ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് വിവാദത്തില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നിഷേധിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് അനുമതി നിഷേധിച്ചത്. ഫ്‌ളാറ്റ് നിര്‍മാതാവിന്റെ മകളാണ് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടത്. 

കോടതിയലക്ഷ്യ നടപടി നിയമപ്രകാരം നടപടി എടുക്കണമെങ്കില്‍ അറ്റോര്‍ണി ജനറലിന്റെ പ്രാഥമിക അനുമതി ആവശ്യമാണ്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിനായി ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിന്റെ നിര്‍മാതാവിന്റെ മകള്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന് അപേക്ഷ നല്‍കിയിരുന്നു. 

ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സുപ്രധാനമായ വിവരങ്ങള്‍ സുപ്രീം കോടതിയില്‍നിന്ന് മറച്ചുവെച്ചു, കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നീ കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ മരട് ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിയമോപദേശം നല്‍കിയിട്ടുള്ളതിനാല്‍ കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് ഇത് കൈമാറുകയായിരുന്നു. 

തുടര്‍ന്ന് തുഷാര്‍ മേത്ത അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നിഷേധിച്ചത്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കോടതിയലക്ഷ്യം ചെയ്താല്‍ അതിന് മറ്റു നടപടികള്‍ സ്വീകരിക്കാമെന്നാണ് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ഉള്‍പ്പെടയുള്ളവര്‍ക്ക് ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടാന്‍ സാധിക്കില്ല.

Content Highlights: Maradu flat case- criminal contempt of court application rejected