ernakulam
ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. ഫ്‌ളാറ്റ് സ്ഫോടനത്തിലൂടെ തകര്‍ക്കുന്നത് കാണാന്‍
കെട്ടിടത്തിനു മുകളിലും പാലത്തിലും റോഡിലും ആള്‍ക്കൂട്ടം നിറഞ്ഞപ്പോള്‍ | ഫോട്ടോ: ടി.കെ. പ്രദീപ്കുമാര്‍

കൊച്ചി: മരടിലെ ഇരുഫ്‌ളാറ്റുകളുടെയും തകര്‍ച്ച ആഘോഷമാക്കുകയായിരുന്നു ജനങ്ങള്‍. ആശങ്കയും ആകാംക്ഷയുമെല്ലാം അടക്കിപ്പിടിച്ചാണ് ആളുകള്‍ വിസ്മയക്കാഴ്ചയ്ക്കായി കാത്തുനിന്നത്. ഹോളിഫെയ്ത്ത് തകരാന്‍ കാത്തുനില്‍ക്കുന്ന സമയത്ത് ജനം അക്ഷമരായി. ''വെയിലത്തുനിന്ന് മടുത്തു, ഒന്നു വേഗം പൊളിക്കാമോ...'' എന്ന ആക്രോശവും ഉയര്‍ന്നു. ഫ്‌ളാറ്റ് തകര്‍ന്നുവീഴുമ്പോള്‍ കൈയടിച്ചും ആര്‍പ്പുവിളിച്ചുമാണ് ജനം എതിരേറ്റത്.

കാഴ്ചക്കാരേറെ

കുണ്ടന്നൂര്‍-തേവര റോഡില്‍ തിരിയുമ്പോള്‍തന്നെ കാഴ്ചക്കാരായി വിവിധ സംഘങ്ങള്‍. നാടിന്റെ പല സ്ഥലങ്ങളില്‍നിന്നായി മരട് ഫ്‌ളാറ്റ് പൊളിക്കുന്നത് കാണാനെത്തിയവരാണ് ഏറെയും. നെട്ടൂര്‍ പാലത്തിന്റെ കൈവഴിയിലൂന്നി ആല്‍ഫയിലേക്ക് കണ്ണുംനട്ട് നില്‍ക്കുകയായിരുന്നു പാലക്കാട്ടുനിന്നെത്തിയ സുഹറ. സ്വകാര്യാവശ്യത്തിനായി എത്തിയതാണ് എറണാകുളത്ത്. വന്നദിവസംതന്നെ ഫ്‌ളാറ്റ് പൊളിക്കുന്നുവെന്നറിഞ്ഞപ്പോള്‍ കുടുംബസമേതം വൈറ്റിലയ്ക്ക് ബസ് കയറി. രാവിലെ പത്തരമുതല്‍ തണലുംതേടി പാലത്തിന്റെ പലവശത്തായി നില്‍ക്കുകയാണ് ഈ കുടുംബം.

കുഞ്ഞുങ്ങളുമായി

നിയന്ത്രണം മാറ്റിയശേഷം സന്ദര്‍ശകരുടെ തള്ളിക്കയറ്റമായിരുന്നു തകര്‍ന്ന ഫ്‌ലാറ്റുകള്‍ക്കരികിലേക്ക്. പൊടിപടര്‍ന്ന അന്തരീക്ഷത്തിലേക്ക് മുഖംമറയ്ക്കാതെയാണ് ഭൂരിഭാഗം ആളുകളും എത്തിയത്. കുഞ്ഞുങ്ങളുമായി എത്തിയവരും ഏറെ. പൊടിപടലങ്ങള്‍ ചിലര്‍ക്കെങ്കിലും ശ്വാസംമുട്ടും അലര്‍ജിയും ഉണ്ടാക്കുമെന്ന മുന്നറിയിപ്പൊന്നും ആരും ഗൗനിച്ചതേയില്ല. സിമന്റും പെയിന്റും കലര്‍ന്ന പൊടി ശ്വാസകോശത്തിലേക്കും വയറ്റിലേക്കുമെത്തുന്നത് ഗുരുതരമായ അണുബാധയ്ക്ക് കാരണമാകും. ഇത് കുട്ടികളെ ഏറെ ബുദ്ധിമുട്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

content hioghlights: maradu flat demolition