കൊച്ചി: മരട് നഗരസഭ കാര്യാലയത്തില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നു. മരടിലെ ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കിയ രേഖകള്‍ കണ്ടെത്താനും ഫയലുകള്‍ പരിശോധിക്കാനുമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നഗരസഭ കാര്യാലയത്തിലെത്തിയത്. 

മരടിലെ മൂന്ന് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം നേരത്തെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതിനായി ക്രൈംബ്രാഞ്ചിലെയും ലോക്കല്‍ പോലീസിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘത്തെയും രൂപവത്കരിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജോസി ചെറിയാന്‍, സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജി ജോര്‍ജ് എന്നിവരുള്‍പ്പെടെയുള്ള ഏഴംഗ സംഘത്തില്‍ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍മാരെയും എസ്.എച്ച്.ഒ.മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

അതിനിടെ, പുതിയ താമസസ്ഥലം സംബന്ധിച്ച് ഉറപ്പ് ലഭിക്കാതെ ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞുപോകില്ലെന്ന് ഫ്‌ളാറ്റുടമകള്‍ അറിയിച്ചു. ജില്ലാ ഭരണകൂടം നല്‍കിയ പട്ടികയിലുള്ള താമസസ്ഥലങ്ങളില്‍ പലയിടത്തും ഒഴിവില്ലെന്നാണ് ഫ്‌ളാറ്റുടമകള്‍ പറയുന്നത്. ചില ഫ്‌ളാറ്റുകളില്‍ ഉയര്‍ന്ന വാടകയാണ് ചോദിക്കുന്നതെന്നും ചിലയിടത്ത് ഒഴിവില്ലെന്നും ഉടമകള്‍ പറയുന്നു. ഇക്കാര്യം അധികൃതരെ അറിയിക്കുമെന്നും താത്കാലിക താമസസ്ഥലത്തെ സംബന്ധിച്ച് മതിയായ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ ഫ്‌ളാറ്റുകള്‍ ഒഴിയുകയുള്ളൂവെന്നും ഉടമകള്‍ അറിയിച്ചു. 

Content Highlights: maradu flat case; crime branch team conducts inspection in maradu municipality office