മരടിലെ ഫ്ലാറ്റുകൾ സ്ഫോടനത്തിലൂടെ തകർത്തപ്പോൾ | ഫോട്ടോ: മാതൃഭൂമി (ഫയൽ ചിത്രം)
ന്യൂഡല്‍ഹി: മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നഷ്ടപരിഹാര വിതരണത്തിനായി നിര്‍മ്മാതാക്കള്‍ നല്‍കേണ്ട 61.50 കോടി രൂപയില്‍ ഇതുവരെ നല്‍കിയത് അഞ്ച് കോടി രൂപയില്‍ താഴെ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ സമിതി. നഷ്ടപരിഹാരം നല്‍കാനായി വസ്തുക്കള്‍ വില്ക്കാന് അനുവദിക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളിയതായി സമിതി സുപ്രീം കോടതിയെ രേഖാമൂലം അറിയിച്ചു. വസ്തുക്കള്‍ വില്ക്കാന് അനുവദിക്കണമെന്ന ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ ആവശ്യം സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.
മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് പ്രാഥമിക നഷ്ടപരിഹാരമായി നാല് നിര്‍മ്മാതാക്കളും കൂടി നല്‍കേണ്ടത് 61.50 കോടി രൂപയാണ്. എന്നാല്‍, ആകെ ലഭിച്ചത് 4,89,86,000 രൂപ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ സമിതി സുപ്രീം കോടതിയെ അറിയിച്ചു. 9.25 കോടി നല്‍കേണ്ട ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയത് 2,89,86,000 രൂപയാണ്. പതിനഞ്ചര കോടി നല്‍കേണ്ട ജയിന് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ നല്‍കിയത് രണ്ട് കോടി രൂപ മാത്രമാണ്.
17.5 കോടി നല്‍കേണ്ട ആല്‍ഫ സെറീന്, 19.25 കോടി നല്‍കേണ്ട ഹോളി ഫെയ്ത്ത് എന്നിവ ഇതുവരെ ഒരു രൂപയും നല്‍കിയതായി സമിതി സുപ്രീം കോടതിയില്‍ എഴുതി നല്കിയ വാദത്തില്‍ രേഖപെടുത്തിയിട്ടില്ല. ലഭിച്ച തുകയില്‍ 1,20,30,000 രൂപ സമിതിയുടെ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് കൈമാറി. ബാക്കിയുള്ള 3.89 കോടി രൂപയില്‍ 3.75 കോടി രൂപ സ്ഥിരനിക്ഷേപമായി ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് സമിതി സുപ്രീം കോടതിയെ അറിയിച്ചു.
നഷ്ടപരിഹാരമായി ഇതുവരെ സര്‍ക്കാര്‍ നല്‍കിയത് 62 കോടി രൂപ
സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ 62 കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്യാനായി കൈമാറി. ഈ തുക 248 ഫ്ളാറ്റ് ഉടമകള്‍ക്കായി വിതരണംചെയ്തു. 25 ലക്ഷം രൂപവച്ചാണ് ഓരോ ഫ്ളാറ്റ് ഉടമയ്ക്കും നല്‍കിയത്. പ്രാഥമിക നഷ്ടപരിഹാരത്തിന് അപേക്ഷ നല്കിയവരില് ഒരാള്‍ മരിച്ചു. അദ്ദേഹത്തിന്റെ അവകാശികള്‍ ഇതുവരെയും നിയമപരമായ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ഫ്ളാറ്റ് നിര്‍മാതാക്കളുടെ ബന്ധുക്കളാണെന്ന് കണ്ടെത്തിയ ആറു ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും സമിതി സുപ്രീം കോടതിയെ അറിയിച്ചു.
തീറാധാരം ഇല്ലാത്ത 13 ഉടമകളുണ്ട്. എന്നാല്‍ ഫ്ളാറ്റ് വില്‍ക്കാനുള്ള കരാര്‍ പത്രം ഉണ്ട്. ഇവര്‍ക്ക് പുനരധിവാസത്തിനുള്ള നഷ്ടപരിഹാരം നല്‍കണമോ എന്ന കാര്യത്തില്‍ സുപ്രീം കോടതി തീരുമാനം എടുക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷകരില്‍ ഒരാള്‍ക്ക് അഞ്ച് ഫ്ളാറ്റുകള്‍ ഉള്ളതായി കണ്ടെത്തി. എട്ട് പേര്‍ക്ക് രണ്ട് ഫ്ളാറ്റുകള്‍ ഉണ്ട്. എന്നാല്‍, ഇവര്‍ക്ക് 25 ലക്ഷം രൂപ മാത്രമേ നല്കിയുള്ളു എന്ന് സമിതി കോടതിയെ അറിയിച്ചു. പുനരധിവാസത്തിനുവേണ്ടി മാത്രമാണ് നഷ്ടപരിഹാരമെന്നും അതിനാല്‍ കൂടുതല്‍ ഫ്ളാറ്റ് ഉള്ളവര്‍ക്ക് കൂടുതല്‍ തുക അനുവദിക്കാന്‍ കഴിയില്ലെന്നും സമിതി കോടതിയില്‍ വ്യക്തമാക്കി.
280 ഫ്ളാറ്റുകളില്‍ 228 ഫ്ളാറ്റുകളുടെ നഷ്ടപരിഹാര വിതരണത്തില്‍ തര്‍ക്കമില്ല. 58 ഫ്ളാറ്റുകളെ സംബന്ധിച്ചാണ് തര്‍ക്കമുള്ളത്. തര്‍ക്കമുള്ള കേസ്സുകളില്‍ ഫ്ളാറ്റ് ഉടമകള്‍ കൈമാറിയ രേഖകള്‍ സമിതി പരിശോധിച്ചു. ഭൂമി വില ഒഴിവാക്കിയാണ് നഷ്ടപരിഹാരം കണക്കാക്കിയതെന്നും സമിതി സുപ്രീം കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം നല്‍കാനായി വസ്തുക്കള്‍ വില്ക്കാന് അനുവദിക്കണമെന്ന നാല് ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെയും ആവശ്യം തള്ളിയതായും സമിതി സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ചാണ് ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ സമിതി നിലപാട് കോടതിയെ എഴുതി അറിയിച്ചിരിക്കുന്നത്.
ഫ്ളാറ്റ് ഉടമകള്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയത് 115 കോടി
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മരടില്‍ പൊളിച്ച നാല് ഫ്ളാറ്റുകളിലെ ഉടമകള്‍ നിര്‍മ്മാതാക്കള്‍ക്ക് കൈമാറിയത് ആകെ 1,15,03,83,169 രൂപയാണെന്ന് സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഭൂമി വില, രജിസ്ട്രേഷന് ചാര്‍ജ്, നിര്‍ബന്ധിതമായി കൊടുക്കേണ്ട മറ്റ് തുകകള്‍ എന്നിവയ്ക്ക് പുറമേയുള്ള തുകയാണിതെന്നും സമിതി സുപ്രീം കോടതിയെ അറിയിച്ചു.
നിര്‍മ്മാണത്തിനായി ഗോള്‍ഡന്‍ കായലോരത്തെ ഫ്ളാറ്റ് ഉടമകള്‍ നല്‍കിയത് 13,37,00,245 രൂപയാണ്. ജയിന് കോറലിലെ ഫ്ളാറ്റ് ഉടമകള്‍ നല്‍കിയത് 28,53,80,634 രൂപയും ആല്‍ഫാ സെറീനിലെ ഫ്ളാറ്റ് ഉടമകള്‍ നല്‍കിയത് 32,09,82,613 രൂപയും ഹോളി ഫെയിത്തിലെ ഉടമകള്‍ നല്‍കിയത് 41,03,19,677 രൂപയുമാണ്.
Content Highlights: Maradu flat builders paid less than Rs. 5 crore for compensation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..