പൊളിക്കല്‍ ലോകത്തെ അറിയിക്കാന്‍ പോകുമ്പോള്‍ കണ്ടത് വാര്‍ത്തകളും ചിത്രങ്ങളും മാത്രമായിരുന്നില്ല. ആശങ്കനിറഞ്ഞ നിമിഷങ്ങള്‍ക്കിടയിലും തമാശനിറഞ്ഞ കാഴ്ചകളും ഒട്ടേറെ. മരട് ഫ്‌ളാറ്റുപൊളിക്കല്‍ റിപ്പോര്‍ട്ടുചെയ്യാന്‍പോയ മാതൃഭൂമി പ്രതിനിധികള്‍ കണ്ട ചില രസകരമായ കാഴ്ചകള്‍...

എഴുത്ത്: എം.കെ.രാജശേഖരന്‍,സിറാജ് കാസിം,മിന്നു വേണുഗോപാല്‍,കെ.ആര്‍. അമല്‍,ആന്‍സ് ട്രീസ ജോസഫ്,ഉണ്ണികൃഷ്ണന്‍ പനങ്ങാട്ചിത്രങ്ങള്‍: വി.എസ്.ഷൈന്‍, വി.കെ.അജി, സി.ബിജു, ജി.ശിവപ്രസാദ്,  സിദ്ദിക്കുല്‍ അക്ബര്‍

ശത്രുസംഹാരമുണ്ടോ-പൊളിക്കുന്നതിനുമുമ്പ് ഹോളിഫെയ്ത്തില്‍നടന്ന പൂജയ്ക്ക് ഉശിരന്‍ കമന്റുകള്‍ പാസാക്കാന്‍ ആരും മറന്നില്ല. 'ഇവിടെ പൂജയുണ്ടായിരുന്നോ, ശ്ശെടാ രണ്ട് ശത്രുസംഹാരത്തിന് എഴുതിക്കൊടുത്താലോ' എന്നായിരുന്നു കമന്റ്.

വീടെവിടെ മക്കളെ- സ്വന്തം വീടിനോടുതോന്നുന്ന സങ്കടത്തില്‍ താടിക്ക് കൈകൊടുത്തുനിന്ന ചേച്ചിമാരോട് 'നിങ്ങള്‍ക്കിവിടെ ഫ്‌ളാറ്റ് ഉണ്ടായിരുന്നോ' എന്നുചോദിച്ച ലേഖികയ്ക്ക് കിട്ടിയ മറുപടി 'ഏയ് ഞങ്ങളിവിടെ അടുത്തുള്ളതാന്നേ' എന്നായിരുന്നു. മരടില്‍ത്തന്നെയുള്ളതാണോയെന്ന് ചോദിച്ചപ്പോള്‍ ചെറിയ ചമ്മലോടെ 'അവിടുന്ന് കുറച്ചൂടെ പോണം'. അപ്പോള്‍ എവിടെയായിട്ടാണ്? നെട്ടൂരും കഴിഞ്ഞ് കുറച്ചൂടെ പോണം'. ദൂരെ നിന്നാണ് വന്നതെന്നുപറയാന്‍ മടി.

വിട്ടുതരില്ല, വിട്ടുതരില്ല- തിരഞ്ഞെടുപ്പിന് മതില്‍ ബുക്കുചെയ്തിടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെ കണ്ടുശീലിച്ച്, പൊളിക്കുന്ന ഫ്‌ളാറ്റ് കാണാന്‍കഴിയുന്ന കെട്ടിടങ്ങളിലെല്ലാം 'ബുക്ക്ഡ്' എന്നെഴുതിവെച്ചിട്ടാണ് ചാനല്‍സംഘം തത്സമയദൃശ്യങ്ങള്‍ കാണികളിലേക്ക് എത്തിച്ചത്. മരട് പാലത്തിന് സമീപമുള്ള ചെരിഞ്ഞ ഗോപുരത്തിലെ വിവിധസ്ഥലങ്ങളായിരുന്നു ബുക്കിങ്ങില്‍ മുന്നില്‍.

തള്ളിത്തള്ളി വീട്ടിലെത്തുമോ - ആല്‍ഫ പൊളിച്ചുകഴിഞ്ഞ് പോലീസ് സംഘവും ഫയര്‍ഫോഴ്സ് സംഘവും പരിശോധനയ്ക്ക് എത്തിയപ്പോള്‍ ജനങ്ങള്‍ക്കായി കൈകള്‍കൊണ്ടൊരു നിയന്ത്രണരേഖയുണ്ടായിരുന്നു. ഓരോ ഉദ്യോഗസ്ഥര്‍ വരുമ്പോഴും 200 മീറ്ററില്‍നിന്ന് മുന്നോട്ട് പോലീസ് നിയന്ത്രണവും നീങ്ങുന്നുണ്ടായിരുന്നു. സ്ഥലം എം.എല്‍.എ.കൂടി വന്നതോടെ ഏറ്റവുംപിന്നില്‍നിന്നുള്ള ചേട്ടന്റെ ശബ്ദം ഉയര്‍ന്നുകേട്ടു: 'ഇങ്ങനെ ഇനിയും ആളുവന്ന് കുറച്ചൂടെ മുന്നോട്ടു തള്ളിയാല്‍ എന്റെ വീടെത്താല്ലോ'.

വെടിവെച്ചിട് സാറെ -'ഡ്രോണ്‍ നിരോധനമെന്നുപറഞ്ഞിട്ടിപ്പോ ദേ അവര് രണ്ട് ഡ്രോണ്‍ പറത്തുന്നു.. സാറെ വെടിവെച്ചിട് ' ആല്‍ഫ ഫ്‌ളാറ്റിന് കൃത്യം 200 മീറ്റര്‍ അപ്പുറമുള്ള കെട്ടിടത്തിന് മുകളില്‍നിന്ന് ഡ്രോണ്‍ പറപ്പിച്ച യുവാവിനോട് പോലീസ്, ഡ്രോണ്‍ താഴ്ത്താന്‍ പറഞ്ഞിട്ട് കേള്‍ക്കാഞ്ഞതോടെയാണ് നാട്ടുകാര്‍ വെടിവെച്ചിടാന്‍ ഉത്തരവിട്ടത്. പയ്യന്‍ ഡ്രോണ്‍ മെല്ലെ താഴ്ത്തിയതോടെയാണ് രംഗം ശാന്തമായത്.

കറുത്ത നിക്കറിട്ട ഫ്‌ളാറ്റ്- പൊളിക്കുന്ന ഫ്‌ളാറ്റേതാ ചേട്ടാ? റോഡില്‍ക്കണ്ട ചേട്ടനോട് ചോദിച്ച ന്യൂജെന്‍ പയ്യനോട് 'ദേ ഈ കറുത്ത നിക്കറിട്ട ഫ്‌ളാറ്റ് ' എന്നായിരുന്നു മറുപടി. സ്‌ഫോടകവസ്തുക്കള്‍ വെച്ചനിലകള്‍ കറുത്ത ഷീറ്റുകൊണ്ട് മറച്ചതാണ് അദ്ദേഹം പറഞ്ഞ നിക്കര്‍.

ഇതുകൂടി പൊളിച്ചിട്ട് പോയാല്‍ മതി- ഫ്‌ളാറ്റ് പൊളിച്ചതിനുശേഷം ഇറങ്ങാന്‍തുടങ്ങിയ മാധ്യമസംഘത്തിനുംകിട്ടി കാഴ്ചക്കാരുടെ വക കമന്റ്. 'പോവണ്ട ഇത് സക്‌സസ് ആയ സ്ഥിതിക്ക് ഇവിടെയുള്ള ബാക്കി ഫ്‌ലാറ്റുകളും പൊളിക്കും, അതുകഴിഞ്ഞിട്ട് പോയാല്‍ പോരേ' -കുണ്ടന്നൂര്‍ ജങ്ഷനില്‍നിന്നായിരുന്നു ഈ നിര്‍ദേശം.

ഫ്‌ളാറ്റിനൊപ്പം തകര്‍ന്ന മരം- ഫ്‌ലാറ്റ് പൊളിക്കുന്നത് കാണാന്‍വേണ്ടി പഞ്ചാരമരത്തിന്റെ ചെറിയ കമ്പുകള്‍ ഒരോന്ന് ഒടിച്ചുമാറ്റി മരം മുഴുവനായി മറിഞ്ഞുവീണ് കാഴ്ച പൂര്‍ണമായി തടസ്സപ്പെട്ട തമാശ കണ്ടു. ഫ്‌ലാറ്റ് പൊട്ടും പൊട്ടില്ലെന്ന് വിവിധ അഭിപ്രായങ്ങള്‍ പലയിടത്തും കേട്ടു. ഫ്‌ളാറ്റുകള്‍ പൊളിഞ്ഞതോടെവന്ന കമന്റിനും കിട്ടി ചിരിയുടെ തമ്പ്സ് അപ്പ്. 'ശാസ്ത്രം ജയിച്ചു, മനുഷ്യന്‍ തോറ്റു'. 'ബേബി സീ ദിസ് ' എന്നുപറഞ്ഞ് വീഡിയോ കോളില്‍ ഭാര്യയ്ക്ക് മരട് കാഴ്ചകളുടെ അപ്ഡേറ്റ് കൊടുക്കുന്ന മറുനാടന്‍ ഭര്‍ത്താവും കാഴ്ചക്കാര്‍ക്കൊരു കാഴ്ചയായി.

content highlights: maradu flat demolition