കൊച്ചി:  സിറോ മലബാര്‍ സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ആറുമണിക്കൂറോളം നീണ്ടുനിന്നു. കൊച്ചിയിലെ ഓഫീസിലേക്ക് ആലഞ്ചേരിയെ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്തത്. ഉച്ചയ്ക്കു ശേഷം 3.10 ഓടെയാണ് അദ്ദേഹം ആദായനികുതി ഓഫീസിലെത്തിയത്.

ഔദ്യോഗികവാഹനത്തിനു പകരം സ്വകാര്യ വാഹനത്തിലാണ് ആലഞ്ചേരി ചോദ്യം ചെയ്യലിനെത്തിയത്. ഭൂമിയിടപാടിലെ ഇടനിലക്കാരുടെ വീട്ടില്‍ ഒരു മാസം മുമ്പ് അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആലഞ്ചേരിയെ ചോദ്യം ചെയ്യലിനായി അധികൃതര്‍ വിളിപ്പിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട രേഖകളിലെല്ലാം ഒപ്പു വച്ചിട്ടുള്ളത് ആലഞ്ചേരിയാണ്. 

9.15 ഓടെയാണ് അദ്ദേഹം പുറത്തെത്തിയത്. ഇടനിലക്കാരന്‍ സാജു വര്‍ഗീസിന് അടക്കം ഭൂമി ഇടപാടില്‍ കണക്കില്‍ പെടാത്ത പണം ലഭിച്ചിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഈ ഇടപാടുകളെ കുറിച്ച് ചോദ്യം ചെയ്യാനാണ് ആലഞ്ചേരിയെ ആദായനികുതി വകുപ്പ് അധികൃതര്‍ വിളിച്ചു വരുത്തിയത്.

content highlights: Mar George Alanchery questioned by income tax officials