കൊച്ചി: അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. പൊളിക്കുന്നതിന് മുന്നോടിയായി ആല്‍ഫാ വെഞ്ചേഴ്‌സ് ഫ്‌ളാറ്റില്‍ തൊഴിലാളികള്‍ പൂജ നടത്തി.

ചെന്നൈ ആസ്ഥാനമായുള്ള വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ഫ്‌ളാറ്റ് പൊളിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളാണ് അവരുടെ ആചാര രീതിയനുസരിച്ചുള്ള പൂജകള്‍ നടത്തിയത്.

രണ്ട് ഫ്‌ളാറ്റുകളാണ് പൊളിക്കുന്നതിനായി ഇതുവരെ കൈമാറിയത്. മുംബൈ ആസ്ഥാനമായുള്ള എഡിഫൈ എഞ്ചിനീയേഴ്‌സ് എന്ന കമ്പനിക്കാണ് മറ്റു ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ചുമതല.

ഇതിനിടെ ഫ്‌ളാറ്റിന്റെ നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. സുപ്രീംകോടതി ഉത്തരവനുസരിച്ച് നാല് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടേണ്ടത്. ഫ്‌ളാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണം. 

ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുകണ്ടുകെട്ടി സര്‍ക്കാര്‍ ഈ പണം ഈടാക്കുകയും വേണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.

എന്നാല്‍ ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ ആര് കണ്ടുകെട്ടുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇതുസംബന്ധിച്ച് ഉത്തരവിറങ്ങുകയും ചെയ്തു.

Content Highlights: Maradu flat demolishing process start