കല്പറ്റ: വയനാട് പ്രസ് ക്ലബിലേക്ക് മാവോവാദികളുടെ പ്രതിഷേധക്കുറിപ്പ്. ഭരണകൂടഭീകരതക്കെതിരെ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് സി.പി.ഐ. മാവോയിസ്റ്റ് നാടുകാണി ഏരിയ വക്താവ് അജിതയുടെ പേരിലാണ് കുറിപ്പ് ലഭിച്ചത്. 

ജനകീയ മാവോവാദി വിപ്ലവകാരികളെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭരണകൂടനടപടിയെ അപലപിക്കുന്നു എന്നുപറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകനായ പിണറായി വിജയനെ തിരിച്ചറിയണമെന്നും കുറിപ്പില്‍ പറയുന്നു. മാവോവാദികളെ കൊലപ്പെടുത്തിയ നടപടിയിലൂടെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടുന്ന കപട കമ്യൂണിസ്റ്റുകള്‍ ഹിന്ദുത്വ ഫാസിസ്റ്റുകളായ നരേന്ദ്രമോദി അടക്കമുള്ളവരുടെ പാദസേവകരാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും കുറിപ്പില്‍ ആരോപിക്കുന്നു. 

ചൊവ്വാഴ്ച രാവിലെയാണ് മാവോവാദികളുടെ പ്രതിഷേധക്കുറിപ്പ് തപാല്‍ മാര്‍ഗം വയനാട് പ്രസ് ക്ലബിലെത്തിയത്. മേപ്പാടിയില്‍നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കരുളായി ഏറ്റുമുട്ടലിന് ശേഷം കൊല്ലപ്പെട്ട മാവോവാദി നേതാവ് അജിതയുടെ പേരിലാണ് സാധാരണ കുറിപ്പുകള്‍ പുറത്തിറക്കാറുള്ളത്. ഇത്തവണയും അജിതയുടെ പേരില്‍ തന്നെയാണ് കുറിപ്പ് ലഭിച്ചിരിക്കുന്നത്. 

Content Highlights: maoist letter to wayanad press club