കൊച്ചി: ഞായറാഴ്ച രാവിലെ 11.03. കായലോരത്ത് ജെയ്ന്‍സ് കോറല്‍കോവിന്റെ 'മരണ'മണിയായി മൂന്നാം സൈറന്‍ മുഴങ്ങി. ബ്‌ളാസ്റ്റര്‍ സ്വിച്ചില്‍ വിരലമര്‍ന്നു. തൊട്ടടുത്ത നിമിഷം അതുവരെ തലയുയര്‍ത്തി നിന്ന ആ ഫ്‌ളാറ്റ് സമുച്ചയം വലിയൊരു ശബ്ദത്തോടെ നിലംപതിച്ചു. പിഴവില്ലാതെ ലക്ഷ്യസ്ഥാനത്ത് തന്നെ പതിച്ചതിന്റെ ആശ്വാസത്തില്‍ പൊളിക്കല്‍ ടീംസ്.

നിയമത്തെ വെല്ലുവിളിച്ചവര്‍ക്ക് താക്കീതായും ഒരു മനുഷ്യായുസിന്റെ വീടെന്ന സ്വപ്‌നങ്ങള്‍ പൊട്ടിച്ചിതറിയതിന്റെ അവശേഷിപ്പായും ജെയ്ന്‍സ് കോറല്‍കോവ് കൊച്ചിയുടെ മണ്ണിലേക്ക് നിലംപതിച്ചു

ജീവിതത്തില്‍ അപൂര്‍വ്വ കാഴ്ചയ്ക്ക് സാക്ഷിയായി വലിയ ജനസഞ്ചയം സുരക്ഷാ വേലിക്ക് പുറത്ത്. പൊടിപടലങ്ങള്‍ പടര്‍ന്നുപൊങ്ങിയപ്പോള്‍ തന്നെ കാത്തുനിന്ന അഗ്നിശമന യൂണിറ്റ് വെള്ളം തളിച്ചുതുടങ്ങി.

ആശങ്കകള്‍ മാറിനിന്ന രണ്ടാം ദിനത്തില്‍ മരടിലെ മൂന്നാമത്തെ ഫ്‌ളാറ്റും നിലംപതിച്ചു. ശനിയാഴ്ച ആദ്യ രണ്ടു ഫ്‌ളാറ്റുകള്‍ വിജയകരമായി പൊളിച്ചതിന്റെ ആത്മവിശ്വാസം കൈമുതലാക്കിയാണ് ജെയ്ന്‍സ് കോറല്‍കോവില്‍ സ്‌ഫോടനം നടത്തിയത്.  സാങ്കേതിക വിദ്യയും സമയവും കൃത്യതയോടെ ഒന്നിച്ചപ്പോള്‍ കൃത്യം 11.03 ജെയ്ന്‍സ് കോറല്‍കോവ് നിലംപതിച്ചു.

10.30നാണ് ആദ്യ സൈറണ്‍  മുഴങ്ങിയത്. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറണ്‍ മുഴങ്ങി. 11.01 ന്‌  മൂന്നാമത്തെ സൈറണും മുഴങ്ങിയതോടെ ജെയ്ന്‍സ് കോറല്‍കോവ് നിലംപതിച്ചു.

മൊത്തം 17 നിലകളില്‍ സ്ഥിതിചെയ്യുന്ന ജെയ്ന്‍സ് കോറല്‍ കോവിലുണ്ടായിരുന്നത് 122 അപ്പാര്‍ട്ട്മെന്റുകളാണ് 400 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ഫ്‌ളാറ്റ് പൊളിച്ചത്. ജെറ്റ് ഡിമോളിഷന്‍ കമ്പനിയ്ക്കായിരുന്നു ഫ്‌ളാറ്റ് പൊളിയ്ക്കുന്നതിന്റെ ചുമതല. 

ഞായറാഴ്ച ഉച്ചയ്ക്ക് 2മണിക്ക് ഗോള്‍ഡന്‍ കായലോരം കൂടി പൊളിയ്ക്കുന്നതോടെ മരട് ദൗത്യം പൂര്‍ണമാകും 

 

Content Highlight: Jains Coral Cove demolished