maradu flat demolition
സ്‌ഫോടനത്തിനുശേഷം ഹോളിഫെയ്ത്ത് ഫ്‌ലാറ്റിനു സമീപമുള്ള
ഡോ. മനുജോസിന്റെ വീടിനുമുകളില്‍ വീണ മരം ഫയര്‍ഫോഴ്‌സുകാര്‍ മുറിച്ചുനീക്കുന്നു

കൊച്ചി: ആദ്യംതകര്‍ന്ന ഹോളിഫെയ്ത്ത് എച്ച്.ടു.ഒയ്ക്ക് തൊട്ടുപുറകിലായാണ് പാപ്പനശ്ശേരില്‍ വീട്. സ്‌ഫോടനത്തിന്റെ ആഘാതം ഏറ്റവുമധികം ഏറ്റുവാങ്ങിയതും ഈവീടാണ്. കാര്‍പോര്‍ച്ചിനുള്‍പ്പെടെ കേടുപാടു പറ്റി. ജനല്‍ച്ചില്ലും പൊട്ടി.

എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ റേഡിയോളജിസ്റ്റായ ഡോ. മനുജോസിന്റെ വീടാണിത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിനുമുന്നിലെ മരം കാര്‍പോര്‍ച്ചിന് മുകളിലേക്കുവീണു. മേല്‍ക്കൂരയില്‍ പാകിയ ഓടുകള്‍പൊട്ടി. പോര്‍ച്ചിന്റെ പലയിടത്തും പൊട്ടല്‍ വീണിട്ടുണ്ട്. കല്ലും മറ്റും തെറിച്ചുവീണ് വീടിന്റെ ജനല്‍ച്ചില്ല് പൊട്ടി. കാര്‍പോര്‍ച്ചിലെ ടൈലുകളും ഇളകിയിട്ടുണ്ടെന്ന് ഡോ. മനു ജോസ് പറഞ്ഞു.

''വീടിനകത്ത് പ്രശ്നങ്ങളൊന്നുമില്ല. പറമ്പില്‍ പലയിടത്തേക്കും കെട്ടിടാവശിഷ്ടം തെറിച്ചുവീണിട്ടുണ്ട്. എല്ലായിടവും പൊടിമൂടി കിടക്കുകയാണ്. പൊളിക്കലിന് നേതൃത്വം കൊടുത്ത എഡിഫിസ് എന്‍ജിനിയറിങ് ഏര്‍പ്പെടുത്തിയ തൊഴിലാളികള്‍ ഇതെല്ലാം വൃത്തിയാക്കാന്‍ സഹായിക്കുന്നുണ്ട്''-മനു പറഞ്ഞു. വീടിനുണ്ടായ തകരാര്‍ പരിഹരിക്കാമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങള്‍ പുറമേക്ക് തെറിക്കാതിരിക്കാന്‍ ഫ്‌ലാറ്റിനുചുറ്റും മെറ്റല്‍ഷീറ്റുകള്‍കൊണ്ട് മറച്ചിരുന്നു. സ്‌ഫോടനത്തില്‍ ഈ ഷീറ്റുകള്‍ വീടിനുമുന്നിലെ മരത്തിലേക്ക് ചാഞ്ഞു. ഇതോടെ മരം കാര്‍പോര്‍ച്ചിന് മുകളിലേക്ക് വീണു. ഫയര്‍ഫോഴ്സെത്തിയാണ് വീടിന് മുകളില്‍നിന്ന് മരം മുറിച്ചുമാറ്റിയത്.

content highlights: maradu flat demolition