റഫീക്ക്, ഷബറുള്ള ഖാൻ, സദ്ദാം ഹുസൈൻ
പുതുശ്ശേരി: ബഹളമുണ്ടാക്കി ഉദ്യോഗസ്ഥരുടെ ശ്രദ്ധമാറ്റിയശേഷം വേ ബ്രിഡ്ജ് സംവിധാനത്തിൽ മാറ്റംവരുത്തി തട്ടിപ്പുനടത്തിയ കേസിൽ മൂന്നുപേർ പിടിയിൽ. കോയമ്പത്തൂർ കുനിയമുത്തൂർ സ്വദേശികളായ റഫീക്ക് (36), ഷബറുള്ള ഖാൻ (36), പോത്തനൂർ സ്വദേശി സദ്ദാം ഹുസൈൻ (26) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റുചെയ്തത്. ഇലക്ട്രോണിക് ലോഡ് സെല്ലിൽ അധികവയറുകളോടുകൂടി ചിപ്പ് ഘടിപ്പിച്ചാണ് തട്ടിപ്പുനടത്തിയത്. ഇത്തരം മാറ്റംവരുത്തിയതടെ വേ ബ്രിഡ്ജിൽ തൂക്കം കുറച്ചുകാണിക്കുകയായിരുന്നു.
2022 ഡിസംബർ ഒന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കഞ്ചിക്കോട് ഐ.ടി.ഐ.യ്ക്ക് എതിർവശത്തുള്ള സ്വകാര്യ വേ ബ്രിഡ്ജിലാണ് കൃത്രിമം കാട്ടിയത്. കേന്ദ്രത്തിനുമുന്നിൽ വാഹനം നിർത്തി മൂവരും ബഹളമുണ്ടാക്കുകയായിരുന്നെന്ന് കസബ പോലീസ് പറഞ്ഞു. ബഹളംകേട്ട് കേന്ദ്രത്തിലെ ജീവനക്കാരൻ തിരക്കിയിറങ്ങി. ഈസമയം കൂട്ടത്തിലെ ഒരാൾ വേ ബ്രിഡ്ജിൽ മാറ്റംവരുത്തിയെന്നാണ് കരുതുന്നത്. കൃത്രിമംകാണിച്ചശേഷം, മൂവരും ലോഡുകയറ്റിയ ലോറി കൊണ്ടുവന്ന് കുറഞ്ഞ തൂക്കം രേഖപ്പെടുത്തി. പിന്നീട് ഇവ ലോഡിറക്കേണ്ട കേന്ദ്രത്തിൽ തൂക്കുമ്പോൾ കൃത്യമായ തൂക്കം കാണിക്കുകയും ഇതിനനുസൃതമായ തുക കച്ചവടക്കാരിൽനിന്നു വാങ്ങുകയും ചെയ്യുന്നതാണ് രീതിയെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ പത്തുവർഷമായി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ ഇത്തരം തട്ടിപ്പുനടത്തിയതായും പോലീസ് പറഞ്ഞു. പ്രാരംഭഘട്ടത്തിൽ യാതൊരു തെളിവും ഇല്ലാതിരുന്ന കേസിൽ സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് തുമ്പുണ്ടാക്കിയത്.
കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് അന്വേഷണോദ്യോഗസ്ഥൻ കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, പാലക്കാട് എ.എസ്.പി. എ. ഷാഹുൽഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കസബ പോലീസ് സബ് ഇൻസ്പെക്ടർമാരായ സി.കെ. രാജേഷ്, ഉദയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഉദയപ്രകാശ് എന്നിവരും അന്വേഷണത്തിൽ പങ്കാളികളായി.
Content Highlights: manipulation of way bridge three arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..