ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് | Photo - Mathrubhumi archives
കാക്കനാട്: എറണാകുളം - അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ മാര്‍പാപ്പ നിയമിച്ചു. അതിരൂപതയ്ക്ക് വേണ്ടിയുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരി ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിന്റെ രാജി സ്വീകരിച്ചതിന് പിന്നാലെയാണിത്. നിയമനം സംബന്ധിച്ച പ്രഖ്യാപനം ശനിയാഴ്ച ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12-ന് വത്തിക്കാനിലും വൈകിട്ട് 3.30 ന് സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിലും എറണാകുളം - അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തും നടന്നു. തൃശ്ശൂര്‍ അതിരൂപതയുടെ മെത്രോപോലീത്തന്‍ ആര്‍ച്ചു ബിഷപ്പിന്റെ സ്ഥാനത്തു തുടര്‍ന്നുകൊണ്ടായിരിക്കും ആര്‍ച്ച് ബിഷപ്പ് പുതിയ ചുമതലയും നിര്‍വഹിക്കുന്നത്.
1951 ഡിസംബര്‍ 13-ന് ജനിച്ച ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് 1977 മാര്‍ച്ച് 14-നാണ് വൈദികനാകുന്നത്. സഭാ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം അതിരൂപതയും സഭാതലത്തിലും വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. 2004 മെയ് 1-ന് തൃശ്ശൂര്‍ അതിരൂപതയുടെ സഹായമെത്രാനായ അദ്ദേഹം 2007 മാര്‍ച്ച് 18-ന് അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു.
പെര്‍മെനന്റ് സിനഡ് അംഗം, പബ്ലിക് അഫയേഴ്സ് കമ്മീഷന് ചെയര്മാന്, വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍, കെസിബിസി ജാഗ്രതാ കമ്മീഷന് അംഗം, കെസിബിസി വിദ്യാഭ്യാസ കമ്മീഷന് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. എറണാകുളം- അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയം റോമിലേക്ക് വിളിപ്പിച്ച മെത്രാന്മാരില് മാര്‍ ആന്‍ഡ്രൂസ് താഴത്തും ഉള്‍പ്പെട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..