കൊച്ചി: നിയമംലംഘിച്ച് പണിത നാല് ഫ്‌ളാറ്റുകള്‍ നിലംപൊത്തിക്കഴിഞ്ഞു. എന്നാല്‍, കൊച്ചി പഴയ കൊച്ചിയാകാന്‍ ഇനി വന്‍പ്രയത്‌നം കൂടിയേ തീരൂ. യഥാര്‍ഥപ്രശ്‌നം ഇനിയാണ് ഉയരുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ തിങ്കളാഴ്ച മുതല്‍ നീക്കിത്തുടങ്ങുമെന്ന് എഡിഫെസ് പാര്‍ട്ണര്‍ ഉത്കര്‍ഷ് മേത്ത അറിയിച്ചു. ഇനിയെന്ത് എന്നതില്‍ വ്യക്തമായ പ്ലാന്‍ ഉണ്ടെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും ജനം ആശങ്കയിലാണ്. കാറ്റിന്റെ ഗതിയനുസരിച്ച് പൊടി പടരുമെന്നതിനാല്‍ വരുംദിവസങ്ങളില്‍ രൂക്ഷമായ ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉറപ്പ്. കെട്ടിടാവശിഷ്ടങ്ങളില്‍നിന്നുള്ള പൊടിയുടെ സാന്ദ്രത സംബന്ധിച്ച പഠനങ്ങളുടെ വിവരങ്ങളും അടുത്തദിവസം ലഭിക്കും .
കോണ്‍ക്രീറ്റും ഇരുമ്പും വെവ്വേറെ
കമ്പിയും അവശിഷ്ടങ്ങളും രണ്ടായി തിരിച്ച്, കോണ്‍ക്രീറ്റ് മാലിന്യം നീക്കുന്നത് പ്രോംപ്റ്റ് എന്റര്‍പ്രൈസസാണ്. തിങ്കളാഴ്ചതന്നെ ഇതാരംഭിക്കും. 10 എന്‍ജിനിയര്‍മാരും 40 ജീവനക്കാരും ഉണ്ടാവും. കോണ്‍ക്രീറ്റില്‍നിന്ന് ഇരുമ്പ് വേര്‍തിരിക്കലാണ് ആദ്യഘട്ടം. ഇതിനൊപ്പം അവശിഷ്ടങ്ങളും പ്രോംപ്റ്റിന്റെ ജീവനക്കാര്‍ നീക്കും. ഒരു സൈറ്റില്‍ അഞ്ചുലോറികള്‍ വീതം അനുവദിച്ചിട്ടുണ്ട്.
20 സാങ്കേതിക വിദഗ്ധര്‍, 12 വിദേശികള്‍, ടീം 170- എഡിഫസ് എന്‍ജിനീയറിങ്ങിന് കീഴില്‍ രാപ്പകലില്ലാതെ ജോലി ചെയ്തത് 170 തൊഴിലാളികള്‍
•വെല്ലുവിളിയായി അവശിഷ്ടങ്ങള്‍
•മുന്നില്‍ 70 നാള്‍; 45 മതിയെന്ന് അവകാശവാദം
പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കംചെയ്യാന്‍ അനുവദിച്ച സമയം 70 ദിവസംമാത്രമാണ്. 45 ദിവസംകൊണ്ട് നീക്കാനാകുമെന്ന് ഉല്‍ക്കര്‍ഷ് മേത്ത പറഞ്ഞു. കൊച്ചിയിലെ ഗതാഗതക്കുരുക്കില്‍ ഇത് എത്രത്തോളം സാധ്യമാണെന്നു കണ്ടറിയണം. അവശിഷ്ടങ്ങള്‍ പരമാവധി കായലില്‍ വീഴ്ത്താതെയാണ് പൊളിച്ചത്. പക്ഷേ, പ്രകമ്പനങ്ങളും പൊടിയും കായലിനുണ്ടാക്കിയ പാരിസ്ഥികാഘാതങ്ങള്‍ പിന്നീടേ അറിയാനാകൂ. പൊടിയുര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കും വരുംദിവസങ്ങള്‍ സാക്ഷ്യംവഹിക്കേണ്ടിവരും.