കണ്ണൂര്‍: പെരിങ്ങത്തൂര്‍ പുല്ലൂക്കരയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതി ശ്രീരാഗിന്റെ ഷര്‍ട്ട് കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കൊലപാതം നടന്നതിന് സമീപത്തുള്ള സ്ഥലത്ത് നിന്ന് ശ്രീരാഗിന്റെ ഷര്‍ട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം തിരിച്ചുപോയ ശ്രീരാഗിന് ഷര്‍ട്ട് ഉണ്ടായിരുന്നില്ലെന്ന് മൊഴിയുണ്ടായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്. 

ഇതിനിടെ കേസിന്റെ അന്വേഷണം ഏറ്റെടുത്ത പുതിയ അന്വേഷണ സംഘം മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ചു. ക്രൈബ്രാഞ്ച് ഐജി സ്പര്‍ജന്‍ കുമാറും ഡിവൈഎസ്പി വിക്രമനുമടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നത്തിയത്. മന്‍സൂറിന്റെ വീട്ടിലെത്തിയ സംഘം മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനുമായി കൂടിക്കാഴ്ച നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. 

കേസ് അന്വേഷണം ഏറ്റെടുത്ത പുതിയ അന്വേഷണ സംഘം അന്വേഷണ ഉദ്യോഗസ്ഥന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുവരെ ശേഖരിച്ച മൊഴികള്‍, തെളിവുകള്‍, ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ചു. ഇതുവരെ അന്വേഷണം നടത്തിയിരുന്ന കണ്ണൂര്‍ ക്രൈബ്രാഞ്ച് ഡിവൈഎസ്പി കെ.ഇസ്‌മൈലിന്റെ സംഘത്തില്‍ നിന്ന് രേഖകളും മറ്റും ഔദ്യോഗികമായി ഏറ്റെടുക്കുകയും ചെയ്തു.

Content Highlights: Mansoor murder case: Probe team changed, Investigation team found the shirt