തിരുവനന്തപുരം: തോട്ടിപ്പണി അന്തസുള്ള ജോലിയും വ്യവസായസംരംഭവുമാക്കി മാറ്റാനുള്ള സമഗ്രപദ്ധതിയുമായി ശുചിത്വമിഷന്‍. കക്കൂസ് മാലിന്യം കൈ കൊണ്ടുനീക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കി യന്ത്രവല്‍ക്കരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണിത്.

വിശദമായ സര്‍വേ നടത്തി തോട്ടിപ്പണി ചെയ്യുന്നവരുടെ ജീവിതസാഹചര്യം മനസിലാക്കിയാകും പ്രവര്‍ത്തനമെന്ന് മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ.വാസുകി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. നഗരകാര്യ വകുപ്പിന്റെ കൈവശമുള്ള കണക്കുകള്‍ ഉപയോഗപ്പെടുത്തി ആദ്യഘട്ട പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെയാണ് തോട്ടിപ്പണി സര്‍ക്കാറിന്റെ സജീവശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്റെ പ്രത്യേക താല്‍പര്യപ്രകാരം പത്ത് കോടി രൂപ ബജറ്റില്‍ മാറ്റി വച്ചു.

ഇക്കാര്യത്തില്‍ നടത്തിപ്പ് ഏജന്‍സിയായാണ് ശുചിത്വമിഷനെ നിയോഗിച്ചത്. ആരൊക്കെ, എവിടെയൊക്കെ ജോലി ചെയ്യുന്നു എന്നു കണ്ടെത്താനുള്ള പ്രാരംഭജോലിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട എന്‍.ജി.ഒകളുടെ സഹായം തേടിയിട്ടുണ്ടെന്നും ഡോ.വാസുകി പറഞ്ഞു.

മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധികളില്‍ തോട്ടിപ്പണി ചെയ്യുന്നവരെ കണ്ടെത്തി പുതിയ സാങ്കേതിക വിദ്യയില്‍ ഈ ജോലി ചെയ്യാനാകുന്ന അവസ്ഥയുണ്ടാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനായി യന്ത്രം നല്‍കുകയും അത് പഠിപ്പിക്കാന്‍ സംവിധാനമുണ്ടാക്കുകയും ചെയ്യും. പിന്നീട് മിഷന്‍ തന്നെ വിശദമായ സര്‍വേ നടത്തും.

എങ്ങനെ അന്തസായി ഈ ജോലി ചെയ്യാം എന്ന തരത്തിലേക്ക് മനോഭാവം മാറ്റാന്‍ ശ്രമിക്കും. സാമൂഹ്യവശം കൂടി ഉള്‍ക്കൊണ്ട് ഇതൊരു തുടര്‍പ്രവര്‍ത്തനമാക്കാനാണ് ലക്ഷ്യമിടുന്നത് -അവര്‍ പറഞ്ഞു.

കക്കൂസ് മാലിന്യസംസ്‌കരണം നല്ലൊരു വ്യവസായ മാതൃകയാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ട്. മാലിന്യ സംസ്‌കരണത്തിന് പ്ലാന്റുകള്‍ തുടങ്ങും. ഇക്കാര്യത്തില്‍ നാട്ടുകാരില്‍ നിന്ന് പ്രതിഷേധമുണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നത്.

ദുര്‍ഗന്ധമോ ആരോഗ്യപ്രശ്നമോ ഭയന്ന് സമരത്തിനിറങ്ങുന്നവര്‍ എറണാകുളം ബ്രഹ്മപുരത്തെ പ്ലാന്റ് നേരിട്ടുകണ്ട് കാര്യങ്ങള്‍ മനസിലാക്കണം. ഒരു ദുര്‍ഗന്ധവുമില്ലാത്ത സ്ഥലമാണത്. ഇതൊരു സംരംഭമാക്കി പ്രൊഫണഷല്‍ ഗ്രൂപ്പായി പ്രവര്‍ത്തിക്കാനാകും. 

സാങ്കേതികസഹായം നല്‍കി ബിസിനസ് മാതൃക സൃഷ്ടിക്കലാണ് മിഷന്‍ ചെയ്യുന്നതെങ്കിലും ഇക്കാര്യത്തില്‍ ഒരു സാമൂഹ്യവശം കൂടിയുണ്ട്. ജീവിതസാഹചര്യം മാറ്റാനായി സാമൂഹ്യക്ഷേമ വകുപ്പ് വഴി പദ്ധതികള്‍ നടപ്പാക്കുന്നത് ആലോചിക്കും.

ഈ ജോലി ചെയ്യുന്നവര്‍ക്ക് ഉണ്ടാകാനിടയുള്ള ഒരു അപകര്‍ഷതാബോധം മാറ്റാന്‍ ശ്രമിക്കും. നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി മനോഭാവം മാറ്റുന്നതുള്‍പ്പെടെ ദീര്‍ഘകാല പദ്ധതികളാണ് ആലോചിക്കേണ്ടത്. പതുക്കെ പതുക്കെ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഡോ.വാസുകി പറഞ്ഞു.