കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ പീര്‍ മുഹമ്മദ് (75) അന്തരിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരണത്തിന് കാരണം. മുന്‍പ് ഏറെനാളായി പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു. നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ സ്രഷ്ടാവായിരുന്ന പീര്‍ മുഹമ്മദ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

തെങ്കാശിയില്‍ ജനിച്ച പീർ മുഹമ്മദ് പിതാവിനൊപ്പം തലശ്ശേരിയിലേക്ക് വരികയായിരുന്നു. നാലാം വയസ്സുമുതല്‍ പാട്ടുകള്‍ പാടാന്‍ തുടങ്ങി. ഏഴാം വയസ്സില്‍ അദ്ദേഹത്തിന്റെ പാട്ട്  ആദ്യമായി റെക്കോഡ് ചെയ്തു. പീര്‍ മുഹമ്മദിന്റേതായി പതിനായിരത്തിലധികം പാട്ടുകള്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. നിരവധി മാപ്പിളപ്പാട്ട് ഗാനമേളകള്‍ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനായ വി.എം. കുട്ടിയുമൊത്ത് വേദി പങ്കിട്ട് നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 

പൂങ്കുയിലിനെ കണ്ഠനാളത്തില്‍ ഒളിപ്പിച്ച വ്യക്തിയെന്നാണ് വൈലോപ്പിള്ളി പീര്‍ മുഹമ്മദിനെ വിശേഷിപ്പിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ജനത ട്രൂപ്പില്‍ അംഗമായിരുന്ന പീര്‍ മുഹമ്മദ് പിന്നീട് തലശേരിയില്‍ സ്വന്തമായി ട്രൂപ്പ് ആരംഭിച്ചു. 

Content Highlights: mappilapattu singer peer mummad passes away