പിഴവില്ലാത്ത ആസൂത്രണം. ചിട്ടയോടെയുള്ള തയ്യാറെടുപ്പുകള്‍. അപൂര്‍വ്വ കാഴ്ച കാണാന്‍ തിങ്ങിക്കൂടി ജനക്കൂട്ടം. ആശങ്കയുടെ നിമിഷങ്ങളിലൂടെ സമീപവാസികളും അധികാരികളും. പൊളിക്കല്‍ ടീംസിനൊപ്പം എല്ലാത്തിനും ചുക്കാന്‍ പിടിച്ച് കളക്ടറും സബ് കളക്ടറും. സഹായത്തിന് എക്‌സ്‌പ്ലോസീവ് വിഭാഗവും പൊളിക്കാന്‍ കരാര്‍ എടുത്ത വിദേശകമ്പനിയുടെ സംഘവും സ്വദേശികമ്പനിയുടെ സംഘവും.

നാടകീയതകളോ ട്വിസ്റ്റുകളോ ഇല്ലാതെ സമയത്തിലെ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഒഴിച്ചാല്‍ നിശ്ചയിച്ച മുഹൂര്‍ത്തങ്ങളില്‍ തന്നെ ആ നാല് 'വധശിക്ഷ'യും നടപ്പാക്കി. അംബരചുംബികളായ നാല് നിയമലംഘനങ്ങളുടെ കൊടിയടയാളങ്ങള്‍ അവശിഷ്ട കൂമ്പാരമായി അങ്ങനെ ഓര്‍മ്മയാകുന്നു.

ശനിയാഴ്ച രാവിലെ മുതല്‍ കേരളവും മലയാളികളും മാത്രമല്ല ഗൂഗിളും കൊച്ചിയുടെ കായലോരത്തെ ഈ കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു. ലോകവ്യാപാര കേന്ദ്രം തീവ്രവാദികള്‍ തകര്‍ത്ത കാഴ്ചയാണ് ഇതുപോലൊന്ന് ഇതിന് മുമ്പ് ശ്വാസമടക്കി പിടിച്ച് പലരും കണ്ടത്. വിദേശങ്ങളില്‍ നടന്ന പൊളിക്കലുകള്‍ യൂട്യൂബിലും ചില സിനിമകളിലൂടെ തിയേറ്ററിലും മൊബൈലിലും ഗ്രാഫിക്‌സായി കണ്ടതായിരുന്നു പലര്‍ക്കും ഓര്‍മ്മയിലുണ്ടായിരുന്നത്. വെടിക്കെട്ട് അപകടവും ദുരന്തമായി മാറിയ പൊട്ടിത്തെറികളും കണ്ട മലയാളികള്‍ക്ക് ഇംപ്ലോഷന്‍ (പുറത്തേക്ക് പൊട്ടിച്ചിതറുന്നതിന് പകരം അകത്തേക്ക് ഉള്‍വലിയുന്ന പൊട്ടിത്തെറി) ഇത് ആദ്യത്തെ അനുഭവമായി.

ശനിയാഴ്ച ആദ്യ ദൗത്യത്തില്‍ ഏതാനും മിനിറ്റുകള്‍ വൈകിയ സ്‌ഫോടനം. വൈകിയെങ്കിലും ഏറ്റവും കൃത്യതയോടെ നിശ്ചയിച്ച അതിര്‍ത്തിക്കുള്ളില്‍ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. നിലംപൊത്തി. രണ്ടാം ഊഴത്തിലായിരുന്നു ഏറ്റവും റിസ്‌കുള്ള ആല്‍ഫാ സെറീന്റെ രണ്ട് ടവറുകളുടെ തകര്‍ച്ച. മൂന്നു സൈറന് പകരം ഒറ്റ സൈറന്‍. പിന്നാലെ പൊടിപടലങ്ങള്‍ പാറിച്ചുകൊണ്ട് അതും നിലംപതിച്ചു. ഞായറാഴ്ച നിശ്ചയിച്ചുറപ്പിച്ച മുഹൂര്‍ത്തത്തില്‍ മൂന്നു മിനിറ്റ് മാത്രമാണ് ജെയിന്‍ കോറല്‍കോവിന് ആയുസ്സ് നീണ്ടത്. രാവിലെ 11.03ന് ഏറ്റവും വലിയ സമുച്ചയമായ കോറല്‍കോവും താഴേക്ക് പതിച്ചു. ഏറ്റവും ഒടുവിലായി ഗോള്‍ഡന്‍ കായലോരവും അരമണിക്കൂര്‍ വൈകി മണ്ണടിഞ്ഞു. മിനിറ്റുകള്‍ വൈകിയെങ്കിലും ജെറ്റ് ഡിമോളിഷന്റെ കൃത്യതയില്‍ അവസാന ഫ്‌ളാറ്റും 'ഫ്‌ളാറ്റായി'.

ആല്‍ഫയുടെ അവശിഷ്ടങ്ങള്‍ മാത്രം അല്‍പം കായലില്‍ വീണു. കായലിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്തിരുന്ന ജെയിന്‍സ് കോറല്‍കോവിന്റെ പൊളിക്കലായിരുന്നു ഏറ്റവും പെര്‍ഫക്ട്. കളക്ടര്‍ അടക്കം ആശങ്കപ്പെട്ടത് കോറല്‍കോവിന്റെ കാര്യത്തിലായിരുന്നു. പൊടിച്ചിറക്കിയാണ് അവശിഷ്ടങ്ങള്‍ കായലില്‍ വീഴാതെ ദൗത്യം പൂര്‍ത്തിയാക്കിയത്. അവശിഷ്ടങ്ങള്‍ നീക്കംചെയ്യാന്‍ കരാര്‍ എടുത്തവരുടെ ജോലികളും പൊടിനിറഞ്ഞ വീടുകളുടെ വൃത്തിയാക്കലും അടക്കം ജോലികള്‍ ബാക്കി.

 

തീരദേശ പരിപാലന നിയമത്തിന്റെ നഗ്‌നമായ ലംഘനം. മരട് നഗരസഭ മുതല്‍ ഉദ്യോഗസ്ഥവൃന്ദം അടക്കം പച്ചക്കൊടി കാട്ടി കെട്ടിപ്പൊക്കിയ നിയമലംഘനത്തിന്റെ അതിമോഹക്കൊട്ടാരമാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ കാര്‍ക്കശ്യത്തിന് മുന്നില്‍ രണ്ടുദിവസം കൊണ്ട് തകര്‍ന്നടിഞ്ഞത്. നിയമലംഘനം ചൂണ്ടിക്കാട്ടി ഒരു കര്‍ഷകന്‍ തുടങ്ങിയ പോരാട്ടം പലരിലൂടെ പല ഘട്ടം കടന്ന് ഹൈക്കോടതിയുടെ ഒബ്ജക്ഷന്‍ സുപ്രീംകോടതി തിരുത്തി, ഏറ്റവും ഒടുവില്‍ റിവ്യൂ ബെഞ്ചും കടന്നാണ് പൊളിക്കല്‍ എന്ന അനിവാര്യതയിലേക്ക് എത്തിയത്. നിയമലംഘനത്തിന് കുടപിടിച്ചവര്‍ ഒരു വശത്ത്, അറിഞ്ഞും അറിയാതെയും നിയമസാധുത പ്രതീക്ഷിച്ച് സ്വരുക്കൂട്ടിയ സമ്പത്ത് ചിലവിട്ട് ഫ്‌ളാറ്റ് വാങ്ങിവര്‍ മറുവശത്ത്. പ്രതിഷേധവും ആശങ്കയും നിറഞ്ഞ ദിവസങ്ങള്‍. എല്ലാത്തിനുമൊടുവില്‍ യഥാര്‍ഥത്തില്‍ ശിക്ഷിക്കപ്പെട്ടത് ഫ്‌ളാറ്റ് വാങ്ങി പെട്ടുപോയവരാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ആല്‍ഫയും ഹോളിഫെയ്ത്തും ജെയിന്‍സ് കോറല്‍കോവും രൂപകല്‍പനചെയ്ത അതേ എന്‍ജിനീയര്‍, എല്ലാം തകര്‍ന്നുവീഴുന്നതിന് ദൃക്‌സാക്ഷിയായി ഉണ്ടായിരുന്നു. നൂറിലധികം വര്‍ഷം ആയുസ്സ് കണക്കാക്കിയ ആള്‍ തന്നെ സൃഷ്ടിയും സംഹാരവും നേരില്‍കണ്ടു. ദൈവത്തിന്റെ സ്വന്തം നാട് നിയമലംഘനങ്ങളുടെ പറുദീസയായി മാറിയതാണ് ഈ വിധി അനിവാര്യമാക്കിയത്. മരടിലെ നാലെണ്ണത്തിന്റെ വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കം നടക്കുന്ന അതേ ഘട്ടത്തില്‍ത്തന്നെ കാപ്പിക്കോ റിസോര്‍ട്ടിന്റെ മരണവാറണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച് കഴിഞ്ഞിരിക്കുന്നു. 'ദയാഹര്‍ജിക്ക്'  സാധ്യത കുറവ്. അടുത്തത് കാപ്പികോ തന്നെ. ഇതിനിടെ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രത്യേക കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത് നിയമലംഘനങ്ങളിലൂടെ ഉയര്‍ന്നുപൊങ്ങിയ കെട്ടിടങ്ങളുടെ ഒരു നീണ്ട നിരയാണ്. അവയുടെ വിധി എന്താകുമോ എന്തോ...

Content Highlights: Four Maradu Flats demolished