തിരുവനന്തപുരം: പാനൂരില്‍ ലീഗ് പ്രവര്‍ത്തകരന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. പാനൂരില്‍ പ്രാദേശിക സംഘര്‍ഷമാണ് ഉണ്ടായിട്ടുള്ളതെന്നും ആസൂത്രിതമായി ആരെയെങ്കിലും ആക്രമിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും പിശക് സംഭവിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യും. ആരും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന നിലപാട് ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അക്രമങ്ങള്‍ വ്യാപിക്കുന്നതിനെ ന്യായീകരിക്കാന്‍ പാടില്ല. ഞങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോഴും കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.

ലീഗ് പ്രവര്‍ത്തകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പി.ജയരാജന്റെ മകന്‍ ഫേയസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തെയും എ. വിജയരാഘവന്‍ തള്ളി. അദ്ദേഹത്തിന്റെ മകന്‍ പാര്‍ട്ടി നേതാവല്ലല്ലോ. ഇതു സംബന്ധിച്ച് പി. ജയരാജന്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും വിജയരാഘവന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഭേദപ്പെട്ട വിജയം ഉണ്ടാകും. മികച്ച വിജയം നേടും എന്നാണ് കണക്കുകൂട്ടല്‍ എന്നും വിജയരാഘവന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Content Highlights: Mansoor murder- A Vijayaraghavan responds