കൊച്ചി: മരട് ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ മരട് പഞ്ചായത്ത് മുന്‍ ഭരണസമിതിയംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. 2005 ലെ ഭരണസമിതിയിലെ 22 അംഗങ്ങളേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി സിപിഎം അംഗങ്ങളായ മണ്ണാത്തറ ഭാസ്‌കരന്‍, പി കെ രാജു എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യുന്നത്. ഭരണസമിതി അന്ന് പാസാക്കിയ ഒരു പ്രമേയവുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്. 

മരട് പഞ്ചായത്ത് സിആര്‍എസ് 2 വിലാണ് വരുന്നതെന്നും തീരദേശ സംരക്ഷണനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടില്ല എന്നുമുള്ള പ്രമേയവുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പ്രമേയം പാസാക്കിയതില്‍ ക്രമക്കേടുണ്ടായിരുന്നു എന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് വിശദമായ പരിശോധന നടത്തിയത്. 

എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രമേയം അന്നത്തെ ഭരണസമിതി പാസാക്കിയിട്ടില്ലെന്നും മിനിറ്റ്‌സിലാണ് തിരുത്തല്‍ ഉണ്ടായിട്ടുള്ളതെന്നും മുന്‍ ഭരണസമിതിയംഗം പി കെ രാജു പ്രതികരിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നാണ് തിരുത്തല്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മിനിറ്റ്‌സ് തങ്ങള്‍ കണ്ടിട്ടില്ലെന്ന് ഇന്ന ചോദ്യം ചെയ്യലിന് ഹാജരായ രണ്ട് മുന്‍അംഗങ്ങളും മാധ്യമങ്ങളോട് പറഞ്ഞു. 

പ്രമേയത്തില്‍ ക്രമക്കേടുകള്‍ നടത്തിട്ടുള്ളതായി ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ കുറിച്ചുള്ള സംശയം പരിഹരിക്കാനാണ് അന്നത്തെ ഭരണസമിതിയിലെ എല്ലാ അംഗങ്ങളേയും ചോദ്യം ചെയ്യുന്നത്. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരുമാണ് ക്രമക്കേടിന് പിന്നിലെന്നും തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നും മുന്‍ ഭരണസമിതി അംഗങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. 

 

Content Highlights: Maradu Flat Case, Crime Branch investigates role of  Administrative Council