കൊച്ചി: 16 നിലകളുള്ള ഗോള്‍ഡന്‍ കായലോരത്തിനോട് തൊട്ടുരുമ്മി ഒരു കൊച്ചു അങ്കണവാടിയുണ്ടായിരുന്നു. തമ്മിലുള്ള ദൂരം അഞ്ച് മീറ്റര്‍ പോലുമില്ല. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗോള്‍ഡന്‍ കായലോരം സ്ഫോടനത്തില്‍ തകര്‍ക്കുമ്പോള്‍ മിക്കവരുടേയും കണ്ണ് ഈ അങ്കണവാടി കെട്ടിടത്തിലേക്കായിരുന്നു. എന്നാല്‍ പറന്ന് പൊങ്ങിയ പൊടി കെട്ടടങ്ങിയപ്പോള്‍ ഒരു  രണ്ട് ജനല്‍ ചില്ലുകള്‍ പൊട്ടിയത് ഒഴിച്ചാല്‍ കെട്ടിടത്തിന്‌ പോറല്‍പോലുമേല്‍ക്കാതെ അങ്കണവാടി അവിടെ സുരക്ഷിതമായി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.

തൊട്ടടുത്ത് തന്നെ പണിത് കൊണ്ടിരിക്കുന്ന മറ്റൊരു ഫ്ളാറ്റിനും ഒരു കേടുപാടും സംഭവിച്ചില്ല. അങ്കണവാടിക്ക് കേടുപാടില്ലാതെ ദൗത്യം പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം വാഗ്ദ്ധാനം നിറവേറ്റിയെന്ന് പൊളിച്ച കമ്പനി പ്രതിനിധികള്‍ പ്രതികരിച്ചു. അങ്കണവാടിയെ സുരക്ഷിതമാക്കുന്നതിനായി മറ്റു ഫ്ളാറ്റുകള്‍ പൊളിച്ചതിന് വ്യത്യസ്തമായി ഗോള്‍ഡന്‍ കായലരോത്തിന്റെ നിലകളുടെ ഭൂരിഭാഗം പുറം ചുമരുകളും നേരത്തെ നീക്കം ചെയ്തിരുന്നു. ജിയോ ടെക്സ്റ്റൈല്‍ ഷീറ്റുകള്‍ ഉപയോഗിച്ച് അങ്കണവാടിയുടെ ഭാഗം മറയ്ക്കുകയും ചെയ്തു.

ഫ്ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായി അങ്കണവാടി ദിവസങ്ങളായി അവധിയിലാണ്. പൊളിക്കല്‍ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ജോലികള്‍ക്കിടെ പൊടിശല്യവും ശബ്ദവും കാരണം കുട്ടികളെ മാതാപിതാക്കള്‍ നേരത്തെ ഇങ്ങോട്ടേക്ക് അയക്കാന്‍ തയ്യാറായിരുന്നില്ല. താത്കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു. ഗോള്‍ഡന്‍ കായലോരത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതോടെ പഴയപടിയായി വീണ്ടും ഈ അങ്കണവാടി പ്രവര്‍ത്തിച്ച് തുടങ്ങും.

Content Highlights: maradu flat demoltion-goldan kayaloram-anganwadi