കൊച്ചി: പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട ശേഷം വര്‍ഗബഹുജന സംഘടനകളുടെ പദവിയില്‍ തുടരുന്നത് ശരിയല്ലെന്നതു കൊണ്ടാണ് സി.ഐ.ടി.യു. ഭാരവാഹിത്വത്തില്‍ നിന്ന് രാജിവെക്കുന്നതെന്ന് സി.പി.എം. നേതാവ് സി.കെ.മണിശങ്കള്‍. സെപ്തംബര്‍ 28ന് നടപടി വന്ന ശേഷം ഒരു പാര്‍ട്ടി പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും അച്ചടക്കമുള്ള പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

സി.ഐ.ടി.യു. എറണാകുളം ജില്ലാ സെക്രട്ടറി പദവി ഉള്‍പ്പെടെ എല്ലാ സംഘടനാ ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ മണിശങ്കര്‍ സി.ഐ.ടി.യു. സംസ്ഥാനാ സെക്രട്ടറിക്കും സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറിയ്ക്കും കത്തു നല്‍കിയിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്തെ മണ്ഡലങ്ങളിലെ തോല്‍വിയുടെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന മണിശങ്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ സി.പി.എം. സംസ്ഥാന നേതൃത്വം ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരേ പാര്‍ട്ടിയ്ക്കകത്തു നിന്നുതന്നെ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് മണിശങ്കറിന്റെ രാജി.

തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ജെ. ജേക്കബിന്റെ തോല്‍വിയുടെ പേരിലാണ് മണിശങ്കറിന് നടപടി നേരിടേണ്ടിവന്നത്. മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വന്ന പശ്ചാത്തലത്തില്‍ നേതാക്കള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

അതേസമയം, മണിശങ്കറിനെതിരായ നടപടി കടുത്തുപോയെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്നെ അഭിപ്രായമുണ്ട്. ആരോപണ വിധേയരായ നേതാക്കള്‍ക്കെതിരായ കുറ്റങ്ങളില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായിരുന്നെങ്കിലും ചെറിയ ആരോപണം നേരിട്ടവര്‍ക്കും ഒരേ ശിക്ഷ തന്നെയാണ് ലഭിച്ചതെന്ന് മണിശങ്കറിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് നിയോഗിച്ച സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് തോല്‍വിയുടെ പേരില്‍ ഒരു നടപടിയും നേരിടേണ്ടിവന്നിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

തൃക്കാക്കരയിലെ തോല്‍വിയ്ക്ക് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകത തന്നെയാണ് മണ്ഡലത്തിലെ ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും ഇപ്പോഴും കാരണമായി കരുതുന്നത്. കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള പി.ടി.തോമസിനെ പോലെ ശക്തനായ നേതാവ് മത്സരിക്കുന്ന മണ്ഡലത്തില്‍ അണികള്‍ക്ക് പോലും പരിചയമില്ലാത്ത സ്ഥാനാര്‍ഥിയെ കൊണ്ടുവന്നത് വിജയസാധ്യത ഗണ്യമായി കുറച്ചെന്നും മണ്ഡലത്തിലെ തന്നെ സമുദായ സമവാക്യങ്ങള്‍ക്ക് എതിരായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയമെന്നും അവര്‍ വാദിക്കുന്നു.