കൊച്ചി: മരടിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായി. ഹോളി ഫെയ്ത്ത് എച്ച്2ഒ, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റുകളുടെ മൂന്ന് കെട്ടിടങ്ങളും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. 11.45നാണ് രണ്ടാമത്തെ ഫ്‌ളാറ്റായ ആല്‍ഫ സെറീന്റെ രണ്ട് ബ്ലോക്കുകളും പൊളിച്ചത്. 

ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്ലാറ്റാണ് ആദ്യം സ്ഫോടനത്തിലൂടെ തകര്‍ത്തത്. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും 17 മിനുട്ട് വൈകി 11.17നാണ് ഹോളിഫെയ്ത്ത് സ്ഫോടനത്തിലൂടെ തകര്‍ത്തത്. 11.44നായിരുന്നു ആല്‍ഫ സെറീന്‍ തകര്‍ത്തത്. 

നഗരസഭയില്‍ സജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. 18370.49 ചതുരശ്ര മീറ്ററിലായി 19 നിലകളാണ് ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്‌ളാറ്റിന് ഉണ്ടായിരുന്നത്. ആകെ 91 അപാര്‍ട്ട്മെന്റുകള്‍. സെക്കന്റുകള്‍ക്കുള്ളില്‍ സ്‌ഫോടനം പൂര്‍ത്തിയായി. 21450 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ അവശേഷിക്കുമെന്നാണ് കരുതുന്നത്. 

രണ്ട് ടവറുകളാണ് ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിന് ഉണ്ടായിരുന്നത്.  ഒരു ടവറില്‍ 16 നിലകള്‍ വീതം ആകെ 32 നിലകള്‍. ഇതു രണ്ടും നിമിഷങ്ങള്‍ക്കകം താഴെ വീണു. ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ അധികാരികളും പോലീസ് അധികാരികളും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും DMO ഉദ്യോഗസ്ഥരും(ആംബുലന്‍സ് ഉള്‍പ്പടെ) മരട് നഗരസഭ ഉദ്യോഗസ്ഥരും സജ്ജരായി നിന്നിരുന്നു. 32 പോയിന്റുകളിലായി  പോലീസ് സേനയെയും  വിന്യസിച്ചു. 8 സ്ട്രൈക്കിംഗ് പാര്‍ട്ടിയും 3 ബോട്ടുകളിലായി 3 ടീമുകളും പട്രോളിംഗ് നടത്തി.

ആദ്യസ്‌ഫോടനത്തില്‍ അമിതമായി പൊടി വന്നതു മൂലമാണ് രണ്ടാം സ്‌ഫോടനം വൈകിയത്. ഞായറാഴ്ച രാവിലെ 11-ന് ജെയിന്‍ കോറല്‍കോവും രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും തകര്‍ക്കും. നിയന്ത്രിതസ്ഫോടനത്തിനുള്ള ഒരുക്കങ്ങളെല്ലാം അവിടെയും പൂര്‍ത്തിയായി.

 

LIVE UPDATE:

Content Highlights: maradu flat demolition