മരടിലെ നാല് ബഹുനില ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിന്റെ ആകാംക്ഷ കേരളത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ദുബായ് കടല്‍തീരത്തെ ഒരു വലിയകെട്ടിടം സെക്കന്‍ഡുകള്‍കൊണ്ട് പൊളിച്ചുനീക്കിയ ഓര്‍മ ദുബായിലുള്ളവര്‍ക്കുണ്ട്. ഇന്നത്തെ പ്രശസ്തമായ ജുമേറ ബീച്ചും പരിസരവും നേരത്തെ അറിയപ്പെട്ടിരുന്നത് ഷിക്കാഗോ ബീച്ച് എന്നായിരുന്നു. എന്നാല്‍ ദുബായിയുടെ ചരിത്രത്തില്‍ ഔദ്യോഗികമായി ഷിക്കാഗോ ബീച്ച് എന്ന പേര് എവിടെയും ഉണ്ടായിരുന്നില്ല. ജനം പറഞ്ഞുപറഞ്ഞ് വീണ പേരാണത്. അതിന് കാരണമാകട്ടെ ദുബായിയുടെ എണ്ണസംഭരണികള്‍ നിര്‍മിക്കാനെത്തിയ ഷിക്കാഗോ എന്‍ജിനിയറിങ് കമ്പനിയുടെ സാന്നിധ്യമായിരുന്നു. അവിടെത്തന്നെയായിരുന്നു ഷിക്കാഗോ ബീച്ച് ഹോട്ടലും.

ദുബായ് ആധുനികതയിലേക്ക് കുതിക്കുന്നതിന്റെ ആദ്യഘട്ടത്തിലായിരുന്നു ഷിക്കാഗോ ബീച്ച് ഹോട്ടല്‍ നിര്‍മിച്ചത്. ഏഴ് നിലയിലുള്ള ആ നക്ഷത്ര ഹോട്ടല്‍ 1997-ലാണ് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇല്ലാതാക്കിയത്. ദുബായ് ആധുനീകരിക്കപ്പെട്ടതോടെയാണ് ഹോട്ടലിന് പ്രസക്തി നഷ്ടമായത്. മുപ്പത് സെക്കന്‍ഡിനകം കെട്ടിടമാകെ ഭൂമിക്കടിയിലേക്ക് താണുപോവുകയായിരുന്നു. 1997 ജൂണ്‍ 27 നായിരുന്നു ഏറെ ഒരുക്കങ്ങള്‍ക്കുശേഷം ഷിക്കാഗോ ഹോട്ടല്‍ പൊളിച്ചുനീക്കിയത്. 1979-ല്‍ പണിത അക്കാലത്തെ ദുബായിലെ ആദ്യത്തെ റിസോര്‍ട്ട് ഹോട്ടലായിരുന്നു ഷിക്കാഗോ ബീച്ച് ഹോട്ടല്‍.

prasanth mukundan

പ്രശാന്ത് മുകുന്ദന്‍

1966-ല്‍ അമേരിക്കയില്‍ നിന്നെത്തിയ ഷിക്കാഗോ ബ്രിഡ്ജ് എന്‍ജിനിയറിങ് ആന്‍ഡ് അയണ്‍ കമ്പനി ഇന്നത്തെ ജുമേറ കടല്‍ത്തീരത്തായിരുന്നു ദുബായിയുടെ മൂന്ന് എണ്ണ സംഭരണികള്‍ പണിതത്. ഇതിനായെത്തിയവര്‍ക്ക് താമസിക്കുന്നതിനായി ബീച്ചില്‍ തന്നെ നൂറ് പാര്‍പ്പിടങ്ങളും അവര്‍ പണിതു. അത് ഷിക്കാഗോ ബീച്ച് വില്ലേജ് എന്ന പേരില്‍ അറിയപ്പെട്ടു. ഷിക്കാഗോ കമ്പനിയുടെ സാന്നിധ്യവും വില്ലേജും എല്ലാമായതോടെ അവിടം ഷിക്കാഗോ ബീച്ചായി മാറി. ഇന്നത്തെ ജുമേറ ബീച്ചിന്റെ ആദ്യരൂപം അതായിരുന്നു. കമ്പനിയിലെ ഉന്നത ഉദ്യാഗസ്ഥര്‍ക്കും സമ്പന്നര്‍ക്കുമായി 1979-ലാണ് ഷിക്കാഗോ ബീച്ച് ഹോട്ടല്‍ നിര്‍മിച്ചത്. ആധുനികതയിലേക്ക് പതുക്കെ കടക്കുകയായിരുന്ന ദുബായിയുടെ ആദ്യ റിസോര്‍ട്ട് ഹോട്ടലായിരുന്നു ഷിക്കാഗോ. എണ്ണസംഭരണി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഷിക്കാഗോ കമ്പനി ഉയര്‍ത്തിയ കൂറ്റന്‍ ക്രെയിനിന്റെ മുകളില്‍ ഷിക്കാഗോയുടെപേരും പതിച്ചിരുന്നു. ഏറെ ദൂരെ നിന്നുപോലും കാണാമായിരുന്ന ആ ക്രെയിന്‍ അക്കാലത്ത് ആ ഭാഗത്തെ വഴികാട്ടി കൂടിയായിരുന്നു. അങ്ങനെയാണ് ഷിക്കാഗോ ബീച്ച് ദുബായിയുടെ ഓര്‍മകളില്‍ നിറഞ്ഞത്.

കാലത്തിന് മുന്നേ പിറന്ന ഹോട്ടലായിരുന്നു ഷിക്കാഗോ ബീച്ച് ഹോട്ടല്‍ എന്ന് ഇന്നും പഴമക്കാര്‍ ഓര്‍ക്കുന്നു. 615 മുറികളും പ്രത്യേക ബീച്ചുമെല്ലാമായിരുന്നു ഷിക്കാഗോയുടെ പ്രത്യേകതകള്‍. ഉല്ലാസത്തിനായി വിദേശികള്‍ക്കൊപ്പം സ്വദേശി പ്രമുഖരും ഹോട്ടലിലെ സന്ദര്‍ശകരായിരുന്നു. ഇതിനിടയിലാണ് ജുമേറ ഗ്രൂപ്പിന്റെ വിപുലമായ സംവിധാനങ്ങള്‍ ബീച്ചില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ബീച്ചിന്റെ നവീകരണം പ്രദേശത്തെ മനോഹരമാക്കി. ഷിക്കാഗോ ബീച്ച് ഹോട്ടലിന് തൊട്ടടുത്തായി വിപുലമായ ആധുനിക സംവിധാനങ്ങളോടെ ഉയര്‍ന്ന ജുമേറ ബീച്ച് ഹോട്ടല്‍ ഇതിനകം ഏറെ പ്രശസ്തമായി. ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത്യാഢംബര ഹോട്ടലായി ബുര്‍ജ് അല്‍ അറബും വൈകാതെ സമീപത്ത് ഉയര്‍ന്നു. ഇതിനിടയില്‍ പ്രദേശം ജുമേറാ ബീച്ച് എന്ന പേര് സ്വീകരിച്ചിരുന്നു. ഷിക്കാഗോ ബീച്ച് എന്നത് പഴമക്കാരുടെ മാത്രം ഓര്‍മയായി.

ഏറെ പഴക്കമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ആധുനികമുഖം സ്വീകരിച്ചുകഴിഞ്ഞ ജുമേറ ബീച്ചില്‍ ഒരു ഓര്‍മത്തെറ്റ് പോലെ ഷിക്കാഗോ ഹോട്ടലിന്റെ പ്രാധാന്യം കുറഞ്ഞുവന്നു. ലോകത്തിലെ ഏറ്റവുംമികച്ച സുഖസൗകര്യങ്ങളുമായി ബുര്‍ജ് അല്‍ അറബ് കൂടി യാഥാര്‍ഥ്യയമായതോടെ ഷിക്കാഗോ ഹോട്ടല്‍ പൊളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരിസ്ഥിതിക്ക് കോട്ടം വരാതെ തന്നെ ഹോട്ടല്‍ പൊളിച്ചുനീക്കാനായിരുന്നു പരിപാടി. കണ്‍ട്രോള്‍ഡ് ഡിമോളിഷന്‍ ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയിലെ വിദഗ്്ധരാണ് അന്ന് ഇതിനായി എത്തിയത്. സംഘത്തില്‍ ഇംഗ്ലീഷുകാരും ജര്‍മന്‍കാരുമുണ്ടായിരുന്നു. ഷാര്‍ജയിലെ ഗള്‍ഫ് ടുഡെ എന്ന പത്രത്തിനായി ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ കണ്ണൂര്‍ സ്വദേശി പ്രശാന്ത് മുകുന്ദന്റെ ഓര്‍മകളില്‍ ഇപ്പോഴുമുണ്ട് ആ നിമിഷങ്ങള്‍.

മാധ്യമപ്രവര്‍ത്തകര്‍ക്കൊന്നും പരിസരത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാല്‍ ജര്‍മന്‍ സംഘത്തിലൊരാളായി ബുര്‍ജ് അല്‍ അറബിന്റെ ഹെലിപാഡില്‍ നിന്നുകൊണ്ടായിരുന്നു പ്രശാന്ത് അന്ന് ആ ചിത്രങ്ങള്‍ പകര്‍ത്തിയത്. മുപ്പത് സെക്കന്റില്‍ തന്നെ കെട്ടിടം മണ്ണിനടിയിലേക്ക് മറഞ്ഞു. സ്‌ഫോടനത്തിന്റെ പ്രകമ്പനം എന്ന പോലെ വലിയ തോതില്‍ പൊടിപടലങ്ങള്‍ ചുറ്റും നിറഞ്ഞു. പൊടി പടരുന്നത് തടയാന്‍ ചുറ്റിലും നിരവധി ഫയര്‍ എന്‍ജിനുകള്‍ വെള്ളം ചീറ്റിക്കൊണ്ട് നിലയുറപ്പിച്ചിരുന്നതും പ്രശാന്ത് ഓര്‍ക്കുന്നു. ഏതാനും സമയത്തിനകം ഷിക്കാഗോ ബീച്ച് ഹോട്ടല്‍ നിന്ന സ്ഥലം ശൂന്യമായി മാറി. ദുബായിയുടെ ചരിത്രത്തില്‍നിന്ന് അത് അപ്രത്യക്ഷമായി. മദീനത് അല്‍ ജുമേറ എന്ന നക്ഷത്ര ഹോട്ടലും വൈല്‍ഡ് വാദി എന്ന അമ്യൂസ്മെന്റ് പാര്‍ക്കും പിന്നീട് ഈ സ്ഥലത്ത് ഉയര്‍ന്നുവന്നത് ദുബായിയുടെ പുതിയ ചരിത്രം.

Content Highlights: maradu flat demoliton, dubai remembers chicago beach hotel resort demolition and blast