കൊച്ചി: മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കല്‍ പൂര്‍ത്തിയായി. ഞായറാഴ്ച രാവിലെയോടെയാണ് സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയത്. എച്ച്ടുഒ ഫ്‌ളാറ്റിലെ ബ്ലാസ്റ്റിങ് പോയിന്റ് തീരുമാനിച്ചതായും ഇനി ജെയ്ന്‍ ഫ്‌ളാറ്റിലായിരിക്കും സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുകയെന്നും എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ അറിയിച്ചു. 

ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിലായിരിക്കും ഏറ്റവും അവസാനം സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുക. ജനുവരി 11, 12 തീയതികളിലാണ് മരടിലെ നാല് ഫ്‌ളാറ്റുകള്‍ സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത്. ഈ ദിവസങ്ങളില്‍ ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. 

സ്‌ഫോടന സ്ഥലത്തേക്ക് സുരക്ഷിതമായി പ്രവേശിക്കാമെന്ന് അഗ്‌നിശമന സേനയും മറ്റ് ഉന്നതോദ്യോഗസ്ഥരും അറിയിക്കുന്നതുവരെയാണ് നിരോധനാജ്ഞ.

11-ന് രാവിലെ 11-ന് ഹോളിഫെയ്ത്തും 11.30-ന് ആല്‍ഫ സെറീനുമാണ് തകര്‍ക്കുന്നത്. ഇതിന്റെ 200 മീറ്റര്‍ ചുറ്റളവിലുള്ളവരെ ഒമ്പതു മുതല്‍ ഒഴിപ്പിക്കും. ഈ സമയം മുതലാണ് നിരോധനാജ്ഞ. സ്‌ഫോടനം കഴിയുമ്പോള്‍ അഗ്‌നിശമന സേന വെള്ളം തളിച്ച് പൊടി നിയന്ത്രിക്കും. റോഡുകള്‍ ശുചിയാക്കുകയും ചെയ്യും. ഇവരുടെ നിര്‍ദേശം ലഭിക്കുന്നതോടെ നിരോധനാജ്ഞ പിന്‍വലിക്കും. ജെയിന്‍, കായലോരം എന്നിവ പൊളിക്കുന്ന 12-നും ഇതേ പ്രക്രിയ തുടരും. പത്താം തീയതി മോക് ഡ്രില്‍ നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Content Highlights: maradu flat demolition; explosives filled in holyfaith h2o flat