പാലക്കാട്:  പാലക്കാട്ട് അഗളി മേഖലയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടു.ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്‌നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മഞ്ചക്കണ്ടി ആദിവാസി ഊരിന് സമീപം ഭവാനിദളത്തില്‍ ഉള്‍പ്പെട്ട മാവോവാദികളുടെ ക്യാമ്പ് നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് തണ്ടര്‍ ബോള്‍ട്ട് സംഘം തിങ്കളാഴ്ച രാവിലെ തിരച്ചില്‍ നടത്തിയത്. 

തിരച്ചിലിനിടെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ട് തിരിച്ചടിക്കുകയായിരുന്നു. തണ്ടര്‍ ബോള്‍ട്ട് സംഘങ്ങളില്‍ ആര്‍ക്കും പരിക്കില്ല. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് സംഘങ്ങളായി പിരിഞ്ഞ് തണ്ടര്‍ ബോള്‍ട്ട് വനമേഖലയുടെ ഇരുഭാഗങ്ങളില്‍നിന്നുമായാണ് തിരച്ചില്‍ നടത്തിയത്‌

ഏറ്റുമുട്ടലിനു പിന്നാലെ മാവോവാദികള്‍ ചിതറിപ്പോയിരിക്കാം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ബോള്‍ട്ട് മേഖലയില്‍ വീണ്ടും തിരച്ചില്‍ നടത്തി. പോലീസ് ഉന്നതോദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി റവന്യൂ-പോലീസ് അധികൃതര്‍ സ്ഥലത്തെത്തി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കോ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കോ ആകും കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോവുക.

ഭവാനിദളം, നാടുകാണിദളം, കബനിദളം എന്നിങ്ങനെ മൂന്നുദളങ്ങളായാണ് മാവോയിസ്റ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. നാലാമതായി ശിരുവാണിദളം കൂടി രൂപവത്കരിക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍.

ഈയടുത്ത് തണ്ടര്‍ ബോള്‍ട്ടുമായി മാവോവാദികള്‍ നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇത്. കരുളായി, വയനാട് ലക്കിടി ഉപവന്‍ റിസോര്‍ട്ടിനു സമീപത്തുണ്ടായ ഏറ്റുമുട്ടല്‍ എന്നിവയാണ് ആദ്യത്തേത്. കരുളായിയില്‍ രണ്ട് മാവോവാദികളും വയനാട്ടില്‍ ഒരു മാവോവാദിയുമാണ് കൊല്ലപ്പെട്ടത്. 

content highlights: maoists shot dead in palakkad