പേരാവൂര്‍(കണ്ണൂര്‍): കോളയാട് ചെക്കേരി ആദിവാസി കോളനിയില്‍ മാവോവാദികളെത്തിയ സംഭവം പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ യു.എ.പി.എ.ചുമത്തി കേസെടുത്തു. മാവോവാദി നേതാവ് സുന്ദരിയും കണ്ടാലാറിയാവുന്ന മറ്റ് രണ്ടുപേര്‍ക്കെതിരെയുമാണ് പേരാവൂര്‍ പോലീസ് കെസെടുത്തത്.

കോളനിയിലെ ഒരു വീട്ടുടമയുടെ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍, കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയും സായുധരായ അഞ്ചംഗ മാവോവാദികളാണ് കോളനിയിലെത്തിയതെങ്കിലും മൂന്ന് പേര്‍ക്കെതിരെ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കോളനിയിലെത്തിയ മാവോവാദികള്‍ കന്നഡ ഭാഷയിലാണ് സംസാരിച്ചതെന്നും വീട്ടുകാരിലൊരാളോട് ടി.വിയില്‍ കന്നഡ ചാനല്‍ വെക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് വിവരം. മാത്രവുമല്ല, കോളനിയിലെ ഒരു വീട്ടില്‍ നിന്ന് ഭക്ഷണം പാകം ചെയ്യിപ്പിച്ച് കഴിച്ചാണ് ഇവര്‍ മടങ്ങിയത്.

എല്ലാവരുടെയും കയ്യില്‍ തോക്കുണ്ടെന്നും കോളനിവാസികള്‍ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘം മൂന്ന് മണിക്കൂറോളം കോളനിയില്‍ ചിലവിട്ടെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞാണ് പോലീസ് സംഭവമറിയുന്നത്. മൂന്ന് വീടുകളിലാണ് മാവോവാദികള്‍ കയറിയതെങ്കിലും രണ്ടു വീട്ടുകാര്‍ പരാതി നല്കാന്‍ തയ്യാറായിട്ടില്ല.

മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും കണ്ണവം വനത്തിലുള്‍പ്പെടെ തിരച്ചില്‍ നടത്താന്‍ തണ്ടര്‍ബോള്‍ട്ട് സേന ഇതുവരെയും എത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. പേരാവൂരിനു സമീപം കേളകം സ്റ്റേഷന്‍ പരിധിയില്‍ തണ്ടര്‍ ബോള്‍ട്ട് സേനയുണ്ടെങ്കിലും ചെക്കേരി കോളനിയോട് ചേര്‍ന്ന കണ്ണവം വനമേഖലയില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിട്ടും പോലീസ് കാര്യക്ഷമമായ തിരച്ചില്‍ നടത്താന്‍ തയ്യാറാവുന്നില്ല.

കോളനിയില്‍ മാവോവാദികളെത്തിയ വാര്‍ത്ത വ്യാഴാഴ്ച മാതൃഭൂമി ഡോട്ട്‌കോം നല്കിയിരുന്നു.

Content Highlights: Thunder bolt team not yet started search