കൊച്ചി: മരടിലെ ഫ്‌ളാറ്റ് നിര്‍മാണ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം മരട് പഞ്ചായത്ത് മുന്‍മെമ്പര്‍മാരിലേക്കും. 2006ല്‍ മരട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായിരുന്ന രണ്ടുപേരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. 

സി.പി.എം പ്രതിനിധികളായിരുന്ന ഭാസ്‌കരന്‍, രാജു എന്നിവരോടാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മരടിലെ ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നുവെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ആരോപണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. 

മരടിലെ ഫ്‌ളാറ്റുകള്‍ക്ക് നിര്‍മാണ അനുമതി നല്‍കണമെന്നല്ല പ്രമേയമല്ല പാസാക്കപ്പെട്ടിരുന്നത്. പകരം സി.ആര്‍.ഇസഡ് നിയമം പരിഗണിക്കാതെ നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കണം എന്ന നിര്‍ദേശമാണ്  മരട് പഞ്ചായത്ത് ഭരണസമിതി പാസാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി സ്വീകരിച്ചതെന്ന വിശദീകരണമായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്. 

മരട് പഞ്ചായത്തിന്റെ അന്നത്തെ ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ഇതിന്റെ ഭാഗമായാണ് രണ്ട് മുന്‍ പഞ്ചായത്ത് മെമ്പര്‍മാരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. 

content highlights: maradu flat case; two former panchayat members summoned for questioning