ചെന്നൈ: ശബരിമലയില്‍ യുവതികളെ എത്തിക്കാനുള്ള ശ്രമം തുടരുമെന്ന് മനിതി കോ ഓര്‍ഡിനേറ്റര്‍ സെല്‍വി. ഇതിനായി മുഖ്യമന്ത്രിയെ കാണും. മകരവിളക്ക് കാലത്തു തന്നെ ശബരിമല കയറണമെന്ന് നിര്‍ബന്ധമില്ല. മാവോവാദി ബന്ധം ആര്‍ക്കുമെതിരെയും ഉന്നയിക്കാമെന്നും അത്തരം ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും സെല്‍വി വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ മനിതി സംഘടനയുടെ നേതൃത്വത്തില്‍ നേരത്തെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് ഒന്‍പതുമണിക്കൂര്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മലകയറാതെ മടങ്ങിങ്ങേണ്ടിവന്നിരുന്നു.

കോ-ഓര്‍ഡിനേറ്റര്‍ സെല്‍വി (38) യുടെ നേതൃത്വത്തിലാണ് പതിനൊന്നംഗസംഘം എത്തിയത്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി നാട്ടുകാരും മറുനാട്ടുകാരുമായ ആയിരക്കണക്കിന് അയ്യപ്പന്‍മാര്‍ മലയിറങ്ങിവന്ന് സൃഷ്ടിച്ച പ്രതിഷേധത്തിരയില്‍ സംഘത്തിന് പിന്തിരിഞ്ഞോടേണ്ടിവന്നു. ഇതേസംഘടനയില്‍പ്പെട്ട മൂന്ന് യുവതികളെ പത്തനംതിട്ടയില്‍നിന്ന് പോലീസ് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.

ചെന്നൈ സ്വദേശികളായ മുത്തുലക്ഷ്മി (28), കര്‍പ്പകം (32), ശ്രീദേവി (40), കല (53), മധുര സ്വദേശി ഈശ്വരി (40) എന്നിവരാണ് ശബരിമല ദര്‍ശനത്തിന് ശ്രമിച്ചത്. മനീതി സംഘാംഗങ്ങളെ തടഞ്ഞതിന് പോലീസ് പത്തുപേരെ അറസ്റ്റു ചെയ്തിരുന്നു. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 

Content Highlights: manithi coordinator, selvi, sabarimala