
കൊല്ലപ്പെട്ട മൻസൂർ(ഇടത്ത്) സിപിഎം ഓഫീസിന് നേരേ നടന്ന ആക്രമണം(വലത്ത്)
കണ്ണൂര്‍: പെരിങ്ങത്തൂര്‍ പുല്ലൂക്കരയില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് പാറാല്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടു പേര് കൂടി കസ്റ്റഡിയില്‍. ഇതോടെ അന്വേഷണ സംഘത്തിന്റെ പിടിയിലായവരുടെ എണ്ണം നാല് ആയി. ഇന്ന് കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
ഇന്നലെ രാത്രി ഒരാളെയും ഇന്ന് രാവിലെ രണ്ടുപേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും അടക്കമുള്ളവരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മന്‍സൂറിന്റെ ബന്ധുക്കളുടെ മൊഴിയെടുത്തു. സംഭവത്തിന് ദൃക്സാക്ഷികളായവരുടെയും പരിക്കേറ്റവരുടെയും മൊഴിയും എടുക്കുന്നുണ്ട്.
ഷിനോദ്, രതീഷ്, സംഗീത്,ശ്രീരാഗ്, സജീവന്, സുഹൈല്‍, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍, നസീര്‍ എന്നീ 11 പേരും തിരിച്ചറിയാത്തവരുമായ 14 പേരുമാണ് കേസില്‍ പ്രതികളായിട്ടുള്ളത്. പ്രതികളെല്ലാം സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ബോംബെറിഞ്ഞതെന്നാണ് എഫ്ഐആറിലുള്ളത്. രണ്ടാം പ്രതി രതീഷിനെ കഴിഞ്ഞ ദിവസം വൈകീട്ടോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ഇസ്മായിലിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവം നടന്ന സ്ഥലത്തിനടുത്തുനിന്ന് നാട്ടുകാര്‍ക്കു കിട്ടിയ മൊബൈല്‍ഫോണ്‍ പോലീസിനു കൈമാറിയിട്ടുണ്ട്. ഇത് വിശദ പരിശോധനയ്ക്കായി ഫൊറന്‍സിക് ലാബിലേക്ക് അയച്ചതായി സിറ്റി പോലീസ് കമ്മിഷണര്‍ ആര്. ഇളങ്കോ മാതൃഭൂമിയോടു പറഞ്ഞു. ഈ ഫോണ്‍ ഷിനോസിന്റെതാണെന്നാണ് സൂചന. ഫോണിലെ വാട്സാപ്പ് സന്ദേശങ്ങള്‍ നീക്കംചെയ്തതായി സംശയിക്കുന്നു. ഇത് കണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
Content Highlights: Mansoor murder case- Two more arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..