പുലിയുടെ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥർ പുറത്തേക്ക് കൊണ്ടു വന്നപ്പോൾ
മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ മേക്കളപ്പാറ കുന്തിപ്പാടത്തിനുസമീപം മുപ്പതേക്കറിൽവീട്ടിലെ കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു.
നാലുവയസ്സുള്ള ആൺപുലിയുടെ വലത്തേ മുൻകാൽ കൂടിന്റെ ഇരുമ്പുവലയുടെ കണ്ണികളിൽ കുടുങ്ങുകയായിരുന്നു. ആറുമണിക്കൂറോളം തൂങ്ങിക്കിടന്നശേഷമാണ് ചത്തത്. കുടുങ്ങിയ കാലിന്റെ രണ്ട് അസ്ഥികൾ പൊട്ടിയിരുന്നു. പുലി ചത്തത് ‘ക്യാപ്ചർ മയോപ്പതി’ കാരണമാണെന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്.
ഹൃദയാഘാതവും മറ്റ് ആന്തരികാവയവങ്ങളുടെ പ്രവർത്തനംനിലയ്ക്കലുമാണ് ഈ അവസ്ഥയിലുണ്ടാവുകയെന്ന് പോസ്റ്റുമോർട്ടം നടത്തിയ ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ അറിയിച്ചു.
നാടുണർന്നത് പുലിവാർത്ത കേട്ട്
ഞായറാഴ്ച പുലർച്ചെ ഒരുമണിക്കാണ് പൂവത്താനി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ പുലി അകപ്പെട്ടത്. കൂട്ടിൽ നൂറോളം കോഴികളുണ്ടായിരുന്നു. കോഴികളുടെ ശബ്ദവും നായയുടെ കുരയും കേട്ട് ഫിലിപ്പ് നോക്കാനെത്തി. ഇരുമ്പുവാതിൽ തുറന്ന് കൂടിനുള്ളിൽ കയറിയ ഫിലിപ്പിന്റെ നേർക്ക് പുലി ചാടി. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പുറത്തുകടന്ന ഫിലിപ്പ് ഉടൻ വാതിലടച്ചു. കാട്ടുപൂച്ചയാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് പുലിയാണെന്നു മനസ്സിലായത്. ഉടൻ വനംവകുപ്പിനെ അറിയിച്ചു. അവർ വൈകാതെ എത്തി.
ഇതിനിടെ, രക്ഷപ്പെടാനുള്ള ശ്രമത്തിൽ പുലിയുടെ വലത്തേ മുൻകാൽ ഇരുമ്പുവലയുടെ മുകളിൽ കുടുങ്ങി.
തുടർന്ന്, ഇവിടെനിന്നു താഴേക്ക് തൂങ്ങിക്കിടക്കുന്നനിലയിലായിരുന്നു പുലി. റോഡിൽ ആളുകളുടെയും വാഹനത്തിന്റെയും തിരക്കായതോടെ പുലിയുടെ കുതറലിനും മുരൾച്ചയ്ക്കും ശക്തികൂടി.
പുറത്തെ കാഴ്ചമറയ്ക്കാൻ ടാർപോളിൻ ഷീറ്റുകൊണ്ട് കൂടിന്റെ ഒരുഭാഗം മറച്ചു. രക്ഷപ്പെടാതിരിക്കാൻ വലയും സ്ഥാപിച്ചു.
പുലിയെ മയക്കുവെടിവെച്ച് പിടികൂടാനായി അടുത്ത ശ്രമം. ഡോ. അരുൺ സക്കറിയയെ ബന്ധപ്പെടുകയും വയനാട്ടിൽനിന്ന് അദ്ദേഹം ഒമ്പതുമണിക്കുള്ളിൽ എത്താമെന്ന് അറിയിക്കുകയുംചെയ്തു. ഈ സമയത്തൊക്കെ കൂട്ടിൽനിന്നു പുലിയുടെ മുരൾച്ച കേൾക്കാമായിരുന്നു.
പക്ഷേ, രാവിലെ ഏഴോടെ ശബ്ദമൊന്നും കേൾക്കാത്തതിനെത്തുടർന്ന് വനപാലകർ കൂടിന്റെ പിറകുവശത്തുകൂടി നോക്കിയപ്പോൾ പുലി അനക്കമറ്റനിലയിലായിരുന്നു. തുടർന്നുള്ള പരിശോധനയിൽ മരണം സ്ഥിരീകരിച്ചു.
കട്ടർ ഉപയോഗിച്ച് വലക്കണ്ണികൾ മുറിച്ച് പുലിയെ വേർപെടുത്തി. പിന്നീട് പോസ്റ്റുമോർട്ടത്തിന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജഡം പിന്നീട് സംസ്കരിച്ചു.
കൺമുന്നിൽ പുലി; ഞെട്ടലോടെ ഫിലിപ്പ്
മണ്ണാർക്കാട്: കോഴിക്കൂട്ടിൽ കയറിയത് കാട്ടുപൂച്ചയാണെന്നുകരുതിയാണ് ആദ്യം വാതിൽ തുറന്നതെന്ന് പുലി കുടുങ്ങിയ വീട്ടിലെ ഗൃഹനാഥൻ ഫിലിപ്പ്. പുലിയാണെന്നുമനസ്സിലായത് പിന്നീടായിരുന്നുവെന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഫിലിപ്പ് പറഞ്ഞു.
ഫിലിപ്പിനെക്കൂടാതെ ഭാര്യ സാലി, മകൾ ജിഷ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വീടിന്റെ വലതുഭാഗത്ത് 10 മീറ്റർ മാറിയാണ് കൂട്.
അടച്ചുറപ്പുള്ള കൂട്ടിൽ എങ്ങനെ കാട്ടുപൂച്ച കയറിയെന്ന് ചിന്തിച്ചാണ് ടോർച്ചുമായി ചെന്ന് കൂട് തുറന്നത്. ഉള്ളിലേക്ക് കാലെടുത്തുവെച്ചതേയുള്ളൂ. നേർക്ക് ഏതോ ജീവി കുതിച്ചുചാടിയത് മിന്നായംപോലെ കണ്ടു. വിസ്താരമേറിയ കൂടിനുള്ളിൽ പകുതിഭാഗം അലകുകൾ കെട്ടിയിരുന്നതിനാൽ പുലി അതിൽത്തട്ടി നിന്നു. ഭയന്നെങ്കിലും പെട്ടെന്നുതന്നെ പുറത്തുചാടി കൂടിന്റെ വാതിലടച്ചു. മുരൾച്ചയും കേൾക്കാമായിരുന്നു. ഇതോടെ പുലിയാണെന്ന സംശയമായി. അകത്തുപോയി ഭാര്യ സാലിയോട് സംശയം പ്രകടിപ്പിച്ചു.
കൂട്ടിലെ ലൈറ്റിട്ട് വാതിലിനടുത്തുപോയി നോക്കിയപ്പോഴാണ് പുലിയാണെന്ന് മനസ്സിലായത്. ഈ സമയം പുലി പുറത്തുകടക്കാനായി കൂടിന്റെ മറുഭാഗത്തെ ഇരുമ്പുവലയിൽ അള്ളിപ്പിടിച്ചുനിൽക്കുകയായിരുന്നു. ഉടൻ സുഹൃത്തും മേക്കളപ്പാറ സ്വദേശിയുമായ സോണി പി. ജോർജിനെ വിളിച്ചു. സോണിയാണ് സ്ഥലത്തെത്തി പുലിയാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹംതന്നെയാണ് വനംവകുപ്പിനെയും ദ്രുതകർമസേനയെയും അറിയിച്ചതും. ഇവർ രണ്ടുമണിയോടെ എത്തുകയും ചെയ്തു. വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാനും മേഖലയിലെ ആളുകളെ പുനരധിവസിപ്പിക്കാനുമുള്ള നടപടിയുണ്ടാകണമെന്ന് ഫിലിപ്പ് ആവശ്യപ്പെട്ടു.
.jpg?$p=a80322e&&q=0.8)
പുലിഭീതിയിൽ മണ്ണാർക്കാടിന്റെ മലയോരം
മണ്ണാർക്കാട്: മണ്ണാർക്കാടിന്റെ മലയോരം പുലിപ്പേടിയിലമർന്നിട്ട് കുറച്ചേറെ കാലമായി. സൈലന്റ് വാലി വനമേഖലയോടുചേർന്ന് സ്ഥിതിചെയ്യുന്ന ഗ്രാമങ്ങൾ പുലിപ്പേടിയിലാണ്.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിൽവരുന്ന കാരാപ്പാടം മുതൽ കണ്ടമംഗലം, കച്ചേരിപ്പറമ്പ്, തിരുവിഴാംകുന്ന് വരെയുള്ള പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
മണ്ണാർക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്റെ കീഴിൽ തത്തേങ്ങലത്ത് രണ്ടാഴ്ചമുമ്പ് തള്ളപ്പുലിയും കുട്ടികളുമിറങ്ങി. ഇപ്പോഴിതാ, പുലിഭീതിയുടെ ഒടുവിലത്തെ സംഭവമായി കുന്തിപ്പാടത്തെ പൂവത്താനി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലേക്ക് പുലിയെത്തി.

കാടിറങ്ങിയെത്തുന്ന പുലികളെ കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാനയും കാട്ടുപന്നിയും മയിലും മാനും കുരങ്ങുമൊക്കെ കൃഷി നശിപ്പിക്കുന്നതിനാൽ കൃഷിചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വയ്യാത്ത അവസ്ഥയിലാണ് മലയോരകർഷകർ. ഇതിനിടയിലാണ് ജീവനും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായി വന്യമൃഗശല്യം.
മേക്കളപ്പാറ, പൊതുവപ്പാടം, മൈലാംപാടം മേഖലയിൽ പലപ്പോഴായി പുലിയിറങ്ങിയിട്ടുണ്ട്. 2019-ലും 2021-ലുമായി മൈലാംപാടം മേഖലയിൽനിന്ന് രണ്ട് പുലികളെ വനംവകുപ്പ് കൂടുവെച്ച് പിടികൂടിയിരുന്നു. പുലിസാന്നിധ്യമുള്ള ഇടങ്ങളിൽ നിരീക്ഷണക്ക്യാമറവെച്ച് പരിശോധനനടത്തിയും വനംവകുപ്പ് കാര്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
കഴിഞ്ഞമാസം കണ്ടമംഗലം സെന്ററിൽ തോട്ടത്തിൽ പുലിയെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു.
തുടർന്ന് ഡി.എഫ്.ഒ.യ്ക്ക് നാട്ടുകാർ പരാതിയും നൽകി. പിന്നീട് സ്ഥലത്ത് ക്യാമറ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തിയെങ്കിലും പുലിസാന്നിധ്യം കണ്ടെത്തിയില്ല.
കണ്ടമംഗലത്തുനിന്ന് അരക്കിലോമീറ്ററേ ഞായറാഴ്ച പുലിയിറങ്ങിയ സ്ഥലത്തേക്കുള്ളൂ. മേക്കളപ്പാറ മേഖലയിൽ വന്യജീവി വളർത്തുനായ്ക്കളെ പിടികൂടുന്നുണ്ട്.
റബർകൃഷിയിൽ വലിയ ആദായം ലഭിക്കാതായപ്പോൾ തോട്ടങ്ങളിൽ ചെറിയതോതിൽ കോഴിഫാം സ്ഥാപിച്ച് കോഴിവളർത്തൽ നടത്തുന്നവർക്ക് പുലി പ്രതിസന്ധി തീർക്കുന്നുവെന്ന് ‘കിഫ’ ജില്ലാ വൈസ് പ്രസിഡന്റും മേക്കളപ്പാറ സ്വദേശിയുമായ സോണി പി. ജോർജ് പറയുന്നു.
ആനമൂളി കരിമൻകുന്നിൽ മാസങ്ങൾക്കുമുമ്പ് പുലിയിറങ്ങിയതായി സ്ഥിരീകരിച്ചിരുന്നു. ആടുകളെ ആക്രമിക്കുകയും ചെയ്തു.
Content Highlights: mannarkkad tiger in chicken coop died
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..