കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ തകര്‍ക്കുമ്പോള്‍ ഏറ്റവും അവശിഷ്ടം ഉണ്ടാകുക ജെയിന്‍ കോറല്‍കോവ് ഫ്‌ളാറ്റില്‍. ഏഴുനിലയുടെ ഉയരത്തില്‍ കോണ്‍ക്രീറ്റ് അവശിഷ്ടം ഉണ്ടാകുമെന്നാണ് സൂചനകള്‍. 26,400 ടണ്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

കായലിലേക്ക് ഒട്ടും വീഴാതെ ജെയിന്‍ കോറല്‍കോവ് എതിര്‍വശത്തേക്ക് 49 ഡിഗ്രി ചരിച്ചുവീഴ്ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതിയംഗമായ ഡോ. അനില്‍ ജോസഫ് പറഞ്ഞു. ഒരു നില വീഴുമ്പോള്‍ ശരാശരി ഒരു മീറ്റര്‍ ഉയരത്തില്‍ അവശിഷ്ടമുണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. 20 നിലയുള്ള ഫ്‌ളാറ്റാണെങ്കില്‍ 20 മീറ്റര്‍ ഉയരത്തില്‍ (ആറ് നിലയോളം) അവശിഷ്ടമുണ്ടാകും.

ആല്‍ഫ സെറീന്‍

ആല്‍ഫ സെറീനില്‍ അഞ്ചുനില ഉയരത്തില്‍ അവശിഷ്ടമുണ്ടാകും. സമീപത്തെ വീടുകള്‍ പൂര്‍ണമായി സംരക്ഷിക്കേണ്ടതിനാലും കായലിലേക്ക് ഒട്ടും വീഴാതെ നോക്കേണ്ടതിനാലും ആല്‍ഫയില്‍ എട്ട് നിലകളില്‍ സ്‌ഫോടനം നടത്തുന്നുണ്ട്. അതുകൊണ്ടാണ് അവശിഷ്ടം കുറയുന്നതെന്ന് അനില്‍ ജോസഫ് പറഞ്ഞു.

രണ്ട് ടവറുകളുടെ നടുക്കുള്ള പുല്‍ത്തകിടിയിലേക്ക് വീഴുന്ന രീതിയിലാണ് ഇവിടെ സ്‌ഫോടനം ക്രമീകരിച്ചിരിക്കുന്നത്. ആല്‍ഫയിലെ അവശിഷ്ടം 21,400 ടണ്‍ ഉണ്ടാകുമെന്ന് കണക്കാക്കുന്നു.

ഹോളിഫെയ്ത്ത്

ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. ഇംഗ്ലീഷ് അക്ഷരം 'വി' ആകൃതിയിലാണ്. ഒരുവശം 37 ഡിഗ്രിയും മറുവശം 46 ഡിഗ്രിയും ചരിച്ച് മുന്നിലെ ഗേറ്റിന്റെ സൈഡിലേക്കാണ് വീഴ്ത്തുന്നത്. ആറുനില ഉയരത്തില്‍ അവശിഷ്ടം പ്രതീക്ഷിക്കുന്നു. 21,450 ടണ്‍ ഉണ്ടായേക്കും.

ഗോള്‍ഡന്‍ കായലോരം

ഗോള്‍ഡന്‍ കായലോരവും രണ്ട് ഭാഗങ്ങളായാണ് വീഴ്ത്തുന്നത്. അടുത്തുള്ള അങ്കണവാടിയെ പരിപൂര്‍ണമായി സംരക്ഷിക്കാനാണിത്. ഒരു ഭാഗം 45 ഡിഗ്രിയും മറുവശം 66 ഡിഗ്രിയും ചരിച്ച് ജനറേറ്ററിന്റെ ഭാഗത്തേക്കും പിന്നിലെ മുറ്റത്തേക്കുമാണ് വീഴ്ത്തുന്നത്. പിന്നില്‍ 12 മീറ്റര്‍ സ്ഥലമുണ്ട്.

അവശിഷ്ടം പരമാവധി മൂന്നു നിലയേ ഉണ്ടാകൂ. 7,100 ടണ്ണാണ് പ്രതീക്ഷ. നാല് ഫ്‌ളാറ്റുകളും കൂടി 76,350 കിലോയാണ് കണക്കാക്കിയിട്ടുള്ളത്.

Content Highlights: Maradu flat demolition waste