മണ്ണാർക്കാട്: പടക്കം വായിലിരുന്ന് പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവത്തില്‍ അന്വേഷണം ശക്തമാകുന്നു. പ്രദേശത്തെ തോട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പടക്കത്തിന്റെയോ കൈതച്ചക്കയുടെയോ അവശിഷ്ടങ്ങളൊന്നും ഇതുവരെ തോട്ടങ്ങളില്‍നിന്നു ലഭിച്ചിട്ടില്ല. സമീപ തോട്ടങ്ങളിലെ ആളുകളെയും മറ്റും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 

പൊതുവെ പന്നികളെ ഓടിക്കാന്‍ പഴങ്ങളിലും മറ്റും പടക്കം നിറക്കുന്ന രീതി പാലക്കാടന്‍ മേഖലകളിലുണ്ട്. പക്ഷെ ഇത്തരത്തില്‍ ആനയുടെ വായ തകര്‍ന്ന് ചെരിയുന്ന സംഭവം ആദ്യമാണെന്ന് ഫോറസ്റ്റ് ഓഫീസര്‍ ആഷിഖ് അലി പറഞ്ഞു.

കപ്പക്കാടുകളിൽ പന്നികളെ ഓടിക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്. ഇപ്പോഴും തോട്ട മേഖലകളിലും പന്നിപ്പടക്കം കർഷകർ അനധികൃതമായി ഉപയോഗിക്കുന്നുണ്ട്.

മെയ് 25നാണ് ആനയെ വായതകർന്ന നിലയിലൽ കാണുന്നത് കാണുന്നതെന്ന് ഫോറസ്റ്റ് സർജൻ ഡോ. ഡേവിഡ് എബ്രഹാം പറയുന്നു. "ആനയെ കണ്ടെത്തുമ്പോൾ അതിന്റെ വായില്‍ പുഴുവരിച്ചുള്ള വ്രണമുണ്ടായിരുന്നു. ഒരാഴ്ച മുമ്പെങ്കിലും അപകടം സംഭവിച്ചിരിക്കണം. അങ്ങനെയാണെങ്കിലേ വ്രണം പുഴുവരിക്കുന്ന അവസ്ഥയിലെത്തൂ. അതിനെ കണ്ടെത്തിയ മേഖലയിൽ വെച്ചു തന്നെയാണോ അപകടം സംഭവിച്ചതെന്ന് തീർച്ചപ്പെടുത്താനാവില്ല. വേദന കാരണം ആന ഓടാനുള്ള സാധ്യതയുണ്ട്. പൊതുവെ ഒരു ദിവസം നൂറിലധികം കിലോ മീറ്ററുകൾ ആന സ‍ഞ്ചരിക്കാറുണ്ട്. രക്ഷപ്പെടില്ല എന്ന് ആദ്യമേ അറിയാമായിരുന്നു. കണ്ടെത്തുമ്പോൾ ഭക്ഷണം കഴിക്കാനാവാതെ എല്ലും തോലുമായ അവസ്ഥയായിരുന്നു. വയറില്‍ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ളത്തിൽ നിലകൊണ്ട ആന വീണ് ശ്വാസകോശത്തിൽ വെള്ളം കയറിയാണ് ചെരിയുന്നത്." ആനയെ പോസ്റ്റ്മോർട്ടം ചെയ്ത ഡോ. ഡേവിഡ് എബ്രഹാം പറയുന്നു.

content highlights: Mannarkkad wild elephant death after swallowing crackers stuffed pineapple