കൊച്ചി: ആല്‍ഫ സെറീന്‍ തകര്‍ക്കുമ്പോള്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും വലിയ കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍, പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടത്തിന് വിള്ളല്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ട്. സമീപത്തെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം

പതിനാറ് നിലകള്‍ വീതമുള്ള രണ്ട് ടവറുകളാണ് ആല്‍ഫ സെറീന്‍ ഫ്‌ലാറ്റിനുള്ളത്. ആകെ 80 അപാര്‍ട്ട്‌മെന്റുകള്‍. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ആദ്യം പൊളിച്ചത് ആല്‍ഫ സെറീന്റെ ബി ബ്ലോക്കായിരുന്നു. 11.30ന് പൊളിക്കുമെന്നായിരുന്നു നിശ്ചയിച്ചതെങ്കിലും 14 മിനുട്ട് വൈകി 11.44നാണ് സ്‌ഫോടനം നടന്നത്. സെക്കന്റുകള്‍ക്കുള്ളില്‍ രണ്ടാമത്തെ ടവറും തകര്‍ത്തു. 

കായലിലേക്ക് അധികം അവശിഷ്ടങ്ങള്‍ വീഴ്ത്താതെയാവും സ്‌ഫോടനം നടത്തുകയെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും കുറച്ച് അവശിഷ്ടങ്ങള്‍ കായലിലേക്ക് പതിച്ചിട്ടുണ്ട്. എന്നാല്‍ വിഷപദാര്‍ഥങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഇത് വ്യാപകമാലിന്യ പ്രശ്‌നം ഉണ്ടാക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. 

343 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് ആല്‍ഫ സെറീന്‍ തകര്‍ക്കാന്‍ ഉപയോഗിച്ചത്. 21400 ടണ്‍ അവശിഷ്ടങ്ങള്‍ സ്‌ഫോടനത്തിന് ശേഷം ഉണ്ടായതായി കണക്കുകൂട്ടുന്നു. 

സ്‌ഫോടനത്തിന് ശേഷം വലിയ രീതിയിലുള്ള പൊടിപടലങ്ങളാണ് പ്രദേശത്തുള്ളത്. ഫയര്‍ എഞ്ചിന്റെ സഹായത്തോടെ പൊടി ഒഴിവാക്കാനുള്ള വെള്ളം തളിച്ചുതുടങ്ങി. 

പ്രദേശത്തേക്ക് ആളുകള്‍ക്ക് പ്രവേശനം നല്‍കിയിട്ടില്ല. വൈറ്റില- അരൂര്‍ മേഖലയില്‍ നിയന്ത്രിച്ചിരുന്ന ഗതാഗതം പുനസ്ഥാപിച്ചു.