നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഫ്ലാറ്റുകൾ പൊളിക്കുന്നത്. ഇത് കേരളത്തിന് അത്ര പരിചിതമല്ല. എന്നാൽ വൻകെട്ടിടങ്ങൾ തകർക്കുന്നതിന് വിദേശരാജ്യങ്ങളിൽ ഈ മാതൃക പിന്തുടരുന്നുണ്ട്.

ബാങ്ക് ഓഫ് ലിസ്ബൺ

ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിലെ ബാങ്ക് കെട്ടിടം തകർക്കുന്ന വീഡിയോ അടുത്തിടെ സാമൂഹികമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചിരുന്നു. തീപിടിത്തത്തിൽ നശിച്ച ബാങ്ക് ഓഫ് ലിസ്ബൺ കെട്ടിടം നിയന്ത്രിത സ്ഫോടനത്തിലൂടെ നവംബറിലാണ് തകർത്തത്. 22 നില കെട്ടിടത്തിന് 108 മീറ്ററായിരുന്നു ഉയരം. അര മിനിറ്റിൽത്താഴെ സമയംകൊണ്ട് തകർത്തു. 894 കിലോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചു. സമീപവാസികളായ 2000 പേരെ ഒഴിപ്പിച്ചു.

കിങ്ഡം, സിയാറ്റിൽ

1976-ലാണ് അമേരിക്കയിലെ സിയാറ്റിലിലെ മൾട്ടിപർപ്പസ് സ്റ്റേഡിയമായ കിങ്ഡം നിർമിക്കുന്നത്. കിങ് കൗണ്ടി മൾട്ടിപർപ്പസ് ഡോമ്ഡ് സ്റ്റേഡിയമെന്നായിരുന്നു പേര്. പ്രശസ്തമായ ഒട്ടേറെച്ചടങ്ങുകൾക്ക് വേദിയായ സ്റ്റേഡിയം രണ്ടായിരത്തിൽ അടച്ചു. മേൽക്കൂരയിലെ ടൈലുകൾ അടർന്നുവീഴുന്നത് ഉൾപ്പെടെയുള്ള തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു. നിയന്ത്രിത സ്ഫോടനത്തിലൂടെ 2000 മാർച്ച് 26-ന് ഈ സ്റ്റേഡിയം തകർത്തു. അതുവരെ നടന്നതിൽ ഏറ്റവും വലിയ ഇംപ്ലോഷൻ എന്നായിരുന്നു വിശേഷണം. ഏഴുലക്ഷം ക്യൂബിക് അടിയോളം അവശിഷ്ടങ്ങൾ ശേഷിച്ചു.

ടെന്നസി കെ-25

ന്യൂയോർക്കിലെ മൻഹട്ടൺ പദ്ധതിയുടെ ഭാഗമായി 1943-ലാണ് കെ-25 കെട്ടിടം നിർമിച്ചത്. ആറ്റമിക് ബോംബുകൾക്കാവശ്യമായ യുറേനിയം ഉത്പാദിപ്പിക്കുന്നതിനുദ്ദേശിച്ചായിരുന്നുയിത്. നാലുനിലകളിലുള്ള ഈ കെട്ടിടം അക്കാലത്തെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഇത് പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് 2008 -ൽ തുടക്കമായി. 2013-ൽ പൂർത്തിയായി.

എയ്ഫ് ടവർ, ജർമനി

1972-ൽ നിർമിച്ചതാണിത്. ഉയരം 381 അടി. 2014-ലാണിത് തകർത്തത്. 50,000 ടൺ ഉണ്ടായിരുന്ന കെട്ടിടം നിലംപതിക്കുന്നതിന് സാക്ഷ്യംവഹിക്കാൻ 10,000 പേരാണ് എത്തിയത്. അവശിഷ്ടങ്ങൾ തെറിച്ചുവീഴുന്നത് ഒഴിവാക്കാൻ 20 അടി ഉയരത്തിൽ മതിൽതീർത്തിരുന്നു.

ജെ.എൽ. ഹഡ്‌സൺ കമ്പനി, ഡിട്രോയ്റ്റ്

1881-ൽ നിർമിച്ച ഈ ഡിപാർട്ട്മെന്റ് സ്റ്റോർ 1998-ലാണ് തകർത്തത്. 2.2 ദശലക്ഷം ചതുരശ്രയടിയിലായി 26 നിലകളാണുണ്ടായിരുന്നത്. ഉയരം 439 അടി. തകർക്കപ്പെട്ട കെട്ടിടങ്ങളിൽ ഏറ്റവും ഉയരമുള്ളതെന്ന സ്ഥാനം ജെ.എൽ. ഹഡ്‌സൺ കമ്പനിയുടെ പേരിലാണ്.

ബോ വാലി മെഡിക്കൽസെന്റർ, കാൽഗറി

കാനഡയിലെ കാൽഗറിയിലുള്ള ബോ വാലി മെഡിക്കൽസെന്റർ ഉയരത്തിന്റെ പേരിലല്ല ‘പൊളിക്കൽ’ ലിസ്റ്റിൽ ഇടംനേടുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് സെന്റർ നിലനിന്നിരുന്നത്. 20 കോൺക്രീറ്റ് കെട്ടിടങ്ങളാണ് ഒരേസമയം സ്‌ഫോടനത്തിലൂടെ നിലംപതിച്ചത്. കെട്ടിടം തകർക്കുന്നത് കാണാൻ അനിയന്ത്രിതമായ വിധത്തിലാണ് ജനങ്ങൾ എത്തിയത്. ഇതോടെ പൊളിക്കൽ 20 മിനിറ്റോളം വൈകി.

 

Content Highlights: Controlled building demolitions in other countries