കൊച്ചി: തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച കൊച്ചി മരടിലെ നാലുഫ്‌ളാറ്റുകളില്‍ രണ്ടെണ്ണം സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ. ഫ്‌ളാറ്റും ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ രണ്ട് ടവറുകളുമാണ് തകര്‍ത്തത്. വിജയ് സ്റ്റീല്‍സാണ് ആല്‍ഫാ സെറീന്‍ തകര്‍ത്തത്. ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ. തകര്‍ത്തത് എഡിഫൈസ് കമ്പനിയാണ്.

10.30, 10.55, എന്നീ സമയങ്ങളില്‍ മുഴങ്ങുന്ന രണ്ട് സൈറണുകള്‍ക്കു ശേഷം 11.00നുള്ള മൂന്നാമത്തെ സൈറണിനൊപ്പം ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ. തകര്‍ക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. എന്നാല്‍ ആദ്യത്തെ സൈറണ്‍ മുഴങ്ങിയത് 10.32നാണ്. പിന്നീട് രണ്ടാമത്തെ സൈറണ്‍ മുഴങ്ങാന്‍ വൈകി. 10.55ന് നിശ്ചയിച്ചിരുന്ന രണ്ടാമത്തെ സൈറണ്‍ 11.10ന് മുഴങ്ങി. 

മൂന്നാമത്തെയും അവസാനത്തെയും സൈറണ്‍ 11.17നു മുഴങ്ങിയതിനു പിന്നാലെ സ്‌ഫോടനം നടന്നു. 19നിലകളിലായി തലയുയര്‍ത്തിനിന്ന ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. ഫ്‌ളാറ്റ് നിമിഷാര്‍ധത്തില്‍ പൊടിപടലമായി. 

കണ്ണുചിമ്മും വേഗത്തില്‍ നിലംപതിച്ച് ആല്‍ഫാ സെറീന്‍

രണ്ടാം സൈറണ്‍ മുഴങ്ങാന്‍ വൈകിയതു മൂലം ഉദ്വേഗത്തിന്റെ നിമിഷങ്ങളായിരുന്നു  ഹോളിഫെയ്ത്ത് എച്ച്.ടു.ഒയുടെ കാര്യത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കണ്ണുചിമ്മും വേഗത്തിലായിരുന്നു ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റിലെ ഇരുടവറുകളുടെയും പതനം. 11.40ന് ആദ്യ സൈറണ്‍ മുഴങ്ങി. പിന്നാലെ 11.42ഓടെയാണ് ആല്‍ഫാ സെറീന്റെ ഇരുടവറുകളില്‍ ആദ്യത്തേതും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ടാം ടവറും നിലംപതിച്ചു.

ആല്‍ഫാ സെറീന്‍ തകര്‍ത്തപ്പോള്‍. ഫോട്ടോ: ബി.മുരളീകൃഷ്ണന്‍
ആല്‍ഫാ സെറീന്‍ തകര്‍ത്തപ്പോള്‍. ഫോട്ടോ: ബി.മുരളീകൃഷ്ണന്‍

content highlights: maradu flat demolition