കോഴിക്കോട്: നിലമ്പൂരിലെ കരുളായി വനത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ടതോടെയാണ് കേരളത്തിലെ മാവോവാദി വേട്ടയുടെ സമീപകാല ചരിത്രം ആരംഭിക്കുന്നത്. പിന്നീട് വയനാട് വൈത്തിരിക്കടുത്ത് ലക്കിടിയില്‍ സി.പി. ജലീല്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ് മരിച്ചു. ഇതില്‍ ഏറ്റവും ഒടുവിലെ സംഭവമാണ് പാലക്കാട് ഉള്‍വനത്തില്‍ മഞ്ചക്കട്ടി ഊരില്‍ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടത്. 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ സംഭവമാണ് പാലക്കാട്ടേത്. മൊത്തം ആറ് പേരാണ് ഈ സംഭവങ്ങളിലെല്ലാംകൂടി കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടയിലുണ്ടായ മരണങ്ങളെന്നാണ് ഇവയെക്കുറിച്ചുള്ള പോലീസ് ഭാഷ്യങ്ങളെങ്കിലും ഇവ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ആരോപിക്കുന്നത്.

മാവോവാദി ഏറ്റുമുട്ടലുകള്‍ തുടര്‍കഥയാവുമ്പോള്‍

ചെറു ഏറ്റുമുട്ടലുകളും മാവോവാദി അക്രമങ്ങളും വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ചിലയിടങ്ങളില്‍ പലപ്പോഴായി അരങ്ങേറിയെങ്കിലും കേരളത്തിലെ പൊതുസമൂഹം മാവോവാദി സാന്നിധ്യത്തെ അത്ര ഗൗരവമായി കണ്ടിരുന്നില്ല.

maoist
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പുസ്വാമി (ദേവരാജ്), കാവേരി (അജിത) എന്നിവരുടെ മൃതദേഹങ്ങള്‍.

2013 ഫെബ്രുവരിയിലാണ് നിലമ്പൂര്‍ വനമേഖലയില്‍ മാവോവാദികളുടെ സാന്നിധ്യം ആദ്യമായി കണ്ടത്. തുടര്‍ന്ന് പോത്തുകല്ലിലെ വിവിധ വനമേഖലകള്‍, വഴിക്കടവ് പഞ്ചായത്തിലെ മരുത, പുഞ്ചക്കൊല്ലി, കരുളായി വനമേഖലയിലെ മാഞ്ചീരി, അമരമ്പലം പഞ്ചായത്തിലെ വിവിധ മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം പലപ്പോഴായി മാവോവാദികളുടെ സാന്നിധ്യമുണ്ടായി.

2014 നവംബറില്‍ തിരുനെല്ലിയിലെ റിസോര്‍ട്ടില്‍ ചെറിയ അക്രമങ്ങള്‍ നടത്തുകയും ഓഫീസ് തകര്‍ക്കുകയും ചെയ്തിരുന്നു. വയനാട്ടിലെ തിരുനെല്ലിയിലെ റിസോര്‍ട്ടുകള്‍, കുഞ്ഞോത്തെ വനംവകുപ്പ് ഔട്ട് പോസ്റ്റ്, പാലക്കാട് സൈലന്റ് വാലി മുക്കാലി റേഞ്ച് ഓഫീസ്, പാലക്കാട് നഗരത്തിലെ കെ.എഫ്.സി. ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊക്കെ മാവോവാദി അക്രമങ്ങളുണ്ടായിരുന്നു.

2014 നവംബര്‍ 23ന് പാലക്കാട്ടും വയനാട്ടിലുമായി മൂന്നിടത്ത് അക്രമങ്ങളുണ്ടായിരുന്നു. 2014 ഡിസംബര്‍ ഏഴിന് വയനാട്ടിലെ തൊണ്ടര്‍നാട് ചപ്പകോളനിയില്‍ ഡിവൈ.എസ്.പി. അടക്കമുള്ള പോലീസ് സംഘവും മാവോവാദികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. സംഭവത്തിനുശേഷം മട്ടിലയത്ത് പോലീസുകാരന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ബൈക്ക് കത്തിച്ചു. സംഘത്തില്‍ നേതാവ് രൂപേഷ് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് രൂപേഷിന്റെ അറസ്റ്റോടെ കേരളത്തില്‍ മാവോവാദികളുടെ പ്രവര്‍ത്തനം ദുര്‍ബലമായതായായിരുന്നു വിലയിരുത്തല്‍.

പലപ്പോഴും രാഷ്ട്രീയനിലപാടുകള്‍ പ്രകടിപ്പിച്ച് മാവോയിസ്റ്റുകള്‍ രംഗത്തിറങ്ങാറുണ്ട്. മിക്കവാറും സര്‍ക്കാരിനെതിരായ ആരോപണങ്ങളും വെല്ലുവിളികളുമാണ് അവരുടെ ലഘുലേഖകളിലും പോസ്റ്ററുകളിലും ഉണ്ടാകാറുള്ളത്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ക്കെതിരേ മാവോവാദികള്‍ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് മുന്നോട്ടുവന്നിരുന്നു. തവിഞ്ഞാലില്‍ സി.പി.എം. നേതാവിനെതിരേ കുറിപ്പെഴുതിവെച്ച് സഹകരണ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലും പരസ്യപ്രതികരണവുമായി രംഗത്തുവന്നു. നിലമ്പൂര്‍ ഏറ്റുമുട്ടലിനുശേഷം സി.പി.എമ്മിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നവയായിരുന്നു പലപ്പോഴും മാവോവാദി ലഘുലേഖകള്‍.

മൂന്നുവര്‍ഷത്തിനിടെ 6 ഏറ്റുമുട്ടല്‍ മരണങ്ങള്‍

2016 നവംബര്‍ 24-നാണ് മലപ്പൂറം ജില്ലയിലെ കരുളായി വനത്തില്‍ പോലീസും മാവോവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ മരിക്കുന്നത്. തമിഴ്നാട് സ്വദേശികളായ സി.പി.ഐ. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പുദേവരാജും കാവേരി എന്ന അജിതയുമാണ് അന്ന് കൊല്ലപ്പെട്ടത്. വെടിയേറ്റ് ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായത്. 

wayanad
ലക്കിടിയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ റിസോര്‍ട്ട്, ജലീലിന്‍റെ മൃതദേഹം. ചിത്രം: പി.ജയേഷ്‌

കുപ്പു സ്വാമിയുടെ ശരീരത്തില്‍ ഏഴ് വെടിയുണ്ടകളും അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകളുമാണ് ഉണ്ടായിരുന്നത്. കുപ്പുസ്വാമിക്ക് പിന്നില്‍നിന്നാണ് കൂടുതല്‍ വെടിയേറ്റത്. എ.കെ.47, എസ്.എല്‍.ആര്‍. മോഡല്‍ യന്ത്രത്തോക്കുകളില്‍ ഉപയോഗിക്കുന്ന ചെറിയ വെടിയുണ്ടകളാണ് കണ്ടെടുത്തത്. 20-60 മീറ്റര്‍ ദൂരത്തില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്നാണ് ഫോറന്‍സിക്കിന്റെ നിഗമനം.

2019 മാര്‍ച്ച് ഏഴിനാണ് ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോവാദിയായ സി.പി. ജലീല്‍ കൊല്ലപ്പെട്ടത്. തണ്ടര്‍ബോള്‍ട്ടിനെ കണ്ടപ്പോള്‍ മാവോവാദികള്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നെന്നും തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് നടത്തിയ വെടിവെപ്പിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്നുമാണ് പോലീസ് പറയുന്നത്. പിറകില്‍നിന്ന് വെടിയേറ്റ് ഉണ്ട കണ്ണിനുസമീപം തുളച്ച് കടന്നുപോയ നിലയിലായിരുന്നു. കൈക്കും വെടിയേറ്റിരുന്നു. ഒട്ടേറെ വെടിയുണ്ടകള്‍ ശരീരം തുളച്ച നിലയിലായിരുന്നു. റിസോര്‍ട്ടിനുപുറത്ത് നിര്‍മിച്ച വാട്ടര്‍ഫൗണ്ടന് സമീപം കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. 

തിങ്കളാഴ്ചയാണ് പാലക്കാട് മടഞ്ചക്കട്ടി ഊരില്‍ തണ്ടര്‍ബോള്‍ട്ടിന്റെ തിരച്ചിലിനിടയില്‍ വെടിവെപ്പുണ്ടാകുകയും മൂന്നു മാവോവാദികള്‍ കൊല്ലപ്പെടുകയും ചെയ്തത്. 
ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പക്കല്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെക്കുകയും ചെയ്തു. നേരത്തെ പോലീസിന്റെ പട്ടികയില്‍ ഉണ്ടായിരുന്ന മാവോ വാദികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

ഏറ്റുമുട്ടലോ ഏറ്റുമുട്ടല്‍ കൊലപാതകമോ? 

കരുളായിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സമയത്തുതന്നെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് ഇവയെന്ന് വിവിധ കോണുകളില്‍നിന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ന് രംഗത്തുവന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. മാവോവാദികളെ ഉന്‍മൂലനം ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. 

കുപ്പുരാജിന്റെയും അജിതയുടെയും ശരീരത്തില്‍ നിരവധി വെടിയുണ്ടകള്‍ ഏറ്റിരുന്നു എന്നതും പിന്നില്‍നിന്ന് വെടിയേറ്റിരുന്നു എന്നതും ഈ സംശയം ബലപ്പെടുത്തുന്നതായിരുന്നു. ഏറ്റുമുട്ടലിനിടെ വെടിയേറ്റാണ് മാവോവാദികള്‍ മരിച്ചതെന്ന വാദം തള്ളി നിരവധി സംഘടനകളും വ്യക്തികളും രംഗത്തെത്തിയിരുന്നു. 

സി.പി ജലീലിന്റെ മരണത്തിലും പലരും സംശയം ഉന്നയിച്ചിരുന്നു. പോലീസ് മനഃപൂര്‍വം ഏറ്റുമുട്ടല്‍ നാടകം ഒരുക്കുകയായിരുന്നെന്ന് സാഹചര്യങ്ങളും തെളിവുകളും മുന്‍നിര്‍ത്തി ആരോപണം ഉയര്‍ന്നു. മാവോവാദികള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിര്‍ക്കുകയായിരുന്നെന്നും മാവോവാദികള്‍ എത്തിയ വിവരം തങ്ങള്‍ പോലീസിനെ അറിയിച്ചിട്ടില്ലായിരുന്നുവെന്നും റിസോര്‍ട്ട് ജീവനക്കാര്‍ വെളിപ്പെടുത്തിയിരുന്നു. മാവോവാദികള്‍  വെടിയുതിര്‍ത്ത് പ്രകോപന അന്തരീക്ഷം സൃഷ്ടിച്ചെന്ന പൊലീസ് വാദത്തെ തള്ളുന്നതായിരുന്നു റിസോര്‍ട്ട് അധികൃതരുടെ വെളിപ്പെടുത്തല്‍.

ജലീലിന് വെടിയേറ്റതും പിന്നില്‍ നിന്നായിരുന്നു. എ.കെ. 47 പോലുള്ള തോക്കുപയോഗിച്ചാണ് മാവോവാദികള്‍ പോലീസിനുനേരെ വെടിയുതിര്‍ത്തതെന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, കൊല്ലപ്പെട്ട ജലീലിന്റെ കൈയില്‍നിന്ന് നാടന്‍ തോക്കാണ് കണ്ടെടുത്തത്. ഇത് സംശയത്തിനിടയാക്കുന്നതായി മനുഷ്യാവകാശപ്രവര്‍ത്തകരും ആരോപിച്ചു.

ജലീലിന്റെ മൃതദേഹം റിസോര്‍ട്ടിന്റെ ഗേറ്റിനു സമീപമാണ് ഉണ്ടായിരുന്നത്. സംഭവം നടന്നത് മാര്‍ച്ച് ആറിന് രാത്രി 8.30-നും 8.50-നും ഇടയിലുള്ള സമയത്താണെന്നും ജലീല്‍ മരിച്ചതിനുശേഷം വെടിവെപ്പില്‍ കൊല്ലപ്പെട്ടു എന്ന് സ്ഥാപിക്കാനായി മൃതദേഹം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നുവെന്നു മനുഷ്യാവകാശ പ്രവര്‍ത്തകരായ പി.എ. പൗരന്‍, ഗ്രോവാസു എന്നിവര്‍ ആരോപിച്ചിരുന്നു. പുലരുംവരെ ഏറ്റുമുട്ടലുണ്ടായെന്ന് പോലീസ് പറയുമ്പോഴും പോലീസുകാര്‍ക്ക് പരിക്കില്ലാത്തതും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

നിലമ്പൂരില്‍ രണ്ട് മാവോവാദികളുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മനുഷ്യാവകാശ കമ്മിഷന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണവും അവ്യക്തവുമാണെന്നും മാവോവാദികളെ വെടിവെക്കേണ്ട സാഹചര്യം ഉണ്ടായിരുന്നോയെന്ന് റിപ്പോര്‍ട്ട് ബോധ്യപ്പെടുത്തുന്നില്ലെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിര്‍ണായകമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ലെന്നും കുറ്റവാളികള്‍ക്കുപോലും നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നല്‍കേണ്ടതാണെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു. ഏറ്റുമുട്ടല്‍ കൊലപാതകം എന്ന പോലീസിന്റെ നിലപാടിനെ സംശയമുനയില്‍ നിര്‍ത്തുന്നതായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ നിലപാടും. എന്നാല്‍ ഈ വിഷയങ്ങളില്‍ തുടര്‍നടപടികളുണ്ടായില്ല.

ഏറ്റവും ഒടുവില്‍ പാലക്കാട് വനത്തില്‍ മൂന്ന് പേര്‍ വെടിയേറ്റു മരിച്ച സംഭവത്തോടെ മാവോവാദി സാന്നിധ്യം കേരളത്തില്‍ ശക്തമാകുന്നു എന്ന ആശങ്ക ഒരുവശത്ത് ഉയരുമ്പോള്‍, മറുവശത്ത് ഈ മരണങ്ങള്‍ ഏറ്റുമുട്ടലുകളോ കൊലപാതകങ്ങളോ എന്ന ആശങ്കയും ശക്തമാകുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവേണ്ടത് പോലീസ് സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് അനിവാര്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Content Highlights: maoist encounters in kerala: 6 maoist killed in 3 years