maradu flat demolition jet demolition mdകൊച്ചി: തുടര്‍ച്ചയായ രണ്ടുദിവസത്തിനുള്ളില്‍ മൂന്ന് കെട്ടിടങ്ങള്‍ സ്ഫോടനത്തിലൂടെ തകര്‍ത്തത് ആദ്യ അനുഭവമാണെന്ന് ജെറ്റ് ഡിമോളിഷന്‍ എം.ഡി. ജോ ബ്രിങ്ക്മാന്‍. ഇതൊരു പാഠമായിരുന്നെന്നും ബ്രിങ്ക്മാന്‍ പറഞ്ഞു. ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റ് കെട്ടിടവും തകര്‍ത്ത് മടങ്ങുംവഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോളിഫെയ്ത്ത് എച്ച്.ടു.ഒ., ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ലാറ്റുകള്‍ തകര്‍ക്കുന്നതിന്റെ കരാര്‍ ഏറ്റെടുത്ത എഡിഫിസ് കമ്പനിയുടെ പ്രധാന പങ്കാളിയായിരുന്നു ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ജെറ്റ് ഡിമോളിഷന്‍. ഈ കമ്പനിയില്‍നിന്നുള്ള വിദഗ്ധരാണ് മൂന്ന് കെട്ടിടങ്ങളിലും സ്‌ഫോടനം വിജയകരമായ നടപ്പാക്കിയത്.

നിയമപ്രശ്‌നം കാരണം കെട്ടിടം തകര്‍ത്തതും ആദ്യം

നിയമപ്രശ്നം കാരണം കെട്ടിടം പൊളിക്കേണ്ട അവസ്ഥ മുമ്പുണ്ടായിട്ടില്ല. ഇതാദ്യമാണ്. കായല്‍ തീരത്ത് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് കര്‍ശനനിയന്ത്രണങ്ങള്‍ പല രാജ്യങ്ങളിലുമുണ്ട്. ദക്ഷിണാഫ്രിക്കയിലൊക്കെ കായലിനോട് ചേര്‍ന്ന് വലിയകെട്ടിടങ്ങള്‍ കുറവാണ്.

തകര്‍ത്ത കെട്ടിടങ്ങളിലേറെയും ജനവാസ മേഖലയില്‍

തകര്‍ത്ത മൂന്നുകെട്ടിടങ്ങളും ജനസാന്ദ്രമായ മേഖലയിലായിരുന്നു. പക്ഷേ, അതൊരു പ്രശ്നമായിരുന്നില്ല. ലോകത്തിലെ വലിയ നഗരങ്ങളിലെല്ലാം സ്ഫോടനത്തിലൂടെ തകര്‍ത്ത കെട്ടിടങ്ങള്‍ ഇത്തരത്തില്‍ വലിയ ജനത്തിരക്കുള്ള സ്ഥലങ്ങളിലായിരുന്നു.

എല്ലാം പദ്ധതിയിട്ടതുപോലെ

ഒന്നാന്തരമായി മൂന്ന് കെട്ടിടങ്ങളും നിലംപതിച്ചു. പദ്ധതിയിട്ടതുപോലെ എല്ലാം നടന്നു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു ജോലി ഏറ്റെടുക്കുന്നത്. ഒരോ നിമിഷവും ഞങ്ങള്‍ ആസ്വദിച്ചു. ജോലി ചെയ്യാന്‍ അനുയോജ്യമായ സാഹചര്യമായിരുന്നു ഇവിടെ.

കെട്ടിടങ്ങള്‍ സ്ഫോടനത്തിലൂടെ തകര്‍ക്കുമ്പോള്‍ കാണാന്‍ എല്ലായിടത്തും ഉണ്ടാകും ആള്‍ക്കൂട്ടം. ഇവിടെയും വ്യത്യസ്തമായിരുന്നില്ല. അതുകൊണ്ടൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.

Content Highlights: maradu flat demolition; jet demolition md