷം ചതുരശ്ര മീറ്റർ കോൺക്രീറ്റ് മാലിന്യമുണ്ടാകും

ഫ്ളാറ്റ് പൊളിച്ചാൽ ചതുരശ്രമീറ്ററിന് 450 കിലോഗ്രാമെന്ന കണക്കിൽ 30,000 ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങൾ അടിഞ്ഞുകൂടും. ഏകദേശം ഒരുകിലോമീറ്റർ പ്രദേശത്തെ ഇത് പാരിസ്ഥിതികമായി ബാധിക്കും. അവശിഷ്ടങ്ങൾ തള്ളാൻ രണ്ടരയേക്കറോളം വേണമെന്നും മദ്രാസ് ഐ.ഐ.ടി. സർക്കാരിനുനൽകിയ റിപ്പോർട്ടിൽ പറയുന്നു. പൊളിക്കാനായി സ്ഫോടനം നടത്തുന്നത് സമീപത്തെ കെട്ടിടങ്ങളെ ബാധിക്കാം. (കോട്ടയത്തെ നാഗമ്പടം പാലത്തിന്റെ കാര്യത്തിൽ ഉൾപ്പെടെ നിയന്ത്രിതസ്ഫോടനം ഫലപ്രദമാകാതെപോയത് ഈയിടെയാണ്. മനുഷ്യരെ ഉപയോഗിച്ചുമാത്രം പൊളിക്കുക പ്രായോഗികവുമല്ല). കോൺക്രീറ്റ് അവശിഷ്ടങ്ങൾ ജലാശയത്തെ മലിനമാക്കും. ശബ്ദ, വായു മലിനീകരണത്തിനും കാരണമാകും. 

മരടിലെ അനധികൃത ഫ്ളാറ്റുകൾ തകർക്കുമ്പോൾ ഏറ്റവും അവശിഷ്ടം ഉണ്ടാകുക ജെയിൻ കോറൽകോവ് ഫ്ളാറ്റിൽ. ഏഴുനിലയുടെ ഉയരത്തിൽ കോൺക്രീറ്റ് അവശിഷ്ടം ഉണ്ടാകുമെന്നാണ് സൂചനകൾ. കായലിലേക്ക് ഒട്ടും വീഴാതെ ജെയിൻ കോറൽകോവ് എതിർവശത്തേക്ക് 49 ഡിഗ്രി ചരിച്ചുവീഴ്ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയംഗമായ ഡോ. അനിൽ ജോസഫ് പറഞ്ഞു. ഒരു നില വീഴുമ്പോൾ ശരാശരി ഒരു മീറ്റർ ഉയരത്തിൽ അവശിഷ്ടമുണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. 20 നിലയുള്ള ഫ്ളാറ്റാണെങ്കിൽ 20 മീറ്റർ ഉയരത്തിൽ (ആറ്‌ നിലയോളം) അവശിഷ്ടമുണ്ടാകും. ആൽഫ സെറീനിൽ അഞ്ചുനില ഉയരത്തിൽ അവശിഷ്ടമുണ്ടാകും. സമീപത്തെ വീടുകൾ പൂർണമായി സംരക്ഷിക്കേണ്ടതിനാലും കായലിലേക്ക് ഒട്ടും വീഴാതെ നോക്കേണ്ടതിനാലും ആൽഫയിൽ എട്ട് നിലകളിൽ സ്ഫോടനം നടത്തുന്നുണ്ട്. അതുകൊണ്ടാണ് അവശിഷ്ടം കുറയുന്നതെന്ന് അനിൽ ജോസഫ് പറഞ്ഞു. 

രണ്ട് ടവറുകളുടെ നടുക്കുള്ള പുൽത്തകിടിയിലേക്ക് വീഴുന്ന രീതിയിലാണ് ഇവിടെ സ്ഫോടനം ക്രമീകരിച്ചിരിക്കുന്നത്. ആൽഫയിലെ അവശിഷ്ടം 21,400 ടൺ ഉണ്ടാകുമെന്ന് കണക്കാക്കുന്നു. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. ഇംഗ്ലീഷ് അക്ഷരം ’വി’ ആകൃതിയിലാണ്. ഒരുവശം 37 ഡിഗ്രിയും മറുവശം 46 ഡിഗ്രിയും ചരിച്ച് മുന്നിലെ ഗേറ്റിന്റെ സൈഡിലേക്കാണ് വീഴ്ത്തുന്നത്. ആറുനില ഉയരത്തിൽ അവശിഷ്ടം പ്രതീക്ഷിക്കുന്നു. 21,450 ടൺ ഉണ്ടായേക്കും. ഗോൾഡൻ കായലോരവും രണ്ട് ഭാഗങ്ങളായാണ് വീഴ്ത്തുന്നത്. അടുത്തുള്ള അങ്കണവാടിയെ പരിപൂർണമായി സംരക്ഷിക്കാനാണിത്. ഒരു ഭാഗം 45 ഡിഗ്രിയും മറുവശം 66 ഡിഗ്രിയും ചരിച്ച് ജനറേറ്ററിന്റെ ഭാഗത്തേക്കും പിന്നിലെ മുറ്റത്തേക്കുമാണ് വീഴ്ത്തുന്നത്. പിന്നിൽ 12 മീറ്റർ സ്ഥലമുണ്ട്. അവശിഷ്ടം പരമാവധി മൂന്നു നിലയേ ഉണ്ടാകൂ. 7,100 ടണ്ണാണ് പ്രതീക്ഷ. 

jain conclave
മരടിൽ ഞായറാഴ്ച പൊളിക്കുന്ന ജെയ്ൻ കോറൽകോവ് ഫ്ലാറ്റിന്റെ ആകാശദൃശ്യം. ഫോട്ടോ: ഷഹീർ സിഎച്ച്.

പൊളിച്ചില്ലെങ്കിൽ-വെള്ളപ്പൊക്കഭീഷണി

വേമ്പനാട് കായലിലേക്കുള്ള കൈവഴിയായ കുണ്ടന്നൂർ തോട് വേലിയേറ്റ പ്രഭാവമുള്ള ജലമേഖലയാണ്. പ്രകൃതിക്ഷോഭങ്ങൾമൂലം കടൽനിരപ്പ് ഉയർന്നാൽ പ്രദേശം മുങ്ങും. ചെറിയ സമയത്തിനിടയ്ക്ക് വലിയ അളവിൽ മഴപെയ്യുന്നത് പതിവാകുന്ന പശ്ചാത്തലത്തിലും ഇവിടെ ജാഗ്രത ആവശ്യമാണ്. ജനവാസമേഖലയിൽനിന്നുണ്ടാകുന്ന വിവിധ തരത്തിലുള്ള മലിനീകരണം കായലിലെ മത്സ്യസമ്പത്തിന് ദോഷമാണ്. കൊച്ചിയിലെ ഒന്നരലക്ഷത്തോളം മത്സ്യത്തൊഴിലാളികളെ ബാധിക്കും. തീരമേഖലകളിൽ നിർമാണത്തിനായി തോടുകൾ ബണ്ടുകെട്ടി നിയന്ത്രിക്കുന്നത് കായലിനെ നിർജീവമാക്കും. ദുർഗന്ധംവമിക്കുന്ന കായൽ, കൊച്ചി നഗരത്തിലെ ജനജീവിതം ദുസ്സഹമാക്കും. മാനുഷിക പരിഗണനയുടെപേരിൽ കൂടുതൽ നിയമലംഘനങ്ങൾക്ക് വഴിയൊരുക്കും. കൈയേറ്റങ്ങൾക്ക് വളഞ്ഞ വഴിയിലൂടെ നിയമസാധുത നേടാമെന്ന പൊതുധാരണയുണ്ടാകും.

കോൺക്രീറ്റ് അവശിഷ്ടങ്ങൾ എന്തുചെയ്യും?

കോൺക്രീറ്റ് അവശിഷ്ടങ്ങൾ പൊടിച്ച് വ്യാവസായികാവശ്യങ്ങൾക്കായി ഉപയോഗിക്കാം. ക്രഷർ യൂണിറ്റിലെത്തിച്ച് പൊടിച്ച് മണലാക്കാം. കോൺക്രീറ്റ് കഷണങ്ങൾ കടൽഭിത്തിക്കായി ഉപയോഗിക്കാമെന്നും നിർദേശങ്ങളുണ്ട്.

തീരപരിപാലന നിയമം(സി.ആർ.ഇസഡ്.) ലംഘിച്ച് മരടിൽ പണിത നാല് ഫ്ളാറ്റുകളുടെ അഞ്ചു ടവറുകൾ നിലംപതിക്കാൻ ഇനി കൃത്യം രണ്ടുമാസം മാത്രം. ഇവ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ വേണ്ടത് 1600 കിലോ സ്ഫോടകവസ്തുക്കൾ. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷൻ സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുക.

ഒറ്റദിവസം സ്ഫോടനം നടത്തി നാല് ഫ്ളാറ്റുകളും തകർക്കാമെന്നാണ് സർക്കാർ നിയോഗിച്ച സാങ്കേതികസമിതിയുടെ യോഗത്തിൽ അഭിപ്രായമുയർന്നത്. ഇതു സാഹസമാണെന്നും മൂന്നുദിവസമായി നടത്തണമെന്നും പെട്രോളിയം ആൻഡ് എക്സ്‌പ്ലൊസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ(പെസോ) നിലപാടെടുത്തു. ഇന്ദോറിൽനിന്നുള്ള സ്ഫോടന വിദഗ്ധൻ ശരത് ബി. സർവാതെയ്ക്കും ഇതേ നിലപാടായിരുന്നു.

തുടർന്ന് സമവായം എന്ന നിലയിൽ രണ്ടു ദിവസമാക്കുകയായിരുന്നു. 11-ഉം 12-ഉം ശനി, ഞായർ ദിവസങ്ങളായതിനാൽ അതാണ് കൂടുതൽ സൗകര്യമെന്ന് വിലയിരുത്തുകയായിരുന്നു.

പൊളിക്കുന്നത് ഇങ്ങനെ

ഗ്രൗണ്ട് ഫ്ലോർ, ഒന്ന്, അഞ്ച്, ഒമ്പത്, 12 നിലകളിലെ എല്ലാ തൂണുകളിലും ദ്വാരങ്ങളുണ്ടാക്കും

* അതിനുള്ള സ്ഫോടകവസ്തുവും സ്ഫോടനത്തിനുള്ള വയറുകളും (ഡിറ്റണേറ്റിങ് ഫ്യൂസ്) നിറയ്ക്കും

* തുടർന്ന് ദ്വാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കും.

* എല്ലാ സർക്യൂട്ടുകളും രണ്ട് ഇലക്ട്രിക് ഡിറ്റണേറ്ററുമായി യോജിപ്പിക്കും. ഒന്ന് പരാജയപ്പെട്ടാൽ മറ്റൊന്നിനുവേണ്ടി

* ഇത്, വൈദ്യുതി പ്രവഹിപ്പിക്കുന്ന എക്സ്‌പ്ലോഡറുമായി (കുറഞ്ഞത് നൂറു മീറ്റർ അകലെ) ബന്ധിപ്പിക്കുകയാണ് അവസാന ജോലി.

* തുടർന്ന് ഒറ്റവിരലമർത്തിയാൽ സ്ഫോടനം

വെറും 12 സെക്കൻഡ്

സ്ഫോടനത്തിനു തുടക്കംകുറിക്കാൻ ആറു സെക്കൻഡ് വേണം. പൊട്ടിത്തുടങ്ങിയാൽ ആറു സെക്കൻഡിൽ കെട്ടിടം പൂർണമായും നിലംപൊത്തും. എല്ലാംകൂടി 12 സെക്കൻഡ്. മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിലാകും ഓരോ സ്ഫോടനവും. അവശിഷ്ടങ്ങൾ ഒരുമിച്ചു താഴേക്കു പതിക്കാതിരിക്കാനാണിത്. രണ്ടിടത്തെ സ്ഫോടനങ്ങൾ തമ്മിൽ മൂന്നു മണിക്കൂറെങ്കിലും വ്യത്യാസമുണ്ടാകുമെന്നാണു കണക്കാക്കുന്നത്. ഇതിൽ അന്തിമ തീരുമാനമായിട്ടില്ല.

ഓരോന്നിനും ആവശ്യമായ സ്‌ഫോടകവസ്തുവിന്റെ അളവ്

ജെയിൻ കോറൽകോവ്- 700 കിലോ(ഏകദേശം 2732 ദ്വാരം)

ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.- 400 കിലോ(1414 ദ്വാരം)

ഗോൾഡൻ കായലോരം- 200 കിലോ(ഡിസൈൻ സമർപ്പിക്കാത്തതിനാൽ എണ്ണം കണക്കാക്കിയിട്ടില്ല)

ആൽഫ സെറീൻ- 300 കിലോ(4500 ദ്വാരം)

സ്‌ഫോടനത്തിനു ശേഷം പ്രതീക്ഷിക്കുന്ന കോൺക്രീറ്റ് അവശിഷ്ടം- 76,350 കിലോ

വെല്ലുവിളി

200 മീറ്ററിനുള്ളിലുള്ളവരെ ഒഴിപ്പിക്കുന്നത്. ഒരു കിലോമീറ്റർ ചുറ്റളവിൽ 9522 കെട്ടിടങ്ങളുണ്ടെന്നു നേരത്തേ സർക്കാർ കണക്കാക്കിയിരുന്നു. 200 മീറ്ററിൽ ഒഴിപ്പിക്കേണ്ടവരുടെ എണ്ണം കിട്ടിയിട്ടില്ല.

* സ്ഫോടനസമയത്ത് ദേശീയപാതയിലെയും കുണ്ടന്നൂർ-തേവര റോഡ് എന്നിവിടങ്ങളിൽ ഗതാഗതം തടയുന്നത്