കൊച്ചി: ഏറെ വിവാദമായ മരട് ഫ്‌ളാറ്റുകളുടെ പൊളിക്കല്‍ നടപടിയിലും അഴിമതി നടന്നതായി ആരോപണം. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കംചെയ്യുന്നതിന് പ്രോംട് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നതായാണ് മറ്റു കമ്പനികളുടെ ആരോപണം. ഇതിന്റെ ടെന്‍ഡറില്‍ പങ്കെടുത്ത മറ്റൊരു കമ്പനിയായ റയാന്‍ ട്രേഡേഴ്‌സിന്റെ ഇടനിലക്കാരന്‍ അബ്ദുള്‍ ഹക്കീമാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 

കണ്‍സീല്‍ഡ് ടെന്‍ഡര്‍ പൊട്ടിച്ചശേഷം തുക എഴുതിചേര്‍ത്തെന്നാണ് പ്രധാന ആരോപണം. മാത്രമല്ല, ടെന്‍ഡര്‍ പൊട്ടിക്കുന്നതിന്റെ തലേദിവസം തന്നെ കരാര്‍ പ്രോംട് കമ്പനിക്ക് ലഭിച്ചെന്നുള്ള വിവരം മുനിസിപ്പല്‍ എന്‍ജിനീയര്‍ വിളിച്ചറിയിച്ചതായും ഇവര്‍ ആരോപിക്കുന്നു. കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ ഉപകരാര്‍ ലഭിക്കുന്നതിന് എന്‍ജിനീയര്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയുണ്ട്. 

ആകെ നാല് കമ്പനികളാണ് മരടിലെ കെട്ടിട അവശിഷ്ടങ്ങള്‍ നീക്കംചെയ്യാനുള്ള കരാറിനായി ടെന്‍ഡര്‍ നല്‍കിയത്. ഇതില്‍നിന്ന് പതിനായിരം രൂപയുടെ മാത്രം വ്യത്യാസത്തിലാണ് പ്രോംട് കമ്പനിക്ക് കരാര്‍ നല്‍കിയത്. അതേസമയം, സംഭവത്തില്‍ പ്രോംട് കമ്പനിയുടെ വിശദീകരണം ലഭ്യമായിട്ടില്ല. 

Content Highlights: maradu flat; corruption allegation in maradu flat demolition process